കൊച്ചി: തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ പ്രധാന റോഡരികിലെ രണ്ട് എ.ടി.എമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിന് പിന്നില്‍ ഏഴംഗ സംഘമെന്ന്‌ സൂചന. ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ച് സ്‌കൂളിന് പിന്നില്‍ നിന്ന് ഏഴു പേര്‍ നടന്ന പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

സിസിടിവിയില്‍ പതിഞ്ഞ പ്രദേശത്ത് തന്നെയാണ് മണം പിടിച്ച പോലീസ് നായയും എത്തിയത്. ഈ ഏഴംഗ സംഘം ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ വഴി രക്ഷപ്പെട്ടുവെന്നാണ് നിഗമനം. ചാലക്കുടിയില്‍ നിന്ന് പാസഞ്ചറില്‍ തൃശിലെത്തിയ ശേഷം അവിടെ നിന്ന് ധന്‍ബാദ് എക്‌സ്പ്രസില്‍ കേരളം വിട്ടെന്നാണ് അനുമാനിക്കുന്നത്‌.

പ്രഫഷണല്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് തൃശൂര്‍ റൂറല്‍ എസ്പി പറഞ്ഞു. മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സേനകളുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികള്‍ ഉപേക്ഷിച്ച വാഹനത്തിന് സമീപം കണ്ടെത്തിയ രക്തക്കറയ്ക്ക് കേസുമായി ബന്ധമില്ലെന്നാണ് സൂചന. എറണാകുളം ഇരുമ്പനത്ത് എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍നിന്ന് 25 ലക്ഷം രൂപയും തൃശ്ശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍നിന്ന് 10.60 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്തുമാറ്റി ട്രേയിലിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഇതര സംസ്ഥാനക്കാരാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.