കൊല്ലപ്പെട്ട മധു | ഫയൽചിത്രം
പാലക്കാട്: അട്ടപ്പാടി മധു കൊലപാതകക്കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു. മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടും.
കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൊവ്വാഴ്ചയും ഹാജരാകാത്തതിനെ തുടര്‍ന്ന് ഒടുവില്‍ കോടതിക്ക് തന്നെ ചോദിക്കേണ്ട അവസ്ഥ വന്നിരുന്നു. കേസിന്റെ ഓണ്‍ലൈന്‍ സിറ്റിംഗിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതോടെ കേസ് മാര്‍ച്ച് 26ലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ പ്രതികരണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 15-ന് കേസ് പരിഗണിച്ചപ്പോളും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്. എന്നാല്‍ 25-നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയില്ല.
നേരത്തെയും മധു കേസ് പരിഗണിച്ചപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രോസിക്യൂഷന്‍ വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പിന്നാലെ പോകാനും സമ്മര്‍ദം ചെലുത്താനും തങ്ങള്‍ക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ മല്ലി അന്ന് പ്രതികരിച്ചത്.
2018 ഫെബ്രുവരി 22-നാണ് ആദിവാസിയുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് ഏറെ ചര്‍ച്ചയായെങ്കിലും കേസിന്റെ നടത്തിപ്പില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിക്കുന്നത്. കേസിനായി ആദ്യം ഒരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങള്‍ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു.
പിന്നീട് 2019 ഓഗസ്റ്റിലാണ് വി.ടി.രഘുനാഥിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പക്ഷേ, ഒരിക്കല്‍പോലും അദ്ദേഹം മണ്ണാര്‍ക്കാട്ടെ കോടതിയില്‍ എത്തിയില്ല. അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകര്‍ മാത്രമാണ് കോടതിയില്‍ വന്നത്. എന്നാല്‍ കേസിലെ പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞെന്ന് താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനൗദ്യോഗിക വിശദീകരണം. അതേസമയം, ഡി.ജി.പി. ഓഫീസില്‍നിന്ന് അദ്ദേഹത്തോട് തന്നെ കേസിന്റെ പ്രോസിക്യൂട്ടറായി തുടരാന്‍ ആവശ്യപ്പെട്ടതായും വിവരങ്ങളുണ്ട്.
Content Highlights: attappadi madhu murder case new special prosecutor will be appointed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..