ബി. ഗോപാലകൃഷ്ണൻ, എം.വി. ഗോവിന്ദൻ | Photo: Mathrubhumi
തൃശ്ശൂര്‍: നടന്‍ സുരേഷ് സുരേഷ് ഗോപിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രകീര്‍ത്തിച്ചത് അദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനത്തിന് കിട്ടിയ അംഗീകാരമായി കാണുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന സുരേഷ് ഗോപിക്ക് സാമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരത്തില്‍ നിന്ന് ഉടലെടുത്ത വിഭ്രാന്തിയുടെ ജല്പപനമാണ്. സാമൂഹിക പ്രവര്‍ത്തനമാണ് രാഷ്ട്രീയം എന്നാണ് ബി.ജെ.പിയുടെ വിചാരധാരയെന്നും അദ്ദേഹം വ്യക്തമാക്കി.
'അതുകൊണ്ടാണ് അഴിമതി ഇല്ലാതെ ബി.ജെ.പിക്ക് ഭരിക്കാന്‍ കഴിയുന്നതും പാവപ്പെട്ടവര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും. സി.പി.എമ്മിന് രാഷ്ട്രീയം അടവ് നയത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും സമീപനമാണ്. സുരേഷ് ഗോപിയുടെ ജീവകാരണ്യപ്രവര്‍ത്തനങ്ങളിലെ നന്മയെ തിരിച്ചറിയുന്നത് പൊതുസമൂഹമാണ്. അവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം സാമൂഹികസേവനം ചെയ്യുന്നത്. 365 ദിവസവും സാമൂഹികസേവനം അനുഷ്ഠിക്കുവാന്‍ ഈശ്വരന്‍ അദ്ദേഹത്തിന് ആരോഗ്യം നല്‍കട്ടെ. 365 ദിവസം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയാലും സുരേഷ് ഗോപി ജയിക്കില്ലന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കോണ്‍ഗ്രസ്സിന് വോട്ട് വിറ്റ് സുരേഷ് ഗോപിയെ പരാജയപ്പെടുത്താനുള്ള ഒളി അജന്‍ഡയുടെ തുറന്ന് പറച്ചിലാണ്.'- ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
365 ദിവസം സാമൂഹികസേവനം നടത്തുന്ന ഒരാളെ ജയിപ്പിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് ജനങ്ങളാണ്. തോല്‍പ്പിക്കും എന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. കണ്ണൂരില്‍ കണ്ണുരുട്ടുന്നത് പോലെ തൃശ്ശൂരില്‍ വന്ന് കണ്ണുരുട്ടേണ്ട. ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നവരല്ല ശക്തന്റെ തട്ടകത്തിലെ തൃശ്ശൂര്‍ക്കാര്‍ എന്ന് മനസ്സിലാക്കിയാല്‍ നന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. തൃശ്ശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ടുപോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി.ജെ.പി.യുടെ നീക്കം കേരളത്തിലെ ഉത്ബുദ്ധരായ വോട്ടര്‍മാര്‍ക്ക് മനസ്സിലാകും. വോട്ടര്‍മാര്‍ അതിനെ കൈകാര്യം ചെയ്യും. മുന്‍പും ചെയ്തിട്ടുണ്ട്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്. ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: b gopalakrishan replies to mv govindan on remarks on suresh gopi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..