പ്രതീകാത്മകചിത്രം
കണ്ണൂര്‍: കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. എമര്‍ജന്‍സി മെഡിസിന്, ഓര്‍ത്തോപീഡിക്സ്, സര്‍ജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കണിച്ചാര്‍ ചെങ്ങോം കോളനിയില്‍ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മര്‍ദിച്ചത്. തലയ്ക്കും മുഖത്തും അടക്കം പരിക്കേറ്റു. കഴിഞ്ഞദിവസം വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. യുവതിയുടെ രണ്ടാംഭര്‍ത്താവായ പാലുകാച്ചി സ്വദേശി രതീഷ് വീട്ടില്‍വെച്ച് കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
പരിക്കേറ്റ കുഞ്ഞിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്നവിവരം.
Content Highlights: Attack on toddler in Kannur; govt. to dear medical expenses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..