ടി.ജെ. പൗലോസും ഷാനി പ്രകാശും തിങ്കളാഴ്ച വൈകീട്ട് കണ്ടുമുട്ടിയപ്പോൾ, മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയിൽ നിന്ന് ടി.ജെ. പൗലോസ് ശ്രം ശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നു | Photo: Mathrubhumi
കൊച്ചി: വഴിയോരം ചേർത്തുനിർത്തിയ ഓട്ടോയ്ക്കുള്ളിൽ നിന്ന് ഡ്രൈവർ ഷാനി പ്രകാശ് ഇറങ്ങി, 'സാറേ നാളെ വിരമിക്കുകയാണല്ലേ...' എന്നു ചോദിച്ച്, അരികിൽ നിന്ന ടി.ജെ. പൗലോസിനെ കെട്ടിപ്പിടിച്ചു. 'ഷാനിയെ ഒന്നു കണ്ടിട്ട് ഓഫീസിലേക്ക് പോകാമെന്നോർത്തു... അതാ വിളിച്ചത്', പൗലോസ് പറഞ്ഞു.
ജീവന്റെ വിലയുള്ള ഈ സൗഹൃദത്തിനു പിന്നിൽ കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ളൊരു സംഭവമുണ്ട്. ഒരു കാൽ അറ്റ് തൂങ്ങിക്കിടന്ന ഭയാനകമായ ഓർമകളുണ്ട്, പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന്റെ തിളക്കമുണ്ട്, അറ്റുപോകാതെ കാലം തുന്നിച്ചേർത്ത 'അടുപ്പ’ത്തിന്റെ നന്മയുണ്ട്.
1997 ഫെബ്രുവരി 14. കൊരട്ടി സ്വദേശി ടി.ജെ. പൗലോസ് അന്ന് കൊച്ചിൻ പോർട്ടിൽ ഇലക്‌ട്രീഷ്യനായിരുന്നു. കണ്ടെയ്‌നർ ടെർമിനലിൽ രണ്ടു പടുകൂറ്റൻ ഗാൻട്രി ക്രെയിനുകളിലൊന്നിലായിരുന്നു അന്നത്തെ ജോലി. ഇരുപത്തിരണ്ടുകാരനായ മുണ്ടംവേലി സ്വദേശി ഷാനി പ്രകാശ് കരാർ തൊഴിലാളിയായിരുന്നു. ക്രെയിനിന്റെ 35 മീറ്റർ ഉയരത്തിലുള്ള ട്രോളി ബോക്സിലിരുന്ന് പെയിന്റ് ചെയ്യുകയായിരുന്നു ഷാനി. പെയിന്റിങ് തൊഴിലാളിയുള്ളതറിയാതെ ക്രെയിൻ ഓപ്പറേറ്റർ, കണ്ടെയ്‌നർ ഉയർത്താനായി ട്രോളി പ്രവർത്തിപ്പിച്ചു. നിമിഷങ്ങൾക്കകം ട്രോളിയുടെ ഉരുക്കുവീൽ ഷാനിയുടെ ഇടതുകാൽ തുടയ്ക്കുമീതെ കയറി ഇറങ്ങി. ഇടതുകാൽ അറ്റുവീണു... ചോര ചീറ്റിത്തെറിക്കാൻ തുടങ്ങി.
ആരൊക്കെയോ വിളിച്ചുകൂവുന്ന ശബ്ദം കേട്ട് ക്യാബിനിലിരുന്ന പൗലോസ് എന്തോ അപകടമുണ്ടെന്നു മനസ്സിലാക്കി എമർജൻസി ബട്ടൺ അമർത്തിയതോടെ ക്രെയിൻ നിന്നു. പുറത്തിറങ്ങി ഓടിയെത്തി നോക്കുമ്പോൾ 35 മീറ്റർ ഉയരത്തിൽ ഒരാൾ ചോരയിൽ കുളിച്ചു കിടക്കുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളെല്ലാം സ്തബ്ധരായി നിൽക്കുന്നു. ഒന്നും ആലോചിക്കാതെ പൗലോസ് ക്രെയിനിനു മുകളിലേക്കു കയറി. വീണുകിടക്കുന്ന ആ മനുഷ്യന്റെ അടുത്തെത്തണമെങ്കിൽ 10 അടി താഴേക്ക് ചാടണമായിരുന്നു. സേഫ്റ്റി ബെൽറ്റുപോലും ഇല്ലാതെ പൗലോസ് ചാടി... ഒന്നു പിഴച്ചാൽ മരണത്തിലേക്ക് വീഴുമായിരുന്ന ചാട്ടം. ഷാനിയെ എടുത്തുയർത്തി തോളിൽ കിടത്തി, ഞാണിൻമേലെന്ന പോലെ നടന്ന് മുകളിലെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നവർക്ക് നൽകി. അപ്പോഴേക്കും ഷാനിയുടെ രക്തത്തിൽ പൗലോസ് ആകെ കുതിർന്നിരുന്നു.
പോർട്ടിന്റെ തന്നെ ജീപ്പിൽ ഷാനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് പൗലോസും കൂട്ടരും ഷാനിയുടെ അറ്റുപോയ കാലിന്റെ കാര്യമോർത്തത്. താഴെ മുഴുവൻ നോക്കിയെങ്കിലും കാൽ കണ്ടില്ല. പൗലോസും കൂട്ടരും വീണ്ടും മുകളിലേക്കു കയറി. ഷാനിയുടെ കാൽ ട്രോളിയുടെ വീലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അതെടുത്ത് ഐസിൽ പൊതിഞ്ഞ്, കവറിലാക്കി സ്‌കൂട്ടറിൽ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെത്തിച്ചു. 18 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ഷാനിയുടെ കാൽ തുന്നി ചേർത്തു.
പൗലോസിന്റെ ധീരതയ്ക്ക് ആ വർഷംതന്നെ പോർട്ട് ട്രസ്റ്റ് ഒരു തുക സമ്മാനമായി നൽകി. അന്നത്തെ കേന്ദ്ര തൊഴിൽവകുപ്പ് സഹ മന്ത്രിയായിരുന്ന എം.പി. വീരേന്ദ്രകുമാറാണ് ഇക്കാര്യമറിയിച്ച് കത്ത് നൽകിയത്. എല്ലാവരെയും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് ആ തുക അതേ വേദിയിൽ ഷാനിക്ക് കൈമാറുകയാണ് പൗലോസ് ചെയ്തത്. അതിനൊപ്പം പോർട്ടിലെ ജീവനക്കാർ സ്വരൂപിച്ച തുകയും ഷാനിക്ക് നൽകി. അഞ്ചുമക്കളടങ്ങുന്ന നിർധനരായ കുടുംബത്തിന്റെ അത്താണിയായിരുന്നു ഷാനി.
ജോലിയിടത്തിലെ മികവിനുള്ള ആ വർഷത്തെ കേന്ദ്ര സർക്കാരിന്റെ 'ശ്രം ശ്രീ' പുരസ്കാരം പൗലോസിന്റെ ധീരതയ്ക്കായിരുന്നു. അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയിൽ നിന്ന് പുരസ്കാരമേറ്റുവാങ്ങിയ പൗലോസ് അന്നത്തെ 40,000 രൂപ പോർട്ട് ട്രസ്റ്റിന്റെ സൊസൈറ്റിയിൽ സ്ഥിരനിക്ഷേപമാക്കി. അതിന്റെ പലിശ എല്ലാ മാസവും ഷാനിക്ക് നൽകാൻ കത്തും നൽകി. ഇടയ്ക്ക് ഷാനിയെ കാണാൻ ചെല്ലുമ്പോഴൊക്കെ അയ്യായിരവും പതിനായിരവുമൊക്കെ നൽകും.
ഇടതുകാലിന്റെ ഉയരത്തിൽ നേരിയൊരു വ്യത്യാസമുണ്ടെങ്കിലും ഷാനി പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പെയിന്റിങ് പണിക്ക് പോകാൻ പറ്റാതായെങ്കിലും ഓട്ടോറിക്ഷാ തൊഴിലാളിയായി. ജീവിതസഖിയായി സൂര്യയെ കൂട്ടിയപ്പോഴും ഷാനി ചടങ്ങിൽ പൗലോസിന്റെ സാന്നിധ്യം ഉറപ്പിച്ചു. എറണാകുളം തിരുമുപ്പം ക്ഷേത്രത്തിന് അടുത്ത് വീടുവെച്ച് താമസം തുടങ്ങിയപ്പോൾ പൗലോസ് ഷാനിയെയും ഭാര്യയെയും വീട്ടിൽ കൊണ്ടുവന്ന് വിരുന്നു നൽകി. ഇരുവരും ഇടയ്ക്കിടെ കാണും. എന്നും മെസേജുകൾ കൈമാറും.
ഇലക്‌ട്രീഷ്യനായി ജോലിക്കു കയറിയ പൗലോസ് ഇപ്പോൾ കൊച്ചിൻ പോർട്ട് ഇലക്‌ട്രിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് ഫോർമാനാണ്. മൂന്നു പതിറ്റാണ്ടിന്റെ പോർട്ട് ജീവിതത്തിൽനിന്ന് ചൊവ്വാഴ്ച പൗലോസ് വിരമിക്കും. 'കാല് ഇടയ്ക്കൊക്കെ പ്രശ്നക്കാരനാകും, അപ്പോ വീട്ടിൽത്തന്നെ കിടക്കും. ഓട്ടോറിക്ഷ സ്വന്തമല്ലാത്തതിന്റെ പ്രശ്നങ്ങൾ വേറെ....' ഷാനി പറഞ്ഞു. 'ഇയാൾക്ക് ഒരു ഓട്ടോറിക്ഷ വാങ്ങി ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ...' പൗലോസ് നെടുവീർപ്പിട്ടു.
Content Highlights: auto driver shani prakash kochin port electrical assistant forman tj Paulose friendship story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..