തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ നിലയില്‍ എത്തിനില്‍ക്കുന്നത് കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ലായെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി.ഗോപികുമാറും സംയുക്ത പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

വനിത ഡോക്ടര്‍ക്കെതിരെയുള്ള ആക്രമണം അതിനീചവും സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണവുമാണ്. വനിതാ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഈ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഈ കോവിഡ് കാലഘട്ടത്തില്‍പ്പോലും ഇങ്ങനെ സംഭവിക്കുന്നത് ഇനിയും നോക്കി നില്‍ക്കാനാവില്ലയെന്നും പത്രക്കുറിപ്പില്‍ ഐ.എം.എ. വ്യക്തമാക്കി. 

കോവിഡ് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടര്‍മാരെ തള്ളിവിടാതിരിക്കുവാനുള്ള സത്വര നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കിടയറ്റതാക്കുക എന്നിവ ഉടനടി നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്രനിയമം കൊണ്ടുവരുവാന്‍ കേന്ദ്രസര്‍ക്കാരിനോടും ഐ.എം.എ. ആവശ്യപ്പെടുന്നുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെ അപലപിക്കാന്‍ പോലും തയ്യാറാവാത്ത പൊതുസമൂഹത്തിന്റെ നിലപാട് തങ്ങളെ ഞെട്ടിക്കുന്നുവെന്നും  മാനസിക പിന്‍ബലം നല്‍കേണ്ട സമൂഹം കയ്യൊഴിയുന്നുവെന്ന അപകടകരമായ തോന്നല്‍ ഡോക്ടര്‍മാരില്‍ ഉണ്ടാകുന്നൂ എന്നുള്ളത് അത്യന്തം നിര്‍ഭാഗ്യകരമാമെന്നും ഐ.എം.എ അറിയിച്ചു.  

Content Highlights: Attacks against doctors will not be tolerated says IMA