രാമക്ഷേത്രം: കോണ്‍ഗ്രസിനെ തള്ളാനും കൊള്ളാനുമാകാതെ ലീഗ്; നാളെ അടിയന്തര യോഗം


സ്വന്തം ലേഖകന്‍

അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രേദശ് മുന്‍ മുഖ്യന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്, കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ദ്വിഗ്‌വിജയ് സിംഗ് എന്നിവരായിരുന്നു ആദ്യം പിന്തുണയുമായി എത്തിയത്

-

കോഴിക്കോട്: രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചുകൊണ്ടും ആശംസ അര്‍പ്പിച്ചുകൊണ്ടും കോണ്‍ഗ്രസ് ദേശീയ നേതാക്കളും കേരളത്തിലെ ചില നേതാക്കളും രംഗത്ത് വന്നതോടെ വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്ന കാര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം. ലീഗിനെ എന്നും പിന്തുണച്ചിരുന്ന സമസ്തയടക്കമുള്ളവര്‍ തങ്ങളുടെ മുഖപത്രത്തിലൂടെ വിഷയത്തില്‍ കോണ്‍ഗ്രസിനേയും നേതാക്കളേയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനെ തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിലുമായി ലീഗ്. നാളെ അയോധ്യയില്‍ ഭൂമി പൂജ നടക്കാനിരിക്കേ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ പാണക്കാട്ട് അടിയന്തര യോഗം ചേരാനും ലീഗ് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതുവരെ ഒരു തരത്തിലുള്ള പ്രതികരണവും നടത്തേണ്ട എന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രേദശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്, കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ദ്വിഗ്‌വിജയ് സിംഗ് എന്നിവരായിരുന്നു ആദ്യം പിന്തുണയുമായി എത്തിയത്. തുടര്‍ന്ന് മറ്റ് ചിലനേതാക്കളും ഇന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ക്ഷേത്ര നിര്‍മാണത്തിന് എതിരല്ലെന്ന് കെ.മുരളീധരന്‍ എം.പിയും പ്രസ്താവന നടത്തിയതോടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയും തുടങ്ങിയിരുന്നു. തുടര്‍ന്നാണ് അടിയന്തര യോഗം ചേരാനുള്ള ധാരണയായത്.

കോണ്‍ഗ്രസ് നേതാക്കളുടെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണത്തില്‍ സമസ്തയടക്കമുള്ളവര്‍ക്ക് വലിയ എതിര്‍പ്പുണ്ട്. വോട്ടിന് വേണ്ടി മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നിന്നില്ലെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന താക്കീതാണ് കഴിഞ്ഞദിവസം സമസ്ത തങ്ങളുടെ മുഖപത്രമായ സുപ്രഭാതത്തിലൂടെ നല്‍കിയത്. ഈ മുന്നറിയിപ്പില്‍ ലീഗിനും ഭീതിയുണ്ട്. അപ്പോഴും നെഹ്‌റുകുടുംബത്തില്‍ നിന്ന് ആരെങ്കിലും നിലപാട് പറയട്ടെ, അതുവരെ പ്രതികരിക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്. എന്നാല്‍ എ ഐ സി സി ജന. സെക്രട്ടറി പ്രിയങ്കാഗാന്ധി കൂടി ക്ഷേത്രനിര്‍മാണത്തെ അനുകൂലിച്ചതോടെ ഈ പിടിവള്ളിയും നഷ്ടമായി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടിപ്പിന് മുന്നോടിയായി മറ്റ് മുസ്‌ലിം സംഘടനകളെ കൂടി ചേര്‍ത്ത് നിര്‍ത്തി ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോവണമെന്ന ധാരണ ലീഗിലുണ്ടായിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി അടക്കമുള്ളവരോട് പ്രാദേശിക ധാരണയുണ്ടാക്കണമെന്നതടക്കമുള്ള സര്‍ക്കുലര്‍ ലീഗ് ഇറക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. ഇത് സാധ്യമാകാനുള്ള സാഹചര്യം ഒരുങ്ങുന്നുവെന്ന് സി.പി.എം നേതൃത്വം പോലും കരുതിയിരുന്ന സാഹചര്യത്തിലാണ് രാമക്ഷേത്ര വിഷയം വീണ്ടും സജീവ ചര്‍ച്ചയാവുന്നതും കോണ്‍ഗ്രസ് ദേശീയ നേതൃത്വമടക്കം വിമര്‍ശിക്കപ്പെടുന്നതും. ന്യൂനപക്ഷ പ്രീണനം നടത്തി ബിജെപി പാത പിന്തുടരാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിക്കഴിഞ്ഞെന്ന പ്രചാരണം സി.പി.എം തുടങ്ങിയിട്ടുണ്ട്. ഇതിന് പിടിവള്ളിയെന്നോണമാണ് സുപ്രഭാതത്തിന്റെ ഇന്നലത്തെ എഡിറ്റോറിയലുമെത്തിയത്‌.

ഹൈന്ദവ സഹോദരങ്ങളുടെ ആരാധനക്കായി ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. അതേസമയം മറ്റൊരു ആരാധനാലയം തകര്‍ത്തുകൊണ്ട് നിര്‍മിക്കുന്നതിനെയാണ് ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് വിയോജിപ്പുള്ളത്. മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയുന്നതിനെ സ്വാഗതം ചെയ്തുകൊണ്ട് ഇറക്കിയ പ്രസ്താവനയെ വ്യക്തിപരമായാണ് കാണുന്നത്. ഇക്കാലമത്രയും സ്വീകരിച്ചുപോന്ന മതേതര നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേ തര പാര്‍ട്ടികള്‍ ഒരിക്കലും പുറകോട്ടു പോകില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് സമസ്ത വിഷയത്തില്‍ പുതുതായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്.

പാണക്കാട് ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് നിലപാടിനോട് എങ്ങനെ സമീപിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും. നാളെ ഭൂമി പൂജ കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് യോഗത്തെ രാഷ്ട്രീയ നിരീക്ഷകരും ഉറ്റ് നോക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented