കോട്ടയം: കോട്ടയം മേലുകാവില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മുട്ടം ഐ എച്ച് ആര്‍ ഡി. കോളേജ് വിദ്യാര്‍ഥികളായ അനന്ദു, അലന്‍ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവരെ ഇരാട്ടുപേട്ട റിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനന്ദുവിന്റെയും അലന്റെയും ജീവന്‍ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ മറ്റ് വിദ്യാര്‍ഥികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴ് വിദ്യാര്‍ഥികളുമായി അമിതവേഗത്തില്‍ എത്തിയ ഓട്ടോ വഴിയരികിലെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ വീട്ടിലെ സ്വകാര്യ പെര്‍മിറ്റുള്ള ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയത്. വിദ്യാര്‍ഥികളില്‍ ഒരാളാണ് ഓട്ടോറിക്ഷ ഓടിച്ചതെന്ന് കരുതുന്നു.

ഓട്ടോയില്‍ കയറാന്‍ അനുവദിച്ചിരിക്കുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതും അപകടത്തിന് കാരണമായെന്ന് പോലീസ് പറഞ്ഞു. ഇതിന് പുറമെ വാഹനത്തിലുണ്ടായിരുന്ന എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇവര്‍ക്ക് ലൈസന്‍സ് ഇല്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി.

Content Highlights: Auto Rickshaw, Road Accident, Two Died, Students, Kottayam