ഇ. ചന്ദ്രശേഖരൻ | Photo - Mathrubhumi archives
കാസര്‍കോട്: മുന്‍ മന്ത്രിയും സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആക്രമിച്ച കേസില്‍ പ്രതികളായ ആര്‍.എസ്.എസ്., ബി.ജെ.പി. പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു. സാക്ഷികളായ സി.പി.എം. നേതാക്കള്‍ കൂറുമാറിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ 12 പേരെയാണ് കോടതി വെറുതേ വിട്ടത്.
2016 മേയ് 19-ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലില്‍ ആഹ്‌ളാദപ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരന്‍ ഒന്നാം പിണറായി സര്‍ക്കാറില്‍ മന്ത്രിയായി ചുമതലയേറ്റത്.
ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ടി.കെ.രവി 2022 നവംബര്‍ 28-ന് നടന്ന വിചാരണയ്ക്കിടെയാണ് കൂറുമാറിയത്. മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗം അനില്‍ ബങ്കളമാണ് മൊഴിമാറ്റിയ മറ്റൊരാള്‍. സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയാ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണന്‍, ഏരിയാ കമ്മിറ്റിയംഗം പി.കെ.രാമചന്ദ്രന്‍, ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗം സിനു കുര്യാക്കോസ് ഉള്‍പ്പെടെ 11 സി.പി.എം. പ്രവര്‍ത്തകര്‍ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏതാനും മാസംമുന്‍പ് കൂറുമാറിയിരുന്നു.
ഇത്തരമൊരു നടപടി പ്രതീക്ഷിച്ചതല്ലെന്നും സി.പി.എം. പരിശോധിക്കണമെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി.ബാബു പ്രതികരിച്ചു. ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിക്കുമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ ജില്ലാ നേതൃത്വം ഇടപെട്ടിട്ടില്ലെന്നും അന്വേഷിക്കുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.
Content Highlights: Attack against E Chandrasekharan CPM CPI BJP RSS
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..