മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. സ്‌കാനിങ്ങിനായി കൊണ്ടുപോകുംവഴിയാണ് സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോള്‍ ശങ്കരമംഗലത്ത് വീട്ടില്‍ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു 38-കാരിയായ വണ്ടൂര്‍ സ്വദേശിനി. ഏപ്രില്‍ 27-ന് പുലര്‍ച്ചെ ഇവരെ ആശുപത്രിയില്‍നിന്ന് പുറത്തേക്ക് സ്‌കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. 

പ്രശാന്തിനെ പോലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. കോവിഡ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. അതിനാല്‍ സംഭവസമയത്ത് അവര്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ചികിത്സ കഴിഞ്ഞ് വണ്ടൂരിലെ വീട്ടിലെത്തിയ ശേഷം വീണ്ടും ഡോക്ടറെ കാണാന്‍ പോയിരുന്നു. ആ സമയത്ത് യുവതി സംഭവത്തെ കുറിച്ച് ഡോക്ടറോടു പറയുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ പോലീസിനെ വിവരം അറിയിച്ചു. വണ്ടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പെരിന്തല്‍മണ്ണ പോലീസിന് കൈമാറി. 

content highlights: attempt to molest covid patient in malappuram