തിരുവനന്തപുരം: മൊറട്ടോറിയം കാലാവധി റിസര്‍വ് ബാങ്ക് നീട്ടിനല്‍കാത്ത സാഹചര്യത്തില്‍ ജപ്തി നടപടികളുണ്ടാകുമെന്ന് ബാങ്കുകളുടെ അറിയിപ്പ്‌.

സംസ്ഥാനത്ത് അനുവദിച്ച മൊറട്ടോറിയം മാര്‍ച്ച് 31 ന് അവസാനിച്ചതോടെ വായ്പാ തിരിച്ചടവ് വീഴ്ചയില്‍ ജപ്തി നടപടികളുണ്ടാകുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി പരസ്യത്തിലൂടെ വ്യക്തമാക്കി.

എസ് എല്‍ബിസിയില്‍ അംഗമായ ബാങ്ക് നടത്തുന്ന ജപ്തി നടപടിയ്ക്ക് നിയമസാധുതയുണ്ടെന്ന് സമിതി അറിയിച്ചു. 

2018 ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ചേരുകയും മൊറട്ടോറിയം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാത്തതിനാല്‍ 2019 മാര്‍ച്ച് 31 ന് മൊറട്ടോറിയം അവസാനിച്ചതായാണ് സമിതി പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

സംസ്ഥാനസര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 31 ന് ശേഷം മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ജപ്തി ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് സമിതി അറിയിച്ചിരിക്കുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന് സമിതി വ്യക്തമാക്കി. 

റിസര്‍വ് ബാങ്ക് അംഗീകാരമില്ലാത്തതിനാല്‍ ബാങ്കുകള്‍ക്ക് മൊറട്ടോറിയം അനുവദിക്കാനാവില്ലെന്ന് സമിതി അറിയിച്ചു. നിലവില്‍ മൊറട്ടോറിയം നിലവിലില്ലാത്തതിനാല്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്ന് സമിതി പരസ്യത്തില്‍ പറയുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് വിലക്കില്ലെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. 

 

Content Highlights: RBI Loans Moratorium SLBC