തൃശ്ശൂര്‍: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടിയേറ്റ സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. 

പൊതുമുതല്‍ നശിപ്പിച്ചവര്‍ മന്ത്രിയായിരിക്കുന്നത് അപമാനമാണെന്നും മുഖ്യമന്ത്രി ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റടുത്ത് കേരളീയരോട് മാപ്പ് പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

പൊതുമുതല്‍ നശിപ്പിച്ച് നിയമസഭക്ക് കളങ്കം വരുത്തിവെച്ച സംഭവത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ഇടതുപക്ഷ സര്‍ക്കാരിനേറ്റ പ്രഹരമാണ്. കേസ് വിചാരണ നേരിടണമെന്ന് പറയുമ്പോള്‍ പ്രഥമദൃഷ്ട്യാ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് കാണുകയാണ്. പൊതുമുതല്‍ നശിപ്പിച്ചയാള്‍ വിദ്യാഭ്യാസ മന്ത്രിയാകുന്നതുതന്നെ നാണക്കേടാണ്. കൂനിന്മേല്‍ കുരിശ് പോലെയാണ് വിചാരണ നേരിടണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ്- ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

ശിവന്‍കുട്ടിക്ക് ഇനി ഒരു നിമിഷം മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല. ശിവന്‍കുട്ടിയെ താങ്ങാന്‍ മുഖ്യമന്ത്രി നിന്നാല്‍ മുഖ്യമന്ത്രി അധാര്‍മ്മികത ചെയ്യുന്നു എന്ന് പറയേണ്ടിവരും. കോടതിവിധി മാനിച്ച് കേരളത്തോട് മാപ്പ് പറഞ്ഞ് ശിവന്‍കുട്ടിയെ പുറത്താക്കുക മാത്രമാണ് നിയമസഭാ കയ്യാങ്കളി സംഭവത്തില്‍ മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: b gopalakrishnan on supreme court verdict on kerala assembly ruckus case