കണ്ണൂര്‍: തങ്ങള്‍ കള്ളത്തരമാണ് പറയുന്നതെന്ന് തെളിയിക്കാന്‍ കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് ജെ ആര്‍പി നേതാവ് പ്രസീത. പുറത്തുവന്ന ശബ്ദരേഖ ഒരുവിധത്തിലും എഡിറ്റ് ചെയ്തിട്ടില്ല. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. സുരേന്ദ്രനില്‍നിന്ന് സി.കെ. ജാനു പണം വാങ്ങിയെന്ന കാര്യം അവര്‍ തന്നോട് സമ്മതിച്ചിരുന്നതായും പ്രസീത പറഞ്ഞു.

ഏഴാം തീയതി തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ സികെ ജാനു ഉണ്ടായിരുന്നു. അന്ന് അവിടെ കെ. സുരേന്ദ്രന്‍ വന്നിരുന്നു. അവിടെവെച്ചാണ് പണം കൈമാറിയത്. അതിനു മുന്‍പ് കെ. സുരേന്ദ്രന്‍ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാവുന്നതാണ്. പണം കിട്ടിയിട്ടുണ്ടെന്ന് സി.കെ ജാനു സമ്മതിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞു. 

കാട്ടിക്കുളത്തും കല്‍പ്പറ്റയിലും ജാനു നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ഉപയോഗിച്ച് എന്താണ് ചെയ്‌തെന്ന് വ്യക്തമാകും. നിരോധിത സംഘടനകളുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു. ചിലര്‍ വന്ന് കണ്ടിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് പണം ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. നിരോധിത സംഘടനകള്‍ ഏതൊക്കെയാണെന്ന കാര്യം വെളിപ്പെടുത്താന്‍ പ്രസീത തയ്യാറായില്ല.

സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തവണ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആയിരുന്ന സികെ. ജാനുവുമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇന്ന് പറഞ്ഞിരുന്നു. സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Content Highlights: audio record can be verified, C.K. Janu, black money, BJP, Praseetha