അഴീക്കോടൻ: ചുരുളഴിയാത്ത രക്തസാക്ഷിത്വത്തിന് അമ്പതാണ്ട്...


കെ. മധു'അഴീക്കോടൻ രാഘവൻ തൃശൂർ ചെട്ടിയങ്ങാടിയിൽ കുത്തേറ്റു വീണിട്ട് ഇന്നേയ്ക്ക് അമ്പതു വർഷം. ആ രക്തസാക്ഷിയെ ഓർക്കുമ്പോൾ ഇന്നും മകൻ മധുവിന് കണ്ണു നിറയും. കണ്ഠമിടറും'

അഴീക്കോടൻ രാഘവൻ, മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന മരണ വാർത്ത | Photo: മാതൃഭൂമി

അഴിക്കോടൻ രാഘവനെ കുത്തിക്കൊന്നു
(മാതൃഭൂമി ദിനപ്പത്രം- 23.09.1972)

തൃശൂർ (സെപ്റ്റംബർ 23): മാർക്സിസ്റ്റ് നേതാവ് ശ്രീ അഴീക്കോടൻ രാഘവനെ ഇന്ന് രാത്രി തൃശൂർ പോസ്റ്റാപ്പീസ് റോഡിൽ വച്ച് ആരോ കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നു. രാത്രി ഏതാണ്ട് 9.45നാണ് സംഭവം ഉണ്ടായതെന്ന് പറയുന്നു. രാഘവൻ എവിടെ നിന്ന് വരികയായിരുന്നുവെന്നറിയില്ല. റിപ്പോർട്ട് എഴുതുമ്പോൾ പോലീസ് സ്ഥലത്തെത്തി രക്തത്തിൽ കുളിച്ച് റോഡരികിലെ കാനത്തിണ്ണയിൽ കിടക്കുന്ന മൃതദേഹം ആസ്പത്രിയിലേക്ക് നീക്കം ചെയ്യാൻ ശ്രമം തുടരുകയാണ്. ആകെ രക്തത്തിൽ കുളിച്ചു കിടന്നിരുന്ന മൃതദേഹം പോലീസ് എത്തിയതിന് ശേഷമാണ് തിരിച്ചറിഞ്ഞത്. രാത്രി 11.45 നും മൃതദേഹം വീണിടത്ത് തന്നെ കിടക്കുകയാണ്. ബാഗ് രക്തത്തിൽ മുങ്ങിയ വസ്ത്രങ്ങൾക്കിടയ്ക്ക് കാലിന്നിടയിൽ തന്നെ കിടപ്പുണ്ട്. എവി ആര്യൻ ഗ്രൂപ്പിൽപ്പെട്ട ഏതാനും വിപ്ലവ കമ്മ്യൂണിസ്റ്റുകാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. -

ഒരിക്കലും പൂർണമായി ചുരുളഴിയാത്ത കൊലപാതകത്തിന്റെ ആദ്യ വാർത്ത. അഴീക്കോടൻ രാഘവൻ തൃശൂർ ചെട്ടിയങ്ങാടിയിൽ കുത്തേറ്റു വീണിട്ട് ഇന്നേയ്ക്ക് അമ്പതു വർഷം. ആ രക്തസാക്ഷിയെ ഓർക്കുമ്പോൾ ഇന്നും മകൻ മധുവിന് കണ്ണു നിറയും. കണ്ഠമിടറും.

"അന്നെനിക്ക് 12 വയസാണ്. അച്ഛൻ വല്ലപ്പോഴുമാണ് വീട്ടിൽ വരാറുള്ളത്. വന്നാലും നാട്ടിൽ ചുറ്റും. രാഷ്ട്രീയകാര്യങ്ങളല്ല വീട്ടിൽ. സ്നേഹത്തോടെയാണ് പെരുമാറ്റം. ഞങ്ങൾ അഞ്ചു മക്കളാണ്. ആരേയും ഒരിക്കൽ പോലും കണ്ണുരുട്ടിയിട്ടു പോലുമില്ല. ചേച്ചിക്ക് ചെവി കേൾക്കില്ല. അത് വലിയ വിഷമമായിരുന്നു. ചികിത്സിക്കാൻ പണമില്ല. വാടകവീടാണ്. അന്ന് ഈ റോഡില്ല. പാടത്തിറങ്ങി വരമ്പിലൂടെ നടന്നു വേണം വരാൻ. അന്ന് രാത്രി ആരോ വന്നു. മാമനുണ്ട് ഇവിടെ. മാമനോട് എന്തോ പറഞ്ഞു. കേട്ട പാടെ മാമൻ ഇരുന്നുപോയി. പിന്നാലെ ആളുകളൊക്കെ വരാൻ തുടങ്ങി. പിന്നെയാണ് അറിഞ്ഞത്. പുലർച്ചെയാണ് ബോഡി കൊണ്ടുവന്നത്. വീട്ടിൽവച്ച ശേഷം ടൗൺ ഹാളിലേക്ക് കൊണ്ടുപോയി. പയ്യാമ്പലത്താണ് സംസ്‌കരിച്ചത്.' -മധു അഴീക്കോടൻ പറഞ്ഞു.

85 വയസ്സുള്ള മുതിർന്ന സി.പി.എം. നേതാവായ കെ.പി. സഹദേവന് എന്നും അഴീക്കോടനോട് ആരാധനയായിരുന്നു. സഹദേവൻ പറയുന്നു: "എന്റെ രാഷ്ട്രീയ ഗുരുവാണ് അഴീക്കോടൻ രാഘവൻ. നാട്ടിൽ വന്നാൽ സൈക്കിളിലാണ് ചുറ്റാറുള്ളത്. ആ സൈക്കിൾ ചെല്ലാത്ത പ്രദേശങ്ങളില്ല ഇവിടെ. അന്ന് എന്റെ ബന്ധുവിന് വാസവൻ ടയേഴ്സ് എന്ന പേരിൽ ഒരു സ്ഥാപനമുണ്ട്. അവിടത്തെ ഏതാനും തൊഴിലാളികളെ പിരിച്ചുവിട്ടു. അഴീക്കോടന്റെ കുടുംബവും എന്റെ കുടുംബവും അത്ര അടുപ്പമാണ്. പക്ഷേ, അഴീക്കോടൻ പ്രശ്നത്തിൽ ഇടപെട്ടു, അത് പരിഹരിച്ചു. പിന്നെ തിരുവനന്തപുരത്തേക്ക് പോയതാണ്. തിരിച്ചു വരുന്നതിനിടയിൽ തൃശൂരിൽ ഇറങ്ങി. അന്ന് സഖാവിന് തൃശൂർ ജില്ലയുടെ ചാർജുണ്ട്. എന്റെ വിവാഹം കഴിഞ്ഞിട്ടേയുള്ളു. പുലർച്ചെയാണ് മൃതദേഹം വന്നത്. വലിയ വിലാപയാത്ര ആയിരുന്നു. കണ്ണൂരിൽ നിറയെ ആളുകൾ കാണാനെത്തി. പയ്യാമ്പലത്ത് സംസ്കരിച്ചു. കരയാത്തവരില്ല. അഴീക്കോടനെ പററി അക്കാലം എതിരാളികൾ പറഞ്ഞു പരത്തിയത് അദ്ദേഹം അനന്തകൃഷ്ണ ബസ്സിന്റെ മുതലാളിയാണെന്നാണ്. മൃതദേഹം വീട്ടിൽ ചെന്നപ്പോൾ എല്ലാവരും ഞെട്ടി. അത്രയും കുഞ്ഞുവീടായിരുന്നു അത്."

സന്യാസിക്കൊപ്പം പോയ അഴീക്കോടൻ- മധു അഴീക്കോടൻ

അച്ഛൻ ബീഡിതെറുപ്പുകാരനായിരുന്നു. എല്ലാവരോടും വിനയത്തോടെയാണ് പെരുമാറ്റം. ആർക്കും എന്തു സഹായത്തിനും ആദ്യം ചെല്ലും. ബീഡി തെറുപ്പിന് മുമ്പ് ഇടക്കാലത്ത് ഒരു സന്യാസിക്കൊപ്പം പോയി. അച്ഛന്റെ മാമൻ പോയി തിരിച്ചു കൊണ്ടു വന്നു. അമ്മ പറയാറുള്ളത് അച്ഛനെപ്പോലെ ആകണം എന്നാണ്. അത്രയ്ക്കൊന്നും ആർക്കും ആവാൻ പറ്റില്ല. നാട്ടുകാർ പലരും അച്ഛനെ പറ്റി പറയാറുണ്ട്. അന്ന് ആർക്ക് എന്തസുഖം വന്നാലും കോഴിക്കോട്ട് മെഡിക്കൽ കോളേജിലേക്ക് ഒക്കെ പോണം. ഒരിക്കൽ ഒരാൾ പറഞ്ഞു. അയാളെ അച്ഛനാണ് കൊണ്ടുപോയതും ശുശ്രൂഷിച്ചതും. അഴീക്കോടനില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. ഒഒരു ബീഡിത്തൊഴിലാളി പറഞ്ഞു. മരിക്കുന്നതും എതാനും നാൾ മുമ്പ് അച്ഛനെ കണ്ടതിനെപ്പറ്റി. ഇവിടെ അടുത്ത് ഒരു ബിഡി തെറുപ്പ് കേന്ദ്രമുണ്ട്. അച്ഛൻ അയാളോട് സംസാരിച്ച് മുറമെടുത്ത് മടിയിൽ വച്ചു. നൂലു കെട്ടിക്കൊടുത്തു.

കെ.പി. സഹദേവൻ തുടരുന്നു: "എന്തു പ്രശ്നത്തിലും അദ്ദേഹം ഉണ്ടാവും. അന്ന് ഇവിടെ നടന്ന എല്ലാ തൊഴിൽ- കർഷക സമരങ്ങളിലും അഴീക്കോടനുണ്ട്. മികച്ച സംഘാടകനായിരുന്നു. ബീഡി തെറുപ്പുകാരനാവുന്നതിന് മുമ്പ് ഇവിടെ ഒരു സൈക്കിൾ റിപ്പയർ കട നടത്തിയിരുന്നു. പത്രങ്ങളും പുസ്തകങ്ങളുമൊക്കെ വായിക്കുന്നത് ബിഡി തെറുപ്പ് കേന്ദ്രത്തിൽ നിന്നാണ്. പിന്നെ അത്രയ്ക്കും കഴിവുള്ള പ്രവർത്തകനായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പാർട്ടി ലീഡർഷിപ്പിലേക്ക് വന്നത്. പാർട്ടി പിളർന്നപ്പോഴും മറ്റും ജനങ്ങളെ ഒപ്പം നിർത്താൻ അദ്ദേഹം ഉണ്ടായിരുന്നു. വലിയ റോൾ ആയിരുന്നു അത്. എളുപ്പമല്ല. സൗമ്യമായാണ് പ്രസംഗം. വലിയ പ്രസംഗകൻ എന്നല്ല. കാര്യങ്ങൾ സഖാക്കളെ ബോധ്യപ്പെടുത്തുക എന്നതാണ്. അത് അഴീക്കോടൻ ഭംഗിയായി ചെയ്യും. പാർട്ടി പിളർന്നപ്പോൾ വലതു വ്യതിയാനത്തിന് എതിരേയും പിന്നീട് ഇടതു വ്യതിയാനത്ത് എതിരേ അദ്ദേഹം കാര്യങ്ങൾ ബോധ്യപ്പെടുത്തി. എവി ആര്യൻ തീവ്രവാദിയായ ബോൾഷെവിക് ആയിരുന്നു. അവർ തന്നെ പിന്നെ പലതായില്ലേ. എം.എൽ.എ. ആയിരുന്ന ആര്യനെ അതിനാലാണ് പാർടി പുറത്താക്കിയത്."

അഴീക്കോടൻ വധക്കേസ് വിചാരണ തുടങ്ങി
(മാതൃഭൂമി ദിനപ്പത്രം- 11.06.1973)

തൃശൂർ: മാർക്സിസ്റ്റ് നേതാവ് അഴീക്കോടൻ രാഘവന്റെ വധം സംബന്ധിച്ച കേസിന്റെ വിചാരണ ഇന്നിവിടെ സെഷൻസ് ജഡ്ജി സി.പി. ദാമോദരൻ നായരുടെ കോടതിയിൽ ആരംഭിച്ചു. ഒന്നു മുതൽ ഏഴു വരെ പ്രതികൾ അഴീക്കോടൻ രാഘവനെ ഇടിക്കുകയും അടിക്കുകയും കുത്തുകയും ചെയ്തുവെന്നും ആറാം പ്രതി നന്ദകുമാർ കയ്യിലുണ്ടായിരുന്ന കത്തിയൂരി രണ്ടു വട്ടം കുത്തി എന്നും കുത്തേറ്റ് രക്തം ഒലിക്കുന്നതിനിടയിൽ അഴീക്കോടൻ അയ്യോ എന്ന് വിളിച്ച് നിലത്തിരുന്നുപോയെന്നും പിന്നീട് ഏതാനും ചുവട് നടന്ന് അവിടെ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ പിടിക്കാൻ ശ്രമിച്ചെന്നും എന്നാൽ പിടിത്തം ഉറയ്ക്കാതെ കൈകൾ താഴോട്ട് ഊർന്ന് നിലത്ത് മലർന്നു വീണെന്നും ഒന്നാം സാക്ഷി എസി കുഞ്ഞുവറീത് മൊഴി നൽകി.

കേസിൽ ആകെ 47 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി, വിചാരണ തുട‌ർന്നു. ആര്യനും അഴീക്കോടനും തമ്മിൽ കടുത്ത വിരോധത്തിലായിരുന്നെന്ന് പിന്നീട് സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറിയായ കെ.കെ. മാമക്കുട്ടി ജൂൺ 15ന് മൊഴി നൽകി. ജൂൺ 20 ന് കേസ് വിസ്താരം പൂർത്തിയായി. 1973 ജൂലൈ രണ്ടിന് വിധി.

അഴീക്കോടൻ കേസിൽ ഏഴു പേർക്ക് ശിക്ഷ, ആര്യനെ വിട്ടു
(മാതൃഭൂമി ദിനപ്പത്രം- 03.07.1973)

തൃശൂർ (ജൂലൈ 2): അഴീക്കോടൻ രാഘവനെ കുത്തിക്കൊന്ന കേസിൽ ആറാം പ്രതി നന്ദകുമാറിന് ജീവപര്യന്തം തടവും ആറു പ്രതികൾക്ക് ഒന്നരക്കൊല്ലം കഠിനതടവും ശിക്ഷ വിധിച്ചിരിക്കുന്നു. എട്ടാം പ്രതിയായ എവി ആര്യനെ വിട്ടയച്ചു.

ചിറമ്മൽ സെബാസ്റ്റ്യൻ ഇഗ്നേഷ്യസ്, മച്ചപ്പിള്ള ചാക്കു യോഹന്നാൻ, കുന്നത്തേരി പറമ്പിൽ കൃഷ്ണൻ വേലായുധൻ, വടകര രാഘവൻ, ചേർത്തല വടക്കുമ്പറത്ത് ഭാസ്കരൻ ശശി, കളത്തിപ്പിള്ളി കാര്യത്ത്യായനി അമ്മ മകൻ ഗോപി എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികൾ കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്റർ പ്രവർത്തകരും നേതാക്കളുമാണ്.

അഴീക്കോടന്റെ വധം; നവാബ് കേസുമായി ബന്ധമുണ്ട്- ഇ.എം.എസ്.
(മാതൃഭൂമി ദിനപ്പത്രം- 11.06.1973)

തിരുവന്തപുരം: മാർക്സിസ്റ്റ് നേതാവായ അഴീക്കോടൻ രാഘവന്റെ വധത്തിന് തൃശൂരിലെ നവാബ് കേസുമായി ബന്ധമുണ്ടെന്നുളള ആരോപണം പ്രതിപക്ഷ നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇന്ന് നിയമസഭയിൽ ഉന്നയിച്ചു. ഉത്തരവാദിത്തത്തോടെയാണ് താൻ ഈ ആരോപണം ഉന്നയിക്കുന്നത്. നവാബ് കേസിൽ ആരോപണം ആഭ്യന്തരമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റിന് എതിരേയാണ്. ആ കേസ് സംബന്ധിച്ച് പത്രാധിപരെ പോലീസ് മർദ്ദിച്ചതായി പരാതിയുണ്ട്. പത്രാധിപരെ അഴീക്കോടന്റെ കണ്ണൂരിലുള്ള വീട്ടിലേക്ക് കൊണ്ടുപോയതായും അറിവായിട്ടുണ്ട്.

വേഷം മാറിവന്ന പോലീസ്- മധു അഴീക്കോടൻ

മരിക്കുന്നതിനും ഏതാനും ദിവസം മുമ്പാണ്. നവാബ് രാജേന്ദ്രനെ പോലീസ് ഇവിടെ കൊണ്ടു വന്നു. രാത്രിയാണ്, നവാബ് അവശനായിരുന്നു. വന്നപാടെ കുടിക്കാൻ വെള്ളം ചോദിച്ചു. അമ്മ വെള്ളം കൊടുത്തു. വീരചന്ദ്രമേനോന്റെ വക്കീൽമാരാണ് എന്ന് പോലീസ് പറഞ്ഞു. പിന്നെയാണ് പോലീസുകാരാണെന്ന് മനസ്സിലായത്. കരുണാകരന്റെ പി.എ. എഴുതിയ കത്ത് ആവശ്യപ്പെട്ടാണ് വന്നത്. അച്ഛൻ കത്ത് ഓഫീസിലാണെന്ന് പറഞ്ഞു.

അഴീക്കോടൻ ഇതല്ല അർഹിക്കുന്നത്‌- ഉണ്ണി ബേപ്പൂർ

"ഞാൻ ഇത് വിശദമായി അന്വേഷിച്ചു. പുസ്കകത്തിലുള്ളത് വസ്തുതകളാണ്. ജയറാം പടിക്കലിന്റെ ബുദ്ധിയിലാണ് ആ നാടകം വിടർന്നത്. നവാബിനെ അടിച്ചു പരുവമാക്കി നിൽക്കാൻ മാത്രം ശേഷിയോടെയാണ് അഴീക്കോടന്റെ കൊണ്ടു ചെന്നത്. വക്കീൽമാരാണെന്ന് പറഞ്ഞായിരുന്നു യാത്ര. എന്നാൽ കണ്ടപാടെ അഴീക്കോടൻ ആ പോലീസുകാരന്റെ പേരെടുത്തു വിളിച്ചു. അതോടെ അയാളുടെ ഫ്യൂസ് പോയി. നവാബിനെ മർദ്ദിച്ച് കൊണ്ടു ചെന്നത് കണ്ടപ്പോൾ അഴീക്കോടൻ ക്ഷുഭിതനായി. അവരോട് പറഞ്ഞു. “ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ ഇത്തരം കത്തുകൾ വീട്ടിൽ വയ്ക്കുന്നവരല്ലെന്ന് നിങ്ങൾക്ക് അറിയില്ലേ. കത്ത് ഓഫീസിലുണ്ട്. എന്നേയും ഇ.എം.എസിനേയും അറസ്റ്റ് ചെയ്തേക്ക്”. ജയറാം പടിക്കൽ ഉദ്ദേശിച്ചതായിരുന്നില്ല അഴീക്കോടന്റെ റേഞ്ച്. കത്തില്ല എന്ന് അദ്ദേഹം പറഞ്ഞില്ല. മറ്റാരും കത്തില്ലെന്ന് പറയുമായിരുന്നു. പിന്നീട് വാർത്താസമ്മേളത്തിലും അദ്ദേഹം ഇത് പറഞ്ഞു. ആ കത്ത് കോടതിയിൽ നൽകുമെന്നായിരുന്നു അഴീക്കോടൻ പറഞ്ഞത്. പിന്നീട് ഇടതു മുന്നണി നേതാക്കളെല്ലാം ഒപ്പിട്ട ശേഷം നൽകാൻ തീരുമാനമായി. 24-ന് തൃശൂരിൽ മുന്നണി യോഗം ചേരാൻ തീരുമാനിച്ചിരുന്നു. അതിൽ പങ്കെടുക്കാനായാണ് അഴീക്കോടൻ എറണാകുളത്തു നിന്ന് തൃശൂർക്ക് വന്നത്. ആര്യൻ ഗ്രൂപ്പുകാരാണ് കൊന്നതെന്ന് ഞാൻ കരുതുന്നില്ല. ആരെന്ന് ഞാൻ പറയില്ല. അത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. പക്ഷേ, ഇക്കാലമത്രയും ആരും അന്വേഷിച്ചില്ല. അഴീക്കോടൻ ഇതല്ല അർഹിക്കുന്നത്.
(അഴീക്കോടൻ കേസിനെപ്പറ്റി ' അഴീക്കോടനെ കൊന്നത് ഞങ്ങളല്ല'' എന്ന പേരിൽ ഉണ്ണി ബേപ്പൂർ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. സി.പി.എം. ലോക്കൽ കമ്മറ്റി അംഗവും ഫ്രീലാൻസ് മാധ്യമ പ്രവർത്തകനുമാണ് ഉണ്ണി.)

ഗൂഢാലോചന ഉറപ്പ്- മധു അഴീക്കോടൻ

"ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉറപ്പ്. പ്രതികളും പറഞ്ഞത് അച്ഛനുമായി വലിയ സ്നേഹബന്ധം ഉള്ളവരാണെന്നാണ്. പക്ഷേ എന്തു കൊണ്ടോ ഒന്നും പുറത്തു വന്നില്ല."

നിലപാടിൽ മാറ്റമില്ല- കെ.പി. സഹദേവൻ

"അന്നും ഇന്നും ഞങ്ങൾ പറയുന്നത് ഒരേ നിലപാടാണ്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അഴീക്കോടനെ കൊന്നതിൽ കെ. കരുണാകരന് പങ്കുണ്ട്. അന്ന് ഇതും ചർച്ചയായിരുന്നു. ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല"

ഞങ്ങളല്ല. ആരാണെന്നു പറയാൻ പറ്റില്ല- വടക്കുമ്പറത്ത് ശശി(കേസിലെ ആറാം പ്രതി)

"ഞങ്ങൾ കൊന്നിട്ടില്ല. ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഒരാളും സഖാവിനെ തൊടാൻ സമ്മതിക്കുമായിരുന്നില്ല. അത്രയ്ക്കും സ്നേഹമുള്ള സഖാവായിരുന്നു. എന്നെ കണ്ടാൽ കെട്ടിപ്പിടിക്കും. അവസാനം ജ്യൂസ് കുടിച്ചാ ഞങ്ങൾ പിരിഞ്ഞത്. ഞങ്ങൾ ചെയ്യില്ല. തൃശൂരിൽ അന്ന് ട്രേഡ് യൂണിയൻ രംഗത്ത് ആര്യനായിരുന്നു മേധാവിത്വം. ഇപ്പോൾ മദർ ആശുപത്രി നിൽക്കുന്ന സ്ഥലത്തെ മന വിറ്റാണ് ആര്യൻ പാർട്ടി പടുത്തത്. പിളർന്നപ്പോൾ ഇവിടത്തെ നേതാക്കളൊക്കെ സി.പി.ഐയിലായി. സി അച്യുതമേനോൻ, കെ.വി.കെ. വാര്യർ, ചെമ്പോട്ടിൽ ജനാർദ്ദനൻ, കുറുവത്ത് വക്കീൽ, അങ്ങനെ എല്ലാരും.ഇ.എം.എസ്സും ആര്യനും തമ്മിൽ പ്രത്യയശാസ്ത്ര പ്രശ്നങ്ങളല്ല. പ്രാദേശിക അഴിമതിയുമായി ബന്ധപ്പെട്ടായിരുന്ന തർക്കം. ആ ദിവസങ്ങളിൽ സി.പി.എമ്മും ഞങ്ങളും തമ്മിൽ എന്നും അടിയായിരുന്നു. കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്ററും സി.പി.എമ്മുമായി. അത് ഇവിടത്തെ പ്രശ്നമാണ്. അഴീക്കോടനെ തൊടണ്ട ഒരു കാര്യവുമില്ല. ഞങ്ങൾക്ക് സഖാവിനെ അത്ര ബഹുമാനമായിരുന്നു. അന്ന് ഞങ്ങൾ മംഗലം ഡാമിൽ യോഗം വച്ചിരുന്നു. ആര്യനും ഞാനുമൊക്കെ പ്രസംഗിക്കുമെന്ന് നോട്ടീസടിച്ചു. കെ.പി.ആർ. ഗോപാലൻ വരാൻ വൈകിയപ്പോൾ അദ്ദേഹത്തേയും കൊണ്ട് വന്നാൽ മതി എന്ന് ആര്യൻ പറഞ്ഞിട്ടാ ഇവിടെ നിന്നത്. ആര്യൻ കൊന്നു എന്ന് പോലീസ് ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അതിലും മുമ്പ് ആര്യൻ ഞങ്ങളോട് പോലീസ് കസ്റ്റഡിയിലെടുത്തു എന്ന് അറിയിച്ചു. അതിനാൽ ഞങ്ങളത് വിശ്വസിച്ചില്ല.

ഞങ്ങൾ ക്രെസന്റ് ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ഇതു നടക്കുന്നത്. ഞങ്ങൾക്ക് അഴീക്കോടനെ കൊന്നിട്ട് എന്താ കാര്യം? നവാബിന്റെ കത്ത് അഴീക്കോടന്റെ കയ്യിലുണ്ട് എന്നറിയുന്നതും കത്ത് കോടതിയിൽ എത്തിയാൽ പ്രശ്നമുണ്ടാകുന്നതും അഴിക്കോടൻ വരുന്നുണ്ട് എന്നറിയുന്നതും ഇവർക്കല്ലേ. അന്ന് വൈകീട്ട് എട്ടു മണിയോടെ പോലീസ് ഇവിടെ കടകൾ അടപ്പിച്ചു. അവർ എല്ലാം പ്ലാൻചെയ്തു. ഇവിടത്തെ ലോക്കൽ പ്രശ്നത്തിന്റെ പുറത്ത് ഒടുക്കം ഞങ്ങളുടെ തലയിലിട്ടു. ഞങ്ങൾ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയുമായി പാപഭാരം പേറി ജീവിക്കുന്നു. ഷാ കമ്മീഷനോട് അടക്കം പുനരന്വേഷണം വേണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. പലവട്ടം പത്രസമ്മേളനം നടത്തി. ഇപ്പോഴും അതേ പറയാനുള്ളു. ഞങ്ങളല്ല. ആരാണെന്നു പറയാൻ പറ്റില്ല. അതിന്റെ തെളിവു കണ്ടെത്തേണ്ടത് പോലീസാണ്. പക്ഷേ ഇവിടെ നാട്ടുകാർക്കെല്ലാം അറിയാം. ഒരാളും ഞങ്ങളോട് ഇതേപ്പറ്റി ചോദിക്കാറില്ല"

എന്ത് പറ്റിയെന്നറിയില്ല- അഴീക്കോടൻ മധു

"ഇതിന് മുമ്പ് നടന്ന കേസിൽ വരെ സത്യം പുറത്ത് വന്നു. വർഗീസ് വധത്തിലൊക്കെ. ഇത്തരം ചില കേസുകൾ മാത്രമേ പുറത്തുവരാത്തതുള്ളൂ. എന്താണ് പറ്റിയതെന്നറിയില്ല."

രാഷ്ട്രീയ കേരളം മാറി- -കെ.പി. സഹദേവൻ

"രാഷ്ട്രീയ കേരളം വല്ലാതെ മാറി. അടിയന്തിരാവസ്ഥ വന്നു. വീണ്ടും കരുണാകരൻ തിരിച്ചു വന്നു."

അഴിക്കോടന് നീതി കിട്ടിയിട്ടില്ല- ഉണ്ണി ബേപ്പൂർ

"ഇല്ല, അഴിക്കോടന് നീതി കിട്ടിയിട്ടില്ലെന്നാണ് എന്റെ നിലപാട്. അപ്പോഴും ഒരു കാര്യം ആരും മറക്കരുത്. പാർട്ടിയാണ് അഴിക്കോടന്റെ കുടുംബത്തെ സംരക്ഷിച്ചത്."

Content Highlights: Azhikodan raghavan Murder

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented