തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിലെ പ്രതികള്‍ നശിപ്പിച്ചത് സഭയിലെ 2,20,093 രൂപയുടെ പൊതു മുതലെന്ന് കോടതി. പ്രതികള്‍ ബഡ്ജറ്റ് അവതരണത്തിന്റെ തലേദിവസം സഭയില്‍ തങ്ങിയതില്‍ നിന്ന് സഭ തല്ലിത്തകര്‍ക്കാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. ബജറ്റ് തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തില്‍ തീരുമാനിക്കേണ്ട കാര്യമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. 

കേസില്‍ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. നവംബര്‍ 22ന് പ്രതികളെല്ലാം കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അന്നുതന്നെ കുറ്റപത്രം പ്രതികളെ വായിച്ചുകേള്‍പ്പിക്കും. 

ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ ബഡ്ജറ്റ് അവതരണത്തിന്റെ തലേദിവസം സഭയില്‍ തങ്ങിയതില്‍ നിന്ന് സഭ തല്ലി തകര്‍ക്കാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. സഭ തല്ലിത്തകര്‍ത്ത് പ്രതികള്‍ 2,20,093 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. അഞ്ചോളം സാക്ഷികള്‍ പ്രതികളുടെ പങ്കും അവര്‍ തല്ലിത്തകര്‍ത്ത സാധനങ്ങളേക്കുറിച്ചും വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ട്.

ബജറ്റ് തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തില്‍ തീരുമാനിക്കേണ്ട കാര്യമല്ല. മാത്രമല്ല മുഖ്യ വിചാരണയുടെ ഭാഗമായുളള ചെറു വിചാരണയായി വിടുതല്‍ ഹര്‍ജിയെ കാണാനും കോടതിക്ക് ഉദ്ദേശമില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ ഡി.വി.ഡി യില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നും കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് വളരെ വ്യക്തവും ആവശ്യത്തിലേറെ തെളിവ് നല്‍കുന്നതുമാണ്. അടുത്ത ദിവസമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന പ്രതികളുടെ വാദത്തില്‍ കഴമ്പില്ല.

ദൃശ്യങ്ങള്‍ക്ക് സാക്ഷ്യപത്രം ഇല്ലാതിരുന്നതിനാല്‍ അതില്‍ കൃത്രിമം കാണിച്ചിരിയ്ക്കാമെന്നും ദൃശ്യങ്ങള്‍ വ്യാജമാണെന്നുമുളള പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. നിയമസഭാ സെക്രട്ടറി ഒരു സമയത്തും ഡി.വി.ഡി അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നല്‍കിയിരുന്നില്ല. സെക്രട്ടറിയേറ്റിലെ ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ നേരിട്ടാണ് ഡി.വി.ഡി യില്‍ നിന്ന് പകര്‍പ്പ് എടുത്തത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ പ്രവൃത്തി ഗുരുതര സംശയം ജനിപ്പിക്കുന്നതും വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു.

നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നല്‍കിയ ദൃശ്യങ്ങള്‍ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമാണ് പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദം തള്ളിയ കോടതി ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്നും കണ്ടെത്തി. 

മുന്‍മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, മുന്‍ എംഎല്‍എമാരായ കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. വിടുതല്‍ ഹര്‍ജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകും.