തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താലിലും പ്രതിഷേധ പ്രകടനത്തിനിടെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി ജില്ലാ തലത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കാനും ഡിജിപി നിര്‍ദേശം നല്‍കി.

ഇത്തരം അക്രമങ്ങള്‍ ഗൗരവമായാണ് കാണുന്നത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

 പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഇത്തരം ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ഇന്റലിജെന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.  കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് വന്‍ തോതില്‍ ആക്രമണമുണ്ടായത്. 

ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാ മാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. അണികളാണ് അക്രമം നടത്തുന്നതെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം വ്യാപകമായതോടെ കോഴിക്കോട്ട് കെ.സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യാതെ ബഹിഷ്‌കരിച്ചു. കെ.പി ശശികലയ്ക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ കോട്ടയം പ്രസ് ക്ലബ് അനുമതി നിഷേധിച്ചു.

ബുധനാഴ്ചയും കോഴിക്കോടും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. 

content highlights: Attack against media, Kerala DGP ordered to set special investigation team on district basis