പ്രതീകാത്മകചിത്രം| Photo: Mathrubhumi
കണ്ണൂര്‍: കറവമാടുകളുടെ ആരോഗ്യത്തിന് മില്‍മ മലബാര്‍ മേഖലാ യൂണിയന് കേരള ആയുര്‍വേദിക് സഹകരണ സംഘവുമായി സഹകരിച്ച് വെറ്ററിനറി മരുന്നുകള്‍ ക്ഷീരകര്‍ഷകര്‍ക്കെത്തിക്കുന്നു. ഇന്ത്യയിലെ മില്‍ക്ക് യൂണിറ്റുകളില്‍ ആദ്യമായാണ് ഈ സംവിധാനം.
നിലവില്‍ കറവമാടുകളുടെ രോഗങ്ങള്‍ക്കും മറ്റും കര്‍ഷകര്‍ ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം മരുന്നുകള്‍ക്ക് പ്രത്യേകിച്ചും ഓയിന്മെന്റിനും മറ്റും വലിയ വിലയാണ്. മാത്രമല്ല ആന്റിബയോട്ടിക് മരുന്നുകളുടെ അംശങ്ങള്‍ പാലില്‍ കലരാനുള്ള സാധ്യതയുമുണ്ട്. ഇംഗ്ലീഷ് മരുന്നുകള്‍ നല്കിയ കറവമാടുകളുടെ പാല് ഒരാഴ്ചയെങ്കിലും ഉപയോഗിക്കാന്‍ പറ്റില്ല. മരുന്നിന്റെ അംശം പാലില്‍ കലരുന്നതിനാലാണിത്. കര്‍ഷകര്‍ക്ക് ഇതും വലിയ നഷ്ടമാണ്.
എട്ടുതരം ആയുര്‍വേദ മരുന്നുകളാണ് മില്‍മ മലബാര്‍ മേഖല യൂണിയന്റെ അനുബന്ധ സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്മെന്റ് ഫൗണ്ടേഷന് മുഖേന വിതരണം ചെയ്യുക. അകിട് വീക്കം, അകിടിലെ മുറിവ്, അകിടിലെ വിണ്ടുകീറല്‍, വയറിളക്കം, പനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണിവ. പാലിന്റെ അളവ് കൂട്ടാനും പ്രത്യേക മരുന്നുണ്ട്.
മരുന്നിന്റെ ചേരുവകള്‍ തയ്യാറാക്കുന്നത് മലബാര്‍ റൂറല്‍ ഡവലപ്മെന്റ് ഫൗണ്ടേഷന് തന്നെയാണ്. കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിര്‍മാണകേന്ദ്രത്തില്‍ മരുന്നുകള്‍ തയ്യാറാക്കുകയാണ് ചെയ്യുക.
പദ്ധതിയുടെ മുന്നോടിയായി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ സാങ്കേതികസഹായത്തോടെ മലബാര്‍ മേഖലയിലെ 1200-ലധികം ക്ഷീരസഹകരണസംഘങ്ങളില്‍ പാല് അളക്കുന്ന ഒരുലക്ഷത്തോളം ക്ഷീരകര്‍ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് സമഗ്രപഠനം തയ്യാറാക്കിയിരുന്നു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്, എറണാകുളം മേഖലാ യൂണിയന് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇപ്പോള്‍ അലോപ്പതി വെറ്ററിനറി മരുന്നുകള്‍ വരുന്നത് കേരളത്തിന് പുറത്തുനിന്നാണ്.
മലബാര്‍ മേഖല യൂണിയന്റെ കീഴിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ ആറിന് പാലക്കാട്ട് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..