മധൂ, നിനക്ക് നീതി അകലെ ; തിരിച്ചടിയായി കൂട്ടക്കൂറുമാറ്റം, കുടുംബത്തിന് ഭീഷണി


മധു | Photo - Mathrubhumi archives

കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിചാരണ തുടങ്ങാന്‍ വൈകിയത് സാക്ഷികളുടെ കൂട്ടമായ കൂറുമാറ്റത്തിന് കാരണമായതായി നിയമവൃത്തങ്ങള്‍. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വിചാരണയും ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തേതുപോലുള്ള കൂറുമാറ്റം ഉണ്ടാകില്ലായിരുന്നുവെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതികളും സാക്ഷികളും ഒരേസ്ഥലത്തുളളവരാണ്. നാലുവര്‍ഷമായി പുറത്തുള്ള പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ എളുപ്പമായിരുന്നു. വിചാരണ നേരത്തേ നടത്തിയിരുന്നെങ്കില്‍ ഇതിനുള്ള സാധ്യത തടയാനാകുമായിരുന്നു.

മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി. കോടതിയിലാണ് വിചാരണ നടക്കുന്നത്. ഒന്നരവര്‍ഷത്തിനുശേഷമാണ് കേസിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെപ്പോലും നിയമിക്കുന്നത്. ആദ്യം നിയമിക്കപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞു. 2019-ല്‍ വി.ടി. രഘുനാഥിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും രാജിവെച്ചു. കേസില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതില്‍ വിചാരണക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ഹൈക്കോടതി അഭിഭാഷകനായ സി. രാജേന്ദ്രനെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. പ്രധാന സാക്ഷികള്‍ കൂറുമാറിയതോടെ ഇദ്ദേഹത്തിനെ മാറ്റണമെന്ന ആവശ്യം മധുവിന്റെ അമ്മ ഉള്‍പ്പെടെ ഉന്നയിച്ചു. തുടര്‍ന്ന് രാജേഷ് എം. മേനോനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി. എന്നിട്ടും സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്. കൂറുമാറിയവര്‍ക്കെതിരേ നിയമപരമായ നടപടിയുണ്ടാകുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ പറഞ്ഞു.

കേസിന്റെ നാള്‍വഴികള്‍

  • ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പാലക്കാട് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി
  • ആ വര്‍ഷം അവസാനത്തോടെ കോടതിയില്‍ കുറ്റപത്രം
  • വിചാരണ ആരംഭിച്ചത് നാലുവര്‍ഷത്തിന് ശേഷം.
  • മധുവിന്റെ അടുത്ത ബന്ധുക്കള്‍ അടക്കം ഇതുവരെ വിസ്തരിച്ച പ്രധാന സാക്ഷികളില്‍ ഒന്‍പതുപേരും കൂറുമാറി
ഫലം കാണാത്ത നിയമങ്ങള്‍

പോക്‌സോ കേസുകളുടെയുംമറ്റും വിചാരണ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിയമമുണ്ട്. എന്നാല്‍, ആദിവാസികള്‍പോലെ സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരായ മനുഷ്യരോടുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ ഇത്തരം നിബന്ധനകളില്ല. സാക്ഷികളടക്കമുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ആവിഷ്‌കരിച്ച വിക്ടിം റൈറ്റ്സ് സെന്റര്‍പോലുള്ള സംവിധാനങ്ങളും ഇത്തരം കേസുകളില്‍ ഫലം കാണുന്നില്ല. 2018-ല്‍ ആവിഷ്‌കരിച്ച വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം (സാക്ഷി സംരക്ഷണ പദ്ധതി) ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുമില്ല.

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയുവാവ് മധു ആള്‍കൂട്ടമര്‍ദനത്തിരയായി കൊല്ലപ്പെട്ട കേസില്‍ 19-ാം സാക്ഷി കക്കിമൂപ്പനും പട്ടികജാതി-പട്ടികവര്‍ഗ സ്‌പെഷ്യല്‍ കോടതിയില്‍ ശനിയാഴ്ച കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. നേരത്തെ ഉണ്ണിക്കൃഷ്ണന്‍, ചന്ദ്രന്‍, ആനന്ദന്‍, മെഹറുന്നീസ, ജോളി, കാളി മൂപ്പന്‍, റസാഖ്, അനില്‍കുമാര്‍ എന്നിവര്‍ കൂറുമാറിയിരുന്നു.

അജമുടിയിലെ കാട്ടില്‍ മധുവിനെക്കണ്ട വിവരം രണ്ടാംപ്രതി മരയ്ക്കാറിന് പറഞ്ഞുകൊടുത്തെന്നും മരയ്ക്കാരാണ് മറ്റുള്ളവരെ കൂട്ടിയതെന്നും പോലീസിന് നേരത്തേ മൊഴിനല്‍കിയ ആളാണ് കക്കിമൂപ്പനെന്നാണ് പോലീസ് രേഖകളിലുള്ളത്. എന്നാല്‍, പോലീസിന് മൊഴിനല്‍കിയില്ലെന്നും മജിസ്ട്രേറ്റിന് നല്‍കിയ മൊഴി പോലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നും കക്കിമൂപ്പന്‍ കോടതിയില്‍ പറഞ്ഞു. മധുവിനെയും മരക്കാറിനെയും അറിയില്ലെന്നും കക്കിമൂപ്പന്‍ പറഞ്ഞു. 20-ാം സാക്ഷി മരുതനെ തിങ്കളാഴ്ച വിസ്തരിക്കും.

മധുവിന്റെ അമ്മയ്ക്ക് ഭീഷണി: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് കോടതി

മണ്ണാര്‍ക്കാട്: മധുവിന്റെ അമ്മ മല്ലിയെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ കോടതി ഉത്തരവ്. ജൂലായ് 23-ന് അഗളി ഡിവൈ.എസ്.പി. ക്ക് പരാതിനല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കോടതിയുടെ പ്രത്യേകനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ട് മല്ലി മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ജൂലായ് എട്ടിന് അബ്ബാസ് എന്നയാളാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് മല്ലി പരാതിയില്‍ പറയുന്നു. ഭീഷണിക്ക് വഴങ്ങിയാണ് തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറുന്നതെന്നും മല്ലി ആരോപിച്ചു. പരാതിക്കാരിക്കുവേണ്ടി മധുകേസിന്റെ ലീഗല്‍ എയ്ഡ് ജസ്ന ഷബീറലിയാണ് ഹാജരായത്.

Content Highlights: attappadi madhu murder case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented