ഫോട്ടോ കടപ്പാട്: സഭ ടി.വി
തിരുവനന്തപുരം: അട്ടപ്പാടി മുരുഗള ഊരില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എ ഷംസുദ്ദീന് ആണ് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
'ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംഭവം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്. അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് പറയേണ്ടിവരും. ഈ മാസം മാത്രം നാല് കുഞ്ഞുങ്ങളാണ് അട്ടപ്പാടി ഊരില്‍ മരിച്ചത്. കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല. ആശുപത്രി കാന്റീന് ഒരാഴ്ചയായി പൂട്ടിക്കിടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം', ഷംസുദ്ദീന് പറഞ്ഞു.
എന്നാല്‍, മഴയില്‍ റോഡില്‍ ചെളി നിറഞ്ഞതുകൊണ്ടാണ് ഊരിലേക്ക് വാഹനസൗകര്യം ഇല്ലാത്തതെന്നും മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയെന്നും ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി ഊരില്‍ വാഹന സൗകര്യക്കുറവ് പരിഹരിക്കാന്‍ ശ്രമിക്കും. എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്. ഗതാഗത പ്രശ്നം തീര്‍ക്കാന്‍ പ്രത്യക പാക്കേജ് നടപ്പാക്കും. അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കെ. രാധാകൃഷ്ണന് വിശദീകരിച്ചു.
മുരുഗള ഊരില്‍ മരിച്ച കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിശദീകരിച്ചു. കുഞ്ഞിന് ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നു. അട്ടപ്പാടിയിലെ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയു അടക്കം ഒരുങ്ങുകയാണ്, കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യം ഉണ്ട്. ഷംസുദ്ദീീന്‍ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഇരു മന്ത്രിമാരുടേയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനിടെ ഷംസുദ്ദീന് കോട്ടത്തറ ആശുപത്രി സന്ദര്‍ശിക്കണമെന്ന വീണ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് എംഎല്‍എയെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു. വീണ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു, ഓട് പൊളിച്ചു വന്നതല്ല ഷംസുദ്ദീനെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..