തിരുവനന്തപുരം: ബസില്‍ കിടന്നതിന് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മര്‍ദനേറ്റെന്ന് പരാതിപ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തില്‍ എസ്.അനിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

തിരുവനന്തപുരത്ത് ചികിത്സ തേടിയ ശേഷം പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് സഹോദരനുമായി വരുമ്പോള്‍ കഴിഞ്ഞ 24-ന് വെമ്പായത്ത് വെച്ചാണ് അനിലിന് മര്‍ദനമേറ്റതെന്നാണ് കുടുംബത്തിന്റെ ആരോപണം. 

അവശനിലയിലായിരുന്ന അനി ബസിന്റെ സീറ്റില്‍ കിടന്നുറങ്ങിയതായിരുന്നു. മദ്യപനെന്ന് കരുതി ചോദ്യം ചെയ്ത ബസ് കണ്ടക്ടറോട് രോഗിയാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് ആരോപണം. സ്ഥലത്തെത്തിയ പോലീസ് ആദ്യം പെറ്റി നല്‍കിയെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടതോടെ ഇത് ഒഴിവാക്കി.

പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ അനിയെ കാണാതാകുകയായിരുന്നു. ഏരൂരിലെ അമ്മയുടെ വീട്ടിലെത്തി മുറിയില്‍ കയറി കതകടച്ചതായുള്ള വിവരത്തെ തുടര്‍ന്ന്‌ ബന്ധുക്കളെത്തി കതക് പൊളിച്ച് അകടത്തു കടന്നപ്പോള്‍ അനി തൂങ്ങിയ നിലയിലായിരുന്നു. കരള്‍ രോഗബാധിതനായിരുന്നു അനി.

മര്‍ദനമേറ്റതില്‍ പോലീസിനും മറ്റും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.