തിരുവനന്തപുരം: ചട്ടവിരുദ്ധമായി കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാന്‍ മന്ത്രി കെ.ടി. ജലീലിൽ ഇടപെട്ടതായി ആരോപണം. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയെന്നും ആരോപണത്തിലുണ്ട്. 

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ലാറ്റിന്‍ ഭാഷാ അധ്യാപകനെ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാനാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. 

തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ലാറ്റിന്‍ ഭാഷാ അധ്യാപകനും പ്രിന്‍സിപ്പാളുമായ ഡോ.  ഫാ. വി.വൈ. ദാസപ്പനെയാണ് ഇതേ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാന്‍ നീക്കം. ഈ ആവശ്യം ഉന്നയിച്ചുള്ള കോളേജ് മാനേജ്‌മെന്റിന്റെ അപേക്ഷ പരിഗണിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ പ്രത്യേകം യോഗം ചേര്‍ന്നു.

എന്നാല്‍ അധ്യാപകന്റെ അപേക്ഷ സര്‍വകലാശാല നേരത്തെ നിരസിച്ചതാണെന്ന് ജോയിന്റ് രജിസ്ട്രാര്‍ യോഗത്തെ അറിയിച്ചു. യോഗ്യതകള്‍ പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി സര്‍വകലാശാലയോടു നിര്‍ദേശിക്കുകയായിരുന്നു. അപേക്ഷ സമര്‍പ്പിച്ച അധ്യാപകനും കോളേജ് മാനേജ്‌മെന്റ് പ്രതിനിധിയും ഇതേ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് വിചിത്രമായ കാര്യം. 

അധ്യാപകന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും എം ഫിലും പി.എച്ച്.ഡിയും ഉണ്ട്. എന്നാല്‍ യു.ജി.സി. ചട്ടപ്രകാരം ഒരു വിഷയത്തില്‍ നിയമിക്കുന്ന അധ്യാപകനെ മറ്റൊരു വിഷയത്തിലേക്ക് മാറ്റാന്‍ സ്റ്റാറ്റിയൂട്ട് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍വകലാശാലയുടെ അവകാശങ്ങളില്‍ മന്ത്രി ഇടപെടുന്നുവെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

content highlighlights: attempt to appoint latin language teacher as english teacher-allegation against kt jaleel