തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കാനുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കുമെന്ന് ഏറെക്കുറേ ഉറപ്പായി. 

സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ് ലേലത്തില്‍ രണ്ടാമതെത്തിയത്. ജി.എം.ആര്‍. ഗ്രൂപ്പ് മൂന്നാമതും എത്തി. യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരന് വേണ്ടി ചിലവഴിക്കുന്ന തുകയായി ലേലത്തില്‍ രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയതിനാല്‍ സ്വാഭാവികമായും അദാനി ഗ്രൂപ്പ് ഒന്നാമതെത്തുകയായിരുന്നു. 

തിരുവനന്തപുരം, മംഗളൂരു ഉള്‍പ്പെടെയുള്ള രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നത്. ഇതില്‍ അഞ്ചു വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി ഗ്രൂപ്പാണ് മുന്നില്‍. ഗുവാഹത്തി വിമാനത്താവളത്തിന്റെ ലേലനടപടികള്‍ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് തത്കാലത്തേക്ക് റദ്ദാക്കി. 

Content Highlights: auction for trivandrum airport and five other airports, adani group leads