തിരുവനന്തപുരം: പിണറായിയുടെ വാലാകാനാണ് പി. ജയരാജന്റെ ശ്രമമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശത്രുവില്‍ നിന്ന് രക്ഷപെടാന്‍ വാല് മുറിച്ചിടുന്ന ഗതികേടാണ് പി. ജയരാജന് വന്നിട്ടുള്ളതെന്നും വി.മുരളീധരനെ കുറ്റം പറയാനും അധിക്ഷേപിക്കാനും എന്ത് യോഗ്യതയാണ് ജയരാജനുള്ളതെന്നും ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ ചോദിച്ചു.

വി.മുരളീധരനെ തെറി പറഞ്ഞ് പിണറായിയുടെ പ്രീതി പിടിച്ച് പറ്റാനാണ് പി.ജയരാജന്‍ ശ്രമിക്കുന്നത്. കമ്മിയല്ല അന്തംകമ്മിയായി തീര്‍ന്ന ജയരാജനെ ഇനി പിണറായി ഗൗനിക്കുകയൊ പാര്‍ട്ടിയുടെ ചുക്കാന്‍ കൊടുക്കുകയൊ ചെയ്യില്ലന്ന് മനസ്സിലായതോടെ മാനസിക വിഭ്രാന്തിയിലായ ജയരാജന്‍ വായില്‍ തോന്നുന്നത് പറഞ്ഞ് പിണറായിയുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണ്. 

പിച്ചാത്തിയുടെ തിളക്കത്തില്‍ എതിരാളികളുടെ തലവെട്ടി പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിച്ച നേതാവല്ല മുരളീധരന്‍. മുരളീധരന്റെ പേരില്‍ ഒരു പെറ്റിക്കേസ്സു പോലും ഇല്ല. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടേയും ഗവണ്‍മെന്റിന്റേയും ഭാഗമാണ് മുരളീധരന്‍. മുരളീധരന്റെ മാന്യതയും യോഗ്യതയും അളക്കാന്‍ ജയരാജന്‍ വളര്‍ന്നിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights: b gopalakrishnan, p jayarajan