ചിറ്റയം ഗോപകുമാർ
തിരുവനന്തപുരം: കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ വിധവയായത് വിധിയാണെന്നുപറഞ്ഞ എം.എം. മണിയെ നിലയ്ക്കുനിര്ത്താനിറങ്ങിയ പ്രതിപക്ഷം തിങ്കളാഴ്ച സഭയില്‍ വലിയ വീറൊന്നും കാട്ടിയില്ല. ബഹളംവെച്ചാല്‍ മുഖ്യമന്ത്രിയും കൂട്ടരും സമ്മേളനംതന്നെ അവസാനിപ്പിച്ചാലോ എന്ന ചിന്തയാണ് അവരെ അലട്ടിയത്. അങ്ങനെവന്നാല്‍ സഭയില്‍ പറയാന്‍ ശേഷിക്കുന്നതൊക്കെ പറയാനാവാതെ നാവില്‍ കെട്ടിക്കിടന്നെന്നുവരും. അതിനാല്‍ എതുവിധേനയും 21 വരെ സമ്മേളനം നടക്കണമെന്ന വാശിയില്‍ അവര്‍ തണുത്തു.
'ടി.പി. ചന്ദ്രശേഖരന്റെ വധം വിധിയല്ല, പാര്‍ട്ടി വിധിച്ചതാണ്.' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ വന്നത്. പിരിയുംവരെ ആ പ്ലക്കാര്‍ഡുകള്‍ മേശമേല്‍ ഉണ്ടായിരുന്നു. നീക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. എം.എം. മണി നടത്തിയ നിന്ദ്യമായ പരാമര്‍ശം ഇനിയും പിന്‍വലിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ ഓര്‍മിപ്പിച്ചു. ഇത് കേരള നിയമസഭയാണ്, സ്ത്രീത്വത്തെ അവഹേളിക്കുന്ന ദുര്യോധനന്മാരും ദുശ്ശാസ്സനന്മാരുമുള്ള കൗരവസഭയല്ല. -അദ്ദേഹം പറഞ്ഞു.
കൗരവസഭാ പരാമര്‍ശത്തിന് പിന്നീട് മന്ത്രി വി.എന്‍. വാസവന് ലതികാസുഭാഷിന്റെ അനുഭവം ഓര്‍മിപ്പിച്ച് ഇങ്ങനെ മറുപടി പറഞ്ഞു: ''നിങ്ങളാണ് കൗരവസഭ. ഇടതുപക്ഷം പാഞ്ചാലിയെ സംരക്ഷിച്ച ഭീമസേനനെപ്പോലെയാണ്.''
രമയ്ക്കായി വീറോടെ വാദിച്ച ഉമാ തോമസിനെ നോക്കി ഭരണപക്ഷം ആക്രോശിച്ചെങ്കിലും അവര്‍ ഭര്‍ത്താവ് പി.ടി. തോമസിന്റെ വഴിക്കായിരുന്നു. മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ നേരിട്ടാക്രമിക്കുന്ന ശൈലി. ടി.പി.വധം പാര്‍ട്ടിയുടെയും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും ഒത്താശയുടെ നരഹത്യ എന്നവര്‍ പറഞ്ഞപ്പോള്‍ ഭരണപക്ഷം പ്രകോപിതരായി. തോന്നുന്നതെന്തും പറയാമെന്നാണോ എന്നുചോദിച്ച് അവര്‍ ആക്രോശിച്ചു. രമയെ മഹതി എന്നുവിളിച്ച മണിയെ മഹാനെന്നും മണിയെ തിരുത്താത്ത മുഖ്യമന്ത്രിയെ മഹാനുഭാവനെന്നും പരിഹസിച്ച് ഉമ തുടര്‍ന്നു.
കൃഷി, ജലസേചനം വകുപ്പുകളുടെ ചര്‍ച്ചയിലായിരുന്നു ഉമയുടെ കടന്നാക്രമണം. കൊല്ലത്ത് സി.പി.ഐ. നേതാക്കളുമായി നടക്കുന്ന വാക്പോരിന്റെ ബാക്കിയാണോ എന്നറിയില്ല, ഭരണപക്ഷത്തെ കക്ഷി നേതാവായിട്ടും കെ.ബി. ഗണേഷ്കുമാര് കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിച്ചത് സി.പി.ഐ.ക്കാരനായ കൃഷിമന്ത്രി പി. പ്രസാദിനെ വിഷമിപ്പിച്ചു. ഞങ്ങളും കൃഷിയിലേയ്ക്ക്, എല്ലാവരും പാടത്തേയ്ക്ക് തുടങ്ങിയ പഴയതും പുതിയതുമായ കൃഷിമന്ത്രിമാരുടെ പരിപാടികളെല്ലാം പാഴാണെന്നാണ് ഗണേഷ് പറഞ്ഞതിന്റെ സാരം.
''ദയവായി എല്ലാരെയും കൃഷിക്ക് ഇറക്കരുത്, യഥാര്‍ഥ കര്‍ഷകനെമാത്രം പ്രോത്സാഹിപ്പിക്കണം.'' -ഗണേഷ് അഭ്യര്‍ഥിച്ചു. കക്ഷിനേതാവിന്റെ കൃഷിവകുപ്പ് വിരുദ്ധബാധയ്ക്ക് പിന്നിലെന്താണെന്ന് അറിയില്ലെന്നുപറഞ്ഞ മന്ത്രി പി. പ്രസാദ്, ഗണേഷിന് ഒന്നൊന്നായി ചുട്ടമറുപടി നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..