ജിതിൻ മോഹന്റെ വീടിന് നേരെ ആക്രമണമുണ്ടായപ്പോൾ | Photo: Screengrab from Mathrubhumi News
കൊടുമണ്‍: അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സംഘര്‍ഷത്തേ തുടര്‍ന്ന് എ.ഐ.വൈ.എഫ്. നേതാവിന്റെ വീടിന് നേരെ ആക്രമണം. എ.ഐ.വൈ.എഫ്. കൊടുമണ്‍ മേഖലാ സെക്രട്ടറി ജിതിന്‍ മോഹന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. അക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐയാണെന്ന് എ.ഐ.വൈ.എഫ്. ആരോപിച്ചു.
ഇന്നലെ, അങ്ങാടിക്കല്‍ 1127-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സി.പി.എം.പാനലിനെതിരേ സി.പി.ഐ.സഹകരണ സംരക്ഷണ മുന്നണി എന്ന പേരില്‍ മത്സരരംഗത്ത് വന്നതാണ് കാരണം. സംഘര്‍ഷത്തില്‍ മൂന്നുപോലീസ് ഉദ്യോഗസ്ഥര്‍ക്കും മൂന്നു സി.പി.എം. പ്രവര്‍ത്തകര്‍ക്കും മൂന്ന് സി.പി.ഐ. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
അങ്ങാടിക്കല്‍ പ്രദേശത്ത് ഒരുമാസം മുമ്പ് സി.പി.എമ്മില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ രാജിവെച്ച് സി.പി.ഐ.യില്‍ ചേര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കരുതുന്നു. വര്‍ഷങ്ങളായി സി.പി.എം. ഒറ്റയ്ക്കാണ് അങ്ങാടിക്കല്‍ സര്‍വീസ് ബാങ്കില്‍ ഭരണം നടത്തിയിരുന്നത്. ഇപ്രാവശ്യം സി.പി.ഐ.സീറ്റുകള്‍ ആവശ്യപ്പെടുകയും സി.പി.എം.നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് നാല് ജനറല്‍ സീറ്റുകളിലേക്കും ഒരു സംവരണ സീറ്റിലേക്കും സി.പി.ഐ. സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയായിരുന്നു.
ഇന്നലെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ പ്രധാനപ്പെട്ടയാളായിരുന്നു ജിതിന്‍ മോഹന്‍. അദ്ദേഹത്തിന്റെ ഐക്കാടുള്ള വീടിന് നേരെ ഇന്നലെ രാത്രി 11.30 ഓടെയാണ് ആക്രമണമുണ്ടായത്. ഇന്നലത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം നടക്കുമ്പോള്‍ ജിതിന്‍ മോഹന്‍. അദ്ദേഹത്തിന്റെ അച്ഛന്‍, ഭാര്യ, രണ്ട് കുട്ടികള്‍, മുത്തശ്ശി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. രാവിലെമുതല്‍ സംഘര്‍ഷസാധ്യത നിലനിന്നിരുന്നു. വന്‍ പോലീസ് സന്നാഹം ഇവിടെയുണ്ടായിരുന്നു. കൊടുമണ്‍, അടൂര്‍, ഏനാത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം അടൂര്‍ വടക്കടത്തുകാവ് കെ.എ.പി. മൂന്നാം ബറ്റാലിയനിലെ പോലീസ് സംഘവും ക്യാമ്പ് ചെയ്തിരുന്നു.
കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് രാവിലെ 11-ന് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തുവെങ്കിലും പോലീസ് ഇടപെട്ട് ശാന്തമാക്കി. വൈകീട്ട് മൂന്നരയോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. തിരഞ്ഞെടുപ്പ് നടന്ന സ്‌കൂളിന്റെ മുന്‍വശത്ത് നിന്നിരുന്ന പ്രവര്‍ത്തകരുടെ ഇടയിലേക്ക് കല്ലുകളും സോഡാ കുപ്പികളും ആരോ വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് രംഗം വഷളായത്. ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലും നടന്നിരുന്നു.
Content Highlights: Attack on AIYF leader's house in Kodumon, Pathanamthitta


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..