തിരുവനന്തപുരം: ഭാരതീയ സാഹിത്യത്തിനും വിദ്യാഭ്യാസ സാര്‍വത്രികരണത്തിനും ഊന്നല്‍ നല്‍കി, മാതൃഭാഷ പഠനത്തിലൂടെ വിപ്ലവകരമായ പരിഷ്‌കരണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ബജറ്റിന്റെ ആറ് ശതമാനം തുക വിദ്യാഭ്യാസ വിപുലീകരണ പദ്ധതികള്‍ക്കായി മാറ്റിവെക്കുന്നത് പോലും സ്വതന്ത്ര ഭാരത ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസ മേഖല നേരിട്ട ഏറ്റവും ഗുരുതരമായ പ്രശ്‌നം നയരാഹിത്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി ഭാരതീയതയില്‍ ഊന്നി നിന്നുകൊണ്ട് ആധുനികവല്‍ക്കരണം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. സംസ്‌കൃതത്തെ മത ഭാഷയായി കണ്ട് ചവുട്ടി താഴ്ത്താന്‍ ഇവര്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന് ആഗോള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ട പദ്ധതികള്‍ പുതിയ നയത്തില്‍ പറയുന്നുണ്ട്. ആഗോള യൂണിവേര്‍സിറ്റികളുടെ കടന്ന് വരവ് ഇതിന് ഏറെ പ്രയോജനമാകും.

മൂന്ന് വയസു മുതല്‍ അംഗന്‍വാടി പഠനം ആരംഭിക്കുകയും മാതൃഭാഷ നിര്‍ബന്ധമായി പഠിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ പുതിയ തലമുറയുടെ ആഗ്ലോ ഫീലിക് വൈറസ്സിനെ തടയാന്‍ കഴിയും. വിദ്യാഭ്യസ മേഖലയുടെ അടിസ്ഥാനപരമായ അലകും പിടിയും മാറ്റുന്ന പുതിയ ദേശീയ നയത്തെ നിഷേധാത്മകമാസമീപനം വെടിഞ്ഞ് കേരള സര്‍ക്കാര്‍ സ്വാഗതം ചെയ്താല്‍ കേരളത്തിന് ഏറെ പ്രയോജനകരമാണന്നുള്ളതില്‍ സംശയമില്ലെന്നും അദ്ദേബം പറഞ്ഞു.

Content Highlights: B. Gopalakrishnan on National Education Policy