ബി. അശോക്| Image: Screengrab| Mathrubhumi news
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാന് സ്ഥാനത്തുനിന്ന് കൃഷി വകുപ്പ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് നന്ദിയറിയിച്ചും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ബി. അശോക്. വൈദ്യുതി ബോര്‍ഡില്‍ യൂണിയന് നേതാക്കളുമായുള്ള പോരിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിയത്. വൈദ്യുതി ബോര്‍ഡില്‍ താന്‍ പ്രവര്‍ത്തിച്ച ഒരു വര്‍ഷ കാലയളവിലെ നേട്ടങ്ങളും ഭാവിയിലേക്ക് വേണ്ടിയുള്ള നിര്‍ദേശങ്ങളും അടങ്ങുന്നതാണ് അശോകിന്റെ കുറിപ്പ്.
കെ.എസ്.ഇ.ബിയെ ലാഭകരമാക്കുന്നതിന് തടസ്സമാകുന്ന കാര്യങ്ങളെ 'യൂണിയന് അതിപ്രസരം' എന്നൊക്കെ പറഞ്ഞ് ലളിതവല്ക്കരിക്കാനില്ലെന്നും. അതൊക്കെ പത്രഭാഷയിലെ പ്രചാരം സിദ്ധിച്ച 'ക്ലീഷേ' മാത്രമാണെന്നും അദ്ദേഹം പറയുന്നു. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
കെ എസ് ഇ ബി എല്‍ ശക്തിയായി മുന്നോട്ട്...
ഇരുപത്തിയഞ്ചു വര്‍ഷം പൊതുഭരണത്തില്‍ ചെലവിട്ട്, അതില്‍ മൂന്ന് ധനവര്‍ഷം ഊര്‍ജ്ജ മേഖലയില്‍, കെ.എസ്.ഇ.ബി.യില്‍ സി.എം.ഡി., ഊര്‍ജ്ജ സെക്രട്ടറി (ഡയറക്ടര്‍) എന്നീ നിലകളില്‍ ചെലവിട്ട പരിചയത്തില്‍ ഒരു നന്ദിവാക്ക് പറയട്ടെ...
• കേരളത്തിന്റെ സുസ്ഥിര വികസനത്തില്‍, അടുത്ത 50 വര്‍ഷത്തെ ഏറ്റവും സുപ്രധാനമായ ഊര്‍ജ്ജ സുരക്ഷയ്ക്കും വികസനത്തിനും ചുമതലപ്പെട്ടവര്‍ എന്ന നിലയില്‍ ഈ കമ്പനിയുടെ വിജയവും ശ്രേയസ്സും ഉറപ്പാക്കുന്നതില്‍ കേരളത്തിന്റെയാകെ ശ്രദ്ധ വേണ്ടതാണ്.
• ജൂലൈ 2021-ല്‍ ടീം വര്ക്കാരംഭിക്കുമ്പോള് ഞാനീ ദൗത്യത്തിന് പേരിട്ടത് 'നവ കേരളത്തിന് നവീന കെ.എസ്.ഇ.ബി.എല്‍' എന്നാണ്. പലരും കരുതിപ്പോരുന്നതുപോലെ 1.33 കോടി ഉപഭോക്താക്കള്‍ക്ക് 26,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി കുറെ സ്വയം ഉല്പാദിപ്പിച്ചും ബാക്കി വാങ്ങിയും വില്‍ക്കുന്ന ഒരു ഇടത്തരം 'ഡിസ്കോമായി' ഒതുങ്ങേണ്ട കമ്പനിയല്ല കെ.എസ്.ഇ.ബി.എല്‍.
കമ്പനി ധനകാര്യ - മാനേജ്മെന്റ് തത്വങ്ങള്‍ മിതമായെങ്കിലും പാലിച്ച്, മാനേജ്മെന്റ് വളരെ പ്രൊഫഷണല്വല്കരിച്ച്, ചെലവു കുറച്ച്, സേവന ഗുണനിലവാരം കൂട്ടിയാല്‍ കെ.എസ്.ഇ.ബി.എല്‍-ന് 50,000 മില്ല്യണ്‍ യൂണിറ്റ് സംഭരിച്ച് വിറ്റ് 30,000-35,000 കോടി രൂപയുടെ വിറ്റുവരവും 5000 കോടി പ്രതിവര്‍ഷ ലാഭവും നേടാന്‍ നിശ്ചയമായും കഴിയും.
• 5% വാര്‍ഷിക വളര്‍ച്ചയുള്ള വൈദ്യുതി ഡിമാന്റ്, വ്യവസായവല്‍കൃത സംസ്ഥാനങ്ങളില്‍ വലിയ വൈദ്യുതി ആവശ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ വൈദ്യുതി മാര്‍ക്കറ്റുകള്‍, മദ്ധ്യകാല മാര്‍ക്കറ്റുകളിലും റിയല്‍ ടൈം മാര്‍ക്കറ്റിലും ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല്‍, കേരളത്തിന്റെ പശ്ചാത്തല സൌകര്യ വികസനത്തിനു തന്നെ ഒരു മുതല്‍ക്കൂട്ടാകാം.
• എന്നാല്‍, ദേശീയ ഡിമാന്റിന്റെ ഒരു ശതമാനം മാത്രമായ കേരളത്തിന്റെ ആഭ്യന്തര ഡിമാന്റ് പരിഹരിക്കുന്നതിലേക്കൊതുങ്ങി, കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെയും മത്സരക്ഷമമായ ഐ.ടി. സങ്കേതങ്ങളും ബിസിനസും വിപുലീകരിച്ച്, വ്യവസായങ്ങള്‍ക്കും വാണിജ്യ സംരംഭങ്ങള്‍ക്കും ചെലവു കുറഞ്ഞ വൈദ്യുതിയുടെ വിറ്റുവരവു കൂട്ടി മെച്ചപ്പെടുത്താതെയും പോകുന്നത് വലിയ അവസരത്തിന്റെ നഷ്ടപ്പെടുത്തലാണ്. ഒരര്‍ത്ഥത്തില്‍ ക്രോണിക് ഷോര്‍ട്ടേജ് - ഇംപോര്‍ട്ട് സബ്സ്റ്റിറ്റിയൂഷന് ഇക്കോണമിയുടെ ശീലങ്ങളാണ് കെ.എസ്.ഇ.ബി.യെ ഒരു ഇടത്തരം കമ്പനിയായി ഇനിയും നിലനിര്‍ത്തുന്നത്.
• സത്വരമായി വളരാനും കൂടുതല്‍ വൈദ്യുതി വില്‍ക്കാനും ശരാശരി യൂണിറ്റിന്റെ വിനിമയച്ചെലവ് പ്രതിവര്‍ഷം കുറയ്ക്കാനുമാണ് കമ്പനി സത്വരമായി ശ്രമിക്കേണ്ടത്.
• എന്താണ് ഇതിനു തടസ്സം എന്ന് ഇതു വായിക്കുന്നവര്‍ ചോദിക്കും. 'യൂണിയന് അതിപ്രസരം' എന്നൊക്കെ പറഞ്ഞ് ലളിതവല്ക്കരിക്കാന് ഞാനില്ല. അതൊക്കെ പത്രഭാഷയിലെ പ്രചാരം സിദ്ധിച്ച 'ക്ലീഷേ' മാത്രമാണ്; പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ്. എല്ലാം മാനവിക സ്ഥാപനങ്ങളാണ്. യൂണിയന് - അസോസിയേഷന് - മാനേജ്മെന്റുകള്‍ക്ക് ഒക്കെ തിരുത്തേണ്ട പലതുമുണ്ടാകും. അത് ഇക്കഴിഞ്ഞ മാസങ്ങളില്‍ നമ്മള് നേരില്‍ തന്നെ പലവട്ടം ഫലപ്രദമായി സംസാരിച്ചിട്ടുള്ളതാകയാല് ഇനിയത് ആവര്‍ത്തിക്കേണ്ടതില്ല.
• ജീവനക്കാര്‍ യൂണിയന്-അസോസിയേഷന് വ്യത്യാസമില്ലാതെ ശ്രമിക്കേണ്ട മൂന്നു കാര്യങ്ങള്‍ മാത്രം ചെയര്‍മാന്റെ പദവിയൊഴിയുന്ന വേളയില്‍ ആവര്‍ത്തിക്കുന്നു.
1. ഗുണമേന്മയുള്ള വൈദ്യുതി സേവനം ഏറ്റവും ചെലവു കുറച്ചും കമ്പനിയുടെ നിക്ഷേപത്തിനാനുപാതികമായിട്ടും നല്‍കിക്കൊണ്ട് പരമാവധി നഷ്ടം കുറച്ച്, കടം പരമാവധി കുറച്ച് പരിപാലിച്ചേ മുന്നോട്ടു പോകാവൂ. 16,000 കോടി രൂപ വാര്‍ഷികമായി ലഭിക്കുമാറ് ഉപഭോക്താക്കള്‍ ദ്വൈമാസം തോറും ബില്ലടയ്ക്കുന്ന കമ്പനിയ്ക്ക് എല്ലാ വര്‍ഷവും (2021-22 ഒഴികെ) 1200 കോടി രൂപ നഷ്ടവും 1000 കോടി കടവും വരുത്തി സുസ്ഥിരമായി മുന്നോട്ടു പോകാനുള്ള പരിസരമില്ല. ഒരു സ്വകാര്യ/പൊതു പവ്വര്‍ കമ്പനിയ്ക്കും ഇതു സാധിക്കില്ല. ഒരു ബിസിനസ്സ് സ്ഥാപനത്തിനും ഈ ശൈലിയില്‍ വിജയിക്കാനാവില്ല. മാനേജ്മെന്റിനോട് സഹകരിച്ചുകൊണ്ട്, മാനവവിഭവശേഷി റീസ്ട്രക്ച്ചറിംഗ് നടപ്പാക്കണം. സാങ്കേതിക വിദ്യ ഉപയോഗിച്ച് വേണ്ടതിലധികമുള്ള തസ്തികകള്‍ ക്രമേണ കുറയ്ക്കണം. ജീവനക്കാര്‍ക്കു കരിയര്‍ ദോഷമില്ലാതെ, ഓട്ടോമേഷന്റെയും ഐ.ടി. സാങ്കേതിക വിദ്യയുടെയും സാമ്പത്തിക നേട്ടം ഉപഭോക്താവിനു നമ്മള് കൈമാറണം. പ്രതി യൂണിറ്റിന് കുറഞ്ഞത് 1 - 1.50 രൂപ ഇപ്രകാരം 5 വര്‍ഷം കൊണ്ട് ചെലവും താരിഫും കുറയ്ക്കാം.
2. തുടര്‍ച്ചയായി നഷ്ടത്തില്‍ തുടര്‍ന്നാല്‍, കമ്പനി ഏറ്റെടുത്ത ജീവനക്കാരുടെ പെന്ഷന് ബാധ്യതകള്‍ നിറവേറ്റാന്‍ വരും വര്‍ഷങ്ങളില്‍ ശ്രമകരമാകും. പ്രതിമാസം നിലവിലെ 150 കോടി രൂപയില്‍ നിന്നും പ്രതിമാസം 1000 കോടി രൂപ വരെ ഒരു സമയം പെന്ഷന് ബാധ്യത ഉയരുന്ന ഘടനയാണ് 20,000 കോടി രൂപ വരുന്ന ബാധ്യതാ ഘടനയ്ക്കുള്ളത്. ഇത് വിതരണം ചെയ്യാനുള്ള മാസ്റ്റര്‍ ട്രസ്റ്റ് പ്രൊഫഷണല്‍ മാനേജ്മെന്റോടെ മുന്നോട്ടു കൊണ്ടുവരേണ്ടതുണ്ട്. മാസ്റ്റര്‍ ട്രസ്റ്റിന് ആവശ്യമായ ധനകാര്യ മുന്നൊരുക്കം ഉടന്‍ നടത്തിയില്ലെങ്കില്‍ 4-5 വര്‍ഷത്തിനകം വിരമിക്കുന്ന ജീവനക്കാര്‍ ദുരിതത്തിലാകും. കിട്ടേണ്ട പൊതു കുടിശ്ശിക ബഡ്ജറ്റില്‍ നിന്നും ക്രമീകരിച്ചു കിട്ടിയില്ലെങ്കില്‍ ഡ്യൂട്ടി തുക പുന:ക്രമീകരിച്ച് അതു നിറവേറ്റേണ്ടതുണ്ട്. തീരുമാനങ്ങളില്ലാതെ ഇതു നീട്ടിക്കൊണ്ടു പോയാല്‍ ഈ ഭാരം നിറവേറ്റാനാവാതെ കെ.എസ്.ആര്.ടി.സി.യെപ്പോലെ ഒറ്റയടിയ്ക്ക് ദുരിതമുണ്ടാക്കും. കമ്പനിയായി 10 വര്‍ഷത്തിനു ശേഷവും സാമ്പത്തിക - മാനവവിഭവശേഷി പുന:ക്രമീകരണം പൂര്‍ണ്ണമാകാത്തത് ഖേദകരമാണ്.
3. എന്റെയൊരനുഭവത്തില് ശരാശരി കെ.എസ്.ഇ.ബി. ജീവനക്കാരന് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സത്യസന്ധമായി സേവനം ചെയ്യാന്‍ തല്പരനാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിമുഖത വളരെ കുറച്ചു പേര്‍ക്കേയുള്ളൂ. 'തല്‍സ്ഥിതി സദാ തുടരും' എന്ന ഒരു പിശകായ ബോധ്യമുള്ള ചിലരുടെ സ്വാധീനത്തില്‍ ആഴ്ന്നു പോകുന്നവരാണ് നമ്മളില്‍ മിക്കവരും. അവര്‍ക്കായി തത്വചിന്തകന്‍ ജോണ്‍ ഷാറിന്റെ ഒരു ഉദ്ധരണി വിനയപൂര്‍വ്വം ചേര്‍ക്കുന്നു.
'ഭാവി ഇതിനകം നമ്മള് നിര്‍മ്മിച്ചിട്ടില്ലാത്ത ഒരിടമാണ്.
നമ്മള് ഒന്നിച്ച് അതിന്റെ നിര്‍മ്മിതിയിലാണ് എന്നതാണ് സത്യം.
നമുക്ക് ലഭ്യമായ പാതകളിലൂടെ സഞ്ചരിച്ചു കൊണ്ടു മാത്രമല്ല;
പുത്തന്‍ പാതകള്‍ വെട്ടിത്തെളിച്ചു കൊണ്ടേ ആ
നവ നിര്മ്മിതിയിലേക്കെത്താന് കഴിയൂ.'
ഇക്കഴിഞ്ഞ കാലത്ത് വിശിഷ്ടങ്ങളായ പല ദൗത്യങ്ങളും എന്നെ ഏല്പിക്കാനുള്ള വിശ്വാസം ബഹു. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പ്രധാന സ്വയംഭരണ സ്ഥാപനങ്ങളും കാട്ടിയിട്ടുണ്ട്.
• അഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് വലിയ ജനപങ്കാളിത്തത്തോടെ കുടിവെള്ളം എത്തിച്ച 'ജലനിധി', നാന്നൂറു കോടിയിലധികം രൂപ പശ്ചാത്തല സൌകര്യവും 30-ലധികം അക്കാദമിക് പരിപാടികളും അഞ്ചോളം ഉന്നത ദേശീയ വിദേശ അക്കാദമിക് സംവിധാനങ്ങളുമായി ഒരു പുതിയ സര്‍വ്വകലാശാല, ബുദ്ധിമുട്ടുള്ള സദാ മഞ്ഞണിഞ്ഞ ഹിമാലയത്തിലെ കൊടുമുടിയായ 'ഭരാസു (Bharasu) പാ'സ്സടക്കം പത്തു വര്‍ഷത്തിനു ശേഷം കയറിപ്പറ്റിയ ഐ.എ.എസ്. ട്രെയിനിംഗ് കോഴ്സിന്റെ ഡയറക്ടര്‍, കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ ഓഫീസിന്റെ ഭരണച്ചുമതല, ജലവിഭവവും ഊര്‍ജ്ജവും ആരോഗ്യവും അടക്കം പ്രധാന വകുപ്പുകളുടെ ചുമതല, പഠിച്ച വിദേശത്തെ പ്രധാന സര്‍വ്വകലാശാലകള്‍ ഇവിടെയൊക്കെയുള്ള കുറെ പരന്ന പരിചയം എന്നെ പഠിപ്പിച്ചത് നമ്മള് നമ്മുടെ കാലഘട്ടത്തിന്റെ സങ്കേതങ്ങളെയും ആശയങ്ങളെയും കണ്ണടച്ചു തിരസ്കരിക്കരുത് എന്നാണ്. തുറന്ന മനസ്സോടെ പരിഹാരത്തെ കാണണം എന്നാണ്. ചൈനീസ് ഹൈകു പറഞ്ഞതുപോലെ ''ഒരു നദിയിലേക്ക് ഒരാള്‍ക്കും രണ്ടു വട്ടം ഇറങ്ങാനാവില്ല''.
• സ്മാര്‍ട്ട് മീറ്ററുകളുടെ കാര്യം തന്നെയെടുക്കാം. അത് പൊതുമേഖലയ്ക്ക് എതിരാണ് എന്നു പ്രചരിപ്പിക്കുന്നത് പിശകാണ്. ഗ്രിഡില്‍ വൈദ്യുതി പ്രസരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നിടത്തൊക്കെ കൃത്യമായി അളന്നേ വൈദ്യുതി വ്യാപാരം മെച്ചപ്പെടുത്താനാകൂ. ഉപഭോക്താവിന് ശരാശരി 5-10% ഉപഭോഗം നിയന്ത്രിച്ചു ചെലവു കുറയ്ക്കാന്‍ കഴിയുന്ന സങ്കേതമാണ് ഇത്. നമ്മളതിനെ വേണ്ടതില്ല എന്നു കാണുകയും പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നത് നമ്മുടെ ഗ്രിഡിനെ കാലക്രമേണ പഴഞ്ചനാക്കും.
• വില്‍ക്കുന്ന വൈദ്യുതിയുടെ 70% സ്വകാര്യ കമ്പനികളില്‍ നിന്നും വാങ്ങുന്ന നമ്മള്, ഉപയോഗിക്കുന്ന മീറ്ററും സോഫ്റ്റ് വെയറും സ്വയം നിര്‍മ്മിക്കണം എന്നു പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. 700 കോടി മുതല്‍മുടക്കിയ ഐ.ടി. സങ്കേതങ്ങള്‍ കെ.എസ്.ഇ.ബി.യുടെ ഓവര്‍ലോഡ് ചെലവ് കുറച്ചോ കൂട്ടിയോ? നമ്മള് സത്യസന്ധമായി പരിശോധിക്കണം. യൂറോപ്പില്‍ ശരാശരി വിതരണ കമ്പനികള്‍ ഐ.ടി. നിര്‍മ്മിത കൃത്രിമ ബുദ്ധിസങ്കേതം ഉപയോഗിച്ച് 30-40% വിതരണച്ചെലവു കുറച്ചു. നമുക്ക് ഐ.ടി.യിലും മാനവ വിഭവ ശേഷിയിലും നിക്ഷേപം നടന്നെങ്കിലും വിതരണച്ചെലവ് കൂടിയതേയുള്ളൂ. ഇത് ഉപഭോക്താവിനു ബാധ്യതയാവരുത്.
• ഒരേ അളവ് വൈദ്യുതിയ്ക്ക് ഇതിനെല്ലാം ശരാശരി ഉപഭോക്താവ് കൂടുതല്‍ പണം നല്‍കേണ്ടി വന്നു. മാറ്റങ്ങള്‍ക്കുനേരെ പുറം തിരിഞ്ഞു നില്‍ക്കാതെ സക്രിയമായി; സ്വന്തം താല്പര്യത്തിന്റെ അതിരിനുമപ്പുറം പശ്ചാത്തലവും നമ്മള് ഒന്നിച്ചു നിര്‍മ്മിക്കേണ്ട ഭാവിയെയും നമ്മള് കാണണം. നമ്മുടെ സങ്കുചിതത്വം എല്ലാവരെയും ബാധിക്കുന്ന സ്ഥിതി വരരുത്.
• കെ.എസ്.ഇ.ബി. നിലവില്‍ ശരാശരിക്കുമീതേ പ്രകടനമുള്ള, ദേശീയ മികവിന് എല്ലാ സാധ്യതയുമുള്ള ഒരു പൊതുമേഖലാ കമ്പനിയാണ്. അതിന്റെ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്ക്കും നല്ല കര്മ്മശേഷിയുണ്ട്. ആത്മാര്‍ത്ഥതയും, കമ്പനിയോടും ജനങ്ങളോടും പ്രതിബദ്ധതയും ദേശസ്നേഹവുമുണ്ട്. എന്നാലാ മികവ് സാധ്യത പ്രയോജനപ്പെടുത്തി, ഇന്ത്യയിലെ മികവുറ്റ കമ്പനിയാവുക, കേരളം കെ.എസ്.ഇ.ബി.യാല്‍ ഇന്ത്യയാകെ അറിയപ്പെടുക എന്ന ലക്ഷ്യം വളരെയങ്ങ് വിദൂരമായ ഭാവിയിലാക്കാന് പാടില്ല.
• കഴിഞ്ഞ ഒരു വര്‍ഷം, കെ.എസ്.ഇ.ബി.എല്‍ എനിയ്ക്ക് വ്യക്തിഗതമായി വലിയ കരുത്താണ് പകര്‍ന്നതെന്നാണ് വിശ്വാസം. തുടര്‍ന്നു വരുന്ന സി.എം.ഡി. ശ്രീ. രാജന് ഖോബ്രഗഡെ ഞാന്‍ ബഹുമാനിക്കുന്ന മികച്ച ഉദ്യോഗസ്ഥ സുഹൃത്താണ്. അദ്ദേഹത്തിന് എനിക്കു ലഭിച്ചതിലധികം പിന്തുണ നല്‍കണം. ഇക്കഴിഞ്ഞ ദിവസം സ്നേഹത്തോടെ വിളിച്ച ഉപഭോക്താവില്‍ ഒരാള്‍ ഒട്ടൊക്കെ വാത്സല്യത്തോടെ പറഞ്ഞത് എന്നും ഓര്‍ക്കും. ''എന്തിന് നാലഞ്ചു കൊല്ലം നമ്മള് ഒരിടത്തിരിക്കണം? ഇരുന്ന ഒരു വര്‍ഷം സാമാന്യം നല്ല ഒരു ടീമുണ്ടാക്കി; കമ്പനി നേടിയ മുന്നോട്ടു പോക്ക്. അതു പോരേ?'' പിന്നെ കമ്പനിയുടെ മാനേജ്മെന്റാണ് എല്ലാവരേയും കേട്ടും സംവദിച്ചും വഞ്ചി മുന്നോട്ടെടുക്കേണ്ടത്. ഇതിനുള്ളിലെ ഇന്‍ഫോര്‍മല്‍ പവ്വര്‍ സ്ട്രക്ച്ചറല്ല;. അത് വ്യക്തമായി. വലിയ പാഠമാണത്.''
ആ നിരീക്ഷണം വിനയത്തോടെ സ്വീകരിക്കുന്നു.
• കേവലം വാണിജ്യം മാത്രമല്ല കെ.എസ്.ഇ.ബി. 2021-22-ല്‍ ചെയ്തത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാര്‍ക്ക് 2 വര്‍ഷത്തെ ചൈല്‍ഡ് കെയര്‍ ചട്ടത്തില്‍ ആനുകൂല്യങ്ങള്‍ നല്കി; വൈദ്യുതാഘാതത്താല്‍ കൈ നഷ്ടപ്പെട്ട പെയിന്ററുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്തു; വിദേശത്ത് തൊഴില്‍ നേടി നഷ്ടപ്പെട്ട് ദുരിതത്തില്വീണ മുന്‍ എഞ്ചിനീയര്‍ക്ക് ഒട്ടൊക്കെ അസാധ്യമായ പുനര്‍നിയമനം നല്കി; ഇന്നലെ ഒടുവില്‍, അജ്ഞത കൊണ്ട് സമയത്ത് അപ്പീല്‍ നല്‍കാതിരുന്ന ആദിവാസി വര്‍ക്കറെ അഞ്ചു വര്‍ഷത്തിനു ശേഷം തിരിച്ചെടുത്തു. പട്ടികജാതി-പട്ടികവര്‍ഗ്ഗ ജീവനക്കാരുടെ ക്ഷേമത്തിനുള്ള ലെയ്സണ്‍ ഓഫീസര്‍ക്ക് പ്രത്യേക ഓഫീസുമായി. വൈദ്യുതി ഭവനില്‍ ചെറിയ കുട്ടികളുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പരിചിതമായിത്തുടങ്ങി. ഓഫീസ് ആധുനീകരണവും എമര്‍ജന്‍സി കണ്ട്രോള് റൂമും നടക്കുന്നു.
• കമ്പനിയിലെ ഓരോ ദിവസവും നിങ്ങളുടെ സേവനത്തിന്റെ മികവിനും സംതൃപ്തിയ്ക്കുമായാണ് നീക്കി വച്ചത്. വ്യക്തിഗതമായി വലിയ സംതൃപ്തി തരുന്ന ഒരു വര്‍ഷമായിരുന്നു എനിയ്ക്ക് 2021-22. ഒട്ടൊക്കെ നിസ്സാരമായ എന്റെ സേവന ജീവിതത്തിലെ 365 ദിവസത്തെ കര്‍മ്മജീവിതം സമ്പുഷ്ടമാക്കിയ; നാടിനു നേട്ടം പകരുന്ന കര്‍മ്മത്തില്‍ കൈത്താങ്ങായെത്തിയ; നിസ്വാര്‍ത്ഥരും സ്നേഹം നിറഞ്ഞവരുമായ കെ.എസ്.ഇ.ബി.യിലെ ഡയറക്ടര്‍മാര്‍ മുതല്‍ ഓഫീസ് അറ്റന്‍ഡന്റുമാര്‍ വരെയുള്ളവരും, സ്വന്തം ജീവന് തൃണവല്‍ഗണിച്ചും നാടിനു വെളിച്ചം നല്കാന് സദാ ജാഗരൂകരായിരിക്കുന്ന എന്റെ തൊഴിലാളി സുഹൃത്തുക്കളും ഉള്‍പ്പെടെ 32,000 സഹോദരങ്ങളുടെ സ്നേഹത്തിന് എന്റെ വിനീതമായ നന്ദി.
• ഊര്‍ജ്ജത്തിലെ സങ്കീര്‍ണ്ണതകള്‍ പൂര്‍ണ്ണ ഊര്‍ജ്ജത്തോടെ, ക്ഷമയോടെ അഭ്യസിപ്പിച്ചതിന്; പിശകിയപ്പോള്‍ നന്നായി വിമര്‍ശിച്ചതിന്; തിരുത്തിയതിന്; അങ്ങനെ എന്റെ ഗുരുക്കളായിക്കൂടി മാറിയ സഹപ്രവര്‍ത്തകര്‍ക്ക്; പ്രോത്സാഹനം മാത്രം തന്ന ബഹു. മുഖ്യമന്ത്രിയ്ക്കും ബഹു. വൈദ്യുതി മന്ത്രിയ്ക്കും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്കും സ്റ്റാഫിനും; ചീഫ് സെക്രട്ടറി, ഊര്‍ജ്ജ സെക്രട്ടറി എന്നിവര്‍ക്കും നന്ദി.
• പുതിയ ദൌത്യത്തിലേയ്ക്കു മാറുമ്പോള്‍ കെ.എസ്.ഇ.ബി.എല്‍-ന് ഭാവുകങ്ങള്‍ മാത്രം. സ്നേഹാദരങ്ങള്‍ മാത്രം. കെ.എസ്.ഇ.ബി. എന്ന വലിയ കുടുംബത്തിന് വിജയാശംസകള്‍! ദൌത്യമാണ് ഏതു നേതാവിലും വ്യക്തിയിലും വലുത്. അവിടെ നമ്മളുറച്ചു നില്ക്കുക.
• ഇനി ഞാന്‍ കെ.എസ്.ഇ.ബി.യുടെ എളിയ ഒരു ഉപഭോക്താവും അഭ്യുദയകാംക്ഷിയും മാത്രം.
എന്നെന്നും നവകേരളത്തിനും നവീന കെ.എസ്.ഇ.ബി.യോടുമൊപ്പം!
-ഡോ. ബി. അശോക്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..