കോഴിക്കോട്:  എസ്.ഡി.പി.ഐക്ക് രണ്ട്  സീറ്റുകള്‍ ലഭിച്ച അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നറുക്കെടുപ്പിന് ഒടുവില്‍ പ്രസിഡന്റ്  സ്ഥാനം യു.ഡി.എഫ്-ആര്‍.എം.പി നയിക്കുന്ന ജനകീയ മുന്നണിക്ക്. ചുങ്കം സൗത്തില്‍നിന്നു വിജയിച്ച ജനകീയ മുന്നണി സ്ഥാനാര്‍ഥി ആയിഷ ഉമ്മര്‍ പഞ്ചായത്ത് പ്രസിഡന്റായി. അഴിയൂരിലെ ആകെയുള്ള 18 സീറ്റില്‍ ആറ് സീറ്റ് എല്‍.ഡി.എഫിനും ആറ് സീറ്റ് യു.ഡി.എഫിനും ഒരു സീറ്റ് എന്‍.ഡി.എയ്ക്കും അഞ്ച് സീറ്റ് മറ്റുള്ളവര്‍ക്കുമായിരുന്നു. 

രണ്ട് സീറ്റ് ലഭിച്ച എസ്.ഡി.പി.ഐയുടേയും, ഒരു സ്വതന്ത്രന്റേയും പിന്തുണ എല്‍.ഡി.എഫിന് ലഭിച്ചിരുന്നുവെങ്കിലും എല്‍.ഡി.എഫിന്റെ ഒരംഗത്തിന് കോവിഡ് ബാധിച്ച് എത്താതെ വന്നതോടെ സീറ്റ് നില എട്ടായി. യു.ഡി.എഫിന് ആര്‍.എം.പി സ്ഥാനാര്‍ഥികളുടെ പിന്തുണ ലഭിച്ചതോടെ അവര്‍ക്കും സീറ്റ് എട്ടായി. തുടര്‍ന്ന് നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു.

അച്ചംപീടിക, അണ്ടിക്കമ്പനി വാര്‍ഡില്‍നിന്നു വിജയിച്ച എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളായ സീനത്ത് ബഷീര്‍, സാലിം പൂനത്തില്‍ എന്നിവരും ചോമ്പാല്‍ വാര്‍ഡില്‍നിന്നു വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി കെ.ലീലയുമാണ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
 
കോറോത്ത് റോഡ് വാര്‍ഡില്‍നിന്നു വിജയിച്ച ആര്‍.എം.പി.ഐ. സ്ഥാനാഥി അനിഷ ആനന്ദസദനവും, ചുങ്കം സൗത്തില്‍നിന്ന് വിജയിച്ച ജനകീയ മുന്നണി സ്ഥാനാര്‍ഥി ആയിഷ ഉമ്മറും യു.ഡി.എഫിനും പിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്നാണ് നറുക്കെടുപ്പിലേക്ക് പോയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ ഏറെ ചര്‍ച്ചയായതായിരുന്നു വടകരയിലെ  ജനകീയ മുന്നണി സഖ്യം.

2010-ന് മുമ്പ് ഏറിയ കാലവും ഇടതുപക്ഷം ഭരിച്ച പഞ്ചായത്താണ് അഴിയൂര്‍. ജനതാദളിലെ വലിയൊരു വിഭാഗം യു.ഡി.എഫിലെത്തുകയും സി.പി.എമ്മിലെ  ഒരു വിഭാഗം ആര്‍.എം.പി. രൂപവത്കരിക്കുകയും ച ചെയ്തതോടെയാണ് ഇതിനൊരു മാറ്റമുണ്ടായത്. 2010-ലും 2015-ലും ഭരണം യു.ഡി.എഫ് പിടിച്ചെടുത്തിരുന്നുവെങ്കിലും എല്‍.ജെ.ഡി. ഇടതുപക്ഷത്തെത്തിയതോടെ ഭരണം വീണ്ടും എല്‍.ഡി.എഫിന്റെ  കൈയിലെത്തിയിരുന്നു. ഇതാണ് വീണ്ടും എല്‍.ഡി.എഫിന് നഷ്ടപ്പെട്ടിരിക്കുന്നത്. 

Content Highlights: Azhiur Grama Panchayath President Position Win UDF