കൊച്ചി: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍ മാപ്പപേക്ഷ നല്‍കി. സത്യവാങ്മൂലം രൂപത്തില്‍ നിരുപാധികം മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു അപേക്ഷ. സംഭവത്തില്‍ കുട്ടിയോടും കോടതിയോടും മാപ്പപേക്ഷിക്കുകയാണെന്ന് പോലീസുകാരി വ്യക്തമാക്കി.

ഈ മാസം 15-ന് കേസ് വീണ്ടും പരിഗണിക്കും. കുട്ടി അനുഭവിച്ച മാനസിക പ്രശ്‌നങ്ങള്‍ക്ക് പകരം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഒരു എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടിയും പിതാവും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റ നിലപാട് ശ്രദ്ധേയമാകും.

കുട്ടിയെ കൗണ്‍സിലിങ് ചെയ്ത ഡോക്ടറോടും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ കൊണ്ട് കുട്ടിയെ കൗണ്‍സിലിങ് നടത്തി അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഇന്ന് ഉത്തരവിടുകയുണ്ടായി.

Content Highlights : Attingal Pink Police Issue; Pink police apologize to child and court