പാലക്കാട്: അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ വധിച്ച മാവോവാദികളില്‍നിന്ന് പോലീസ് പിടിച്ചെടുത്തത് എകെ 47 തോക്കും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍. 

ഒരു എ.കെ. 47 തോക്ക്, അരിവാള്‍ ചുറ്റിക ചിഹ്നം കൊത്തിയത് ഉള്‍പ്പെടെയുള്ള ആറ് നാടന്‍ത്തോക്കുകള്‍, കത്തികള്‍, റേഡിയോ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ടോര്‍ച്ചുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയും മാവോവാദികളുടെ പതാകയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. 

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചത്. തിങ്കളാഴ്ച തണ്ടര്‍ബോള്‍ഡ് സംഘത്തിന് നേരേ മാവോവാദികള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടത്. 

കഴിഞ്ഞദിവസം മാവോവാദികളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. തുടര്‍ന്ന് തണ്ടര്‍ബോള്‍ഡ് സംഘം തിരിച്ചടിക്കുകയും രണ്ടുമണിക്കൂറോളം ഏറ്റുമുട്ടല്‍ തുടരുകയും ചെയ്തു. ഇതിനിടെയാണ് മാവോവാദി നേതാവായ മണിവാസകം കൊല്ലപ്പെട്ടത്. 

Content Highlights: attappadi maoist encounter; police seized ak 47 gun,laptop,local made guns,pendrives from them