തിരുവനന്തപുരം: ഹര്‍ത്താല്‍ തടയുന്നതിനുള്ള നിയമ വശങ്ങൾ പരിശോധിക്കുമെന്നും ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ ചില ഹര്‍ത്താലുകള്‍ നടത്തി. ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയാണ് എടുത്ത് വരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേ സമയം ഹര്‍ത്താല്‍ നിയമവിരുദ്ധമാക്കാനുള്ള നടപടികളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആദ്യം പുറത്ത് ചര്‍ച്ചകള്‍ നടത്താം പിന്നീട് നമുക്ക് സഭാനടപടികളിലേക്ക് കടക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

ശബരിമല സ്ത്രീപ്രവേശനം നടന്നതിന് പിറ്റേ ദിവസം നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 28.43 ലക്ഷം രൂപയും സ്വകാര്യ മുതല്‍ നശിപ്പിച്ച വകയില്‍ 1.03 കോടിരൂപയുടേയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന് ഇതേവരെ ഒരു പങ്കുംവഹിക്കാത്ത ചില ശക്തികള്‍ ബോധപൂര്‍വം അക്രമം അഴിച്ചുവിടുന്നു. അവര്‍ക്ക് കേരളം മുന്നോട്ട് പോകരുത് എന്ന് മാത്രമല്ല. പിന്നോട്ടടിപ്പിക്കാനാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. മിഠായിത്തെരുവിലെ അക്രമസംഭവങ്ങള്‍ പരിശോധിച്ച് വരികയാണ്. കാസര്‍ഗോഡ്, മഞ്ചേശ്വരം ഭാഗത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വര്‍ഗീയ സംഘര്‍ഷത്തിലൂടെ  മറ്റു സ്ഥലങ്ങളില്‍ ലാഭം നേടിയ ആളുകള്‍ ഒരു ശ്രമം ഇവിടേയും നടത്തി നോക്കുകയാണ്. പോലീസിനൊപ്പം ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Avoid hartal-call all party meeting-cm pinarayi vijayan-kerala assembly