സൊഹൈൽ
കായംകുളം: പൊതുമേഖലാ ബാങ്കിന്റെ എ.ടി.എം. യന്ത്രത്തിൽ കൃത്രിമം നടത്തി 2.17 ലക്ഷം രൂപ കവർന്ന കേസിൽ ഹരിയാണ സ്വദേശി പിടിയിൽ. പാനിപ്പത്ത് ക്യാപ്റ്റൻ നഗർ വില്ലേജ് സ്വദേശി സൊഹൈൽ (30) ആണ് അറസ്റ്റിലായത്.
നഗരത്തിൽ മുത്തൂറ്റ് ബിൽഡിങ്ങിലെ എ.ടി.എം. കൗണ്ടറിലെ ഓട്ടോമാറ്റിക് ഡെപ്പോസിറ്റ് കം വിത്ഡ്രോവൽ യന്ത്രത്തിൽ (എ.ഡി.ഡബ്ല്യു.എം.) നിന്നാണു പണം കവർന്നത്. കാർഡുപയോഗിച്ച് പണമെടുക്കുമ്പോൾ പണംവരുന്ന ഭാഗത്ത് കൃത്രിമം നടത്തിയാണു തട്ടിപ്പ്. കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഏഴുവരെ വിവിധ ബാങ്കുകളുടെ എ.ടി.എം. കാർഡുകളുപയോഗിച്ചായിരുന്നു കവർച്ച.
അറസ്റ്റിലായ ആളുടെയും ബന്ധുക്കളുടെയും ഹരിയാണയിലെ ബാങ്ക് അക്കൗണ്ടിന്റെ എ.ടി.എം. കാർഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ബാങ്ക് പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് വീഡിയോദൃശ്യങ്ങൾ പരിശോധിച്ചാണ് ആളെ മനസ്സിലാക്കിയത്.
പുതിയിടം ക്ഷേത്രത്തിനു സമീപം ഗ്യാസ്സ്റ്റൗ വിൽക്കുന്ന ഉത്തർപ്രദേശ് സ്വദേശിയുടെ സഹായിയാണ് സൊഹൈൽ. അന്വേഷണത്തിൽ, ഇയാൾ സ്ഥലംവിട്ടെന്നു മനസ്സിലായി. ടവർ ലൊക്കേഷൻ പരിശോധിച്ചു ചെന്ന് രാജസ്ഥാനിലെ ഗജ്സിങ്പുരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കായംകുളത്തെത്തിച്ച പ്രതിയെ താമസസ്ഥലത്തെത്തിച്ച് തെളിവെടുത്തു. 13 എ.ടി.എം. കാർഡുകളും പാൻ, തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു. തട്ടിപ്പുസംഘത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നു കരുതുന്നു.
കായംകുളം ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, എസ്.ഐ. വി. ഉദയകുമാർ, സി.പി.ഒ. മാരായ എസ്. സുധീഷ്, കെ.ഇ. ഷാജഹാൻ, ജി. ദീപക്, ജി. അനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
Content Highlights: atm tampering hariyana native arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..