പ്രതീകാത്മകചിത്രം| Photo: Mathrubhumi
കോഴിക്കോട്: സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്റെ തലവനെ അപായപ്പെടുത്താന്‍ ശ്രമം. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്.
വയനാട് കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മുക്കം മുതല്‍ എടവണ്ണപ്പാറവരെ നാല് വാഹനങ്ങള്‍ തന്റെ വാഹനത്തെ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹം കൊണ്ടോട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. നാല് തവണ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും സ്വന്തം വീടിന് അടുത്തുവച്ച് പോലും ആക്രമണ ശ്രമം ഉണ്ടായെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും സുമിത് കുമാര്‍ പോലീസിന് നല്‍കിയ പരാതിയിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
രണ്ട് ബൈക്കുകളാണ് ആദ്യം തന്റെ വാഹനത്തെ പിന്തുടര്‍ന്ന് എത്തിയതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ സുമിത് കുമാര്‍ പറയുന്നു. രണ്ട് കാറുകള്‍കൂടി പിന്നീട് എത്തി. ഒരു ബൈക്കും കാറും തന്റെ വാഹനത്തെ മറികടന്ന് മുന്നില്‍ കയറി. എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങളുടെ നമ്പറുകള്‍ അദ്ദേഹം പോലീസിന് കൈമാറിയിട്ടുണ്ട്. തന്റെ വാഹനത്തെ മറികടന്ന് മുന്നിലെത്തിയ ഒരു ബൈക്കിന്റെയും കാറിന്റെയും രജിസ്റ്റര്‍ നമ്പറുകളാണ് പോലീസിന് കൈമാറിയിട്ടുള്ളത്.
കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങള്‍ അടുത്തിടെ കൊടുവള്ളി സ്വദേശികള്‍ വാങ്ങിയെന്ന വിവരവും അദ്ദേഹം പോലീസിന് നല്‍കിയിട്ടുണ്ട്. തന്റെ ഡ്രൈവര്‍ വാഹനം വേഗത്തില്‍ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ഏതാനം ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘമാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും നീക്കത്തിന് പിന്നില്‍ ഗൂഢസംഘമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കസ്റ്റംസും പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കസ്റ്റംസിന്റെ വിവിധ യൂണിറ്റുകള്‍ അന്വേഷണം നടത്തുന്നുണ്ടെന്നും സുമിത് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളുടെ അന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടുപോകുന്ന ഉദ്യോഗസ്ഥനുനേരെ നാല് തവണ ആക്രമണ ശ്രമം നടന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണ്. കോളിളക്കം സൃഷ്ടിച്ച കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്റെ തലവന്‍ കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തശേഷം കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന വിവരം എങ്ങനെ ഗൂഢസംഘങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി എന്നതും ഗൗരവമേറിയ കാര്യമാണ്.
content highlights: attack against customs commissioner Sumith Kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..