മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെ പുരക്കല്‍ സൈനുദ്ദിന്റെ വീടാണ് മണ്ണെണ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തില്‍ വീടുനുള്ളില്‍ ഉറങ്ങികിടന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു.  

പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. 

സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. നേരത്തെ കൂട്ടായിലുണ്ടായ സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ ഇതേ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടില്‍ മോഷണം നടക്കുകയും  വീട്ടുപകരണങ്ങള്‍ നശിപ്പിക്കപെടുകയും ചെയ്തിരുന്നു. 

അന്നത്തെ സംഭവങ്ങള്‍ക്കു ശേഷം  പ്രദേശത്ത് സമാധാന യോഗം വിളിച്ചു ചേര്‍ത്ത്  പ്രശ്നങ്ങള്‍ പരിഹരിച്ചതായിരുന്നു. നിലവില്‍ കൂട്ടായിയില്‍ സിപിഎമ്മിന്റെയും  ലീഗിന്റെയും സമാധാന കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമാണോ എന്ന കാര്യം വ്യക്തമല്ല.