കോഴിക്കോട്: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. കുഞ്ഞിനെ തേടി അമ്മ അലയുന്നതറിഞ്ഞിട്ടും കേരളത്തിന് വെളിയിലേക്ക് കുഞ്ഞിനെ കടത്തിയതും കുടുംബ കോടതിയില്‍ കള്ളസത്യവാങ്മൂലം നല്‍കിയതും നിയമവിരുദ്ധമായ നടപടിയാണെന്നും ശിശുക്ഷേമ സമിതിക്ക് കളങ്കമാണ് ഷിജുഖാന്‍ എന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

അമ്മ ജീവിച്ചിരിക്കുന്നത് ആറിഞ്ഞിട്ടും കുട്ടിയെ വാങ്ങി, ആള്‍മാറാട്ടം നടത്തി അമ്മത്തൊട്ടിലില്‍ ഇട്ടത് കൊടുംപാതകവും നിയമ വിരുദ്ധവുമാണ്. കുഞ്ഞുങ്ങളുടെ രക്ഷ കാംക്ഷിക്കേണ്ട ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്വന്തം രാഷ്ട്രീയ താല്‍പ്പര്യത്തോടെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാതെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മുറിച്ചത് നീതിരാഹിത്യവും ക്രൂരതയുമാണ്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യപരമായാണ് ഭരണം നടത്തുന്നതെങ്കില്‍ അനുപമ സംഭവത്തില്‍ ഷിജുഖാന്‍ അടക്കമുള്ളവരെ തുറുങ്കിലടക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ഇവര്‍ക്കെതിരെ ബിജെപി നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.