പഞ്ചാബും കൈവിട്ടു; കോൺഗ്രസിന് മുന്നിൽ ഇനി എന്ത്?


സ്വന്തം ലേഖകൻ

പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി | Photo: PTI

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ (ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ) നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുന്നതോട് കൂടി വ്യക്തമാകുന്നത് ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രഭ മങ്ങുന്ന കാഴ്ചയാണ്. നിർണായകമായ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകാതെ കൈയിലുണ്ടായിരുന്ന സംസ്ഥാനങ്ങളെ കൂടി കൈവിട്ട അവസ്ഥയാണ് കോൺഗ്രസിന്റേത്. നേതൃ ദാരിദ്ര്യവും തമ്മിൽതല്ലും കോൺഗ്രസിനെ ഓരോ സംസ്ഥാനങ്ങളിൽ നിന്നും തുടച്ചു നീക്കിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് പ്രതിയോഗികളില്ലാതെ രാജ്യത്തെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ കോൺഗ്രസ് നിലവിൽ വെറും രണ്ട് സംസ്ഥാനങ്ങളിലേക്ക് മാത്രം (രാജസ്ഥാൻ, ഛത്തീസ്ഗഡ്) ചുരുങ്ങി.

ശക്തമായൊരു നേതൃത്വത്തിന്റെ അഭാവമാണ് ഇപ്പോഴും കോൺഗ്രസിന്റെ ശാപം. 2017ൽ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതല ഏറ്റെടുത്തപ്പോൾ അണികൾക്കിടയിൽ ആവേശവും പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത്, പാർട്ടിയെ അനാഥമാക്കിക്കൊണ്ട് രാഹുൽ ഗാന്ധി കോൺഗ്രസ് സ്ഥാനം രാജിവെക്കുകയായിരുന്നു. നാഥനില്ലാ കളരിയായി മാറിയ കോൺഗ്രസിനെ നയിക്കാൻ വീണ്ടും സോണിയാ ഗാന്ധി തന്നെ രംഗത്തെത്തി. പദവി ഏറ്റെടുക്കുമ്പോൾ 'ഇടക്കാല അധ്യക്ഷ' എന്ന പദവിയായിരുന്നു നൽകിയത്. വൈകാതെ തന്നെ പുതിയൊരു അധ്യക്ഷനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്നും അറിയിച്ചിരുന്നു.

കോൺഗ്രസിന്റെ തലപ്പത്ത് എത്തണമെന്ന് ദേശീയ നേതൃത്വവും അണികളും ഒരുപോലെ പറഞ്ഞു നോക്കിയെങ്കിലും രാഹുൽ ഗാന്ധി വഴങ്ങിയിരുന്നില്ല. രാഹുൽ വയനാട്ടിലെ എംപി മാത്രമായി ഒതുങ്ങി.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളെ പോലും കൂടെ ചേർക്കാൻ സാധിക്കുന്നില്ല എന്നതാണ് കോൺഗ്രസിന്റെ മറ്റൊരു പ്രധാന പ്രശ്നം. ഇടക്കാലത്ത് പാർട്ടിക്കുള്ളിൽ നിന്ന് തിരുത്തൽവാദികളായ കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി അടക്കമുള്ള 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ ചേർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. കോൺഗ്രസിന് പ്രത്യക്ഷത്തിലുള്ളതും സജീവമായതുമായ ഒരു അധ്യക്ഷൻ വേണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് പാർട്ടിക്കകത്ത് തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

പാർട്ടി ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിലെഴുതിയ കത്ത് അസമയത്തുള്ളതാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. നേതാക്കളുടെ പ്രവർത്തനം ബി.ജെ.പി.ക്കാണ്‌ ഗുണംചെയ്യുകയെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. പാർട്ടിയധ്യക്ഷ ആശുപത്രിയിലായിരുന്നപ്പോൾ എഴുതിയ കത്ത് ശരിയായ നടപടിയല്ല. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങളിലല്ല, പ്രവർത്തകസമിതിയിലും പാർട്ടിയിലുമാണ് ചർച്ചചെയ്യേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പിന്നീട് ഇത് നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങളും ഉടലെടുക്കാൻ കാരണമായി. പലരേയും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മാറ്റിനിർത്തിയത് ഇതിന്റെ ഭാഗമായിട്ടാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

നേതൃതർക്കത്തിൽ സംസ്ഥാനങ്ങൾ കൈവിടുന്ന കോൺഗ്രസ് ഇത്തവണയും പതിവു തെറ്റിച്ചില്ല. ഇത്തവണ പഞ്ചാബായിരുന്നു നേതൃ പദവിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസിന് നഷ്ടപ്പെട്ടത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ആയിരുന്ന അമരീന്ദർ സിങും കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കം എങ്ങനെ പരിഹരിക്കണമെന്ന ധാരണ കോൺഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. പാർട്ടിയിൽ എന്നും മറു ശബ്ദമായി മാറിയിരുന്ന സിദ്ദുവിനെ സംരക്ഷിക്കാൻ വേണ്ടി കോൺഗ്രസ് ദേശീയ നേതൃത്വം അമരീന്ദറിനെ ബലിയാടാക്കിയപ്പോൾ പഞ്ചാബ് ജനങ്ങൾ കോൺഗ്രസിനേയും കൈവിട്ടു. അമരീന്ദർ ബിജെപിയിൽ ചേർന്നുവെങ്കിലും പഞ്ചാബിലെ ജനങ്ങൾ ബിജെപിയിലേക്ക് അടുത്തില്ല എന്ന് വേണം പറയാൻ. നേതൃസ്ഥാനത്തിനും മറ്റും വേണ്ടിയുള്ള തമ്മിൽതല്ല് പതിവാകുന്നതോടെ ബിജെപി അടക്കമുള്ള പാർട്ടികൾക്ക് ഇത് ഗുണം ചെയ്തിരുന്നു. കോൺഗ്രസിൽ നിന്ന് സുഖമായി നേതാക്കളെ അടർത്തിക്കൊണ്ട് പോകാൻ നേതൃത്വവുമായുള്ള തർക്കങ്ങളും മറ്റുംകാരണമായി.

പഞ്ചാബിൽ ആം ആദ്മി പാർട്ടി ജനങ്ങളിലേക്ക് പടർന്നുപിടിക്കുന്ന കാഴ്ചയാണ് കണ്ടത്. രാജ്യ തലസ്ഥാനത്ത് നിന്ന് ആംആദ്മി പാർട്ടി പഞ്ചാബിൽ കൂടി പിടിമുറുക്കിയതോടെ രണ്ട് സംസ്ഥാനങ്ങളിലേക്ക് ഭരണം വ്യാപിപ്പിക്കുമ്പോൾ കോൺഗ്രസ് വെറും രണ്ട് സംസ്ഥാനങ്ങളിൽ ഒതുങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.

Photo: PTI

പ്രിയങ്കാ ഗാന്ധി നേരിട്ടിറങ്ങിയായിരുന്നു ഇത്തവണത്തെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നത്. രാഹുൽ ഗാന്ധിയും കൂടെ ചേർന്നു. വലിയ പ്രതീക്ഷകളായിരുന്നു സംസ്ഥാനങ്ങളിലെ പ്രചാരണങ്ങളിൽ ഉടനീളം നൽകിയിരുന്നതെങ്കിലും ജനങ്ങളുടെ ഹൃദയത്തിലിറങ്ങിച്ചെല്ലാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല എന്ന് വേണം കരുതാൻ.

നേതാക്കളെ പോലും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന പ്രവർത്തികളായിരുന്നു തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ടത്. റിസോർട്ട് രാഷ്ട്രീയം ഇത്തവണയും പതിവ് തെറ്റിക്കാതെ നടന്നുവെങ്കിലും അത് വേണ്ടി വന്നില്ല എന്ന് തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിയുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്ഥാനാർഥികളെ കൊണ്ടു പോയി സത്യപ്രതിജ്ഞ ചെയ്യിച്ചതും സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചാ വിഷയങ്ങളായിരുന്നു. നേതാക്കൾക്ക് പോലും വിശ്വാസമില്ലാത്ത സാഹചര്യത്തിൽ, അണികൾ ആരെ വിശ്വസിക്കണം എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുക്കുന്ന സ്ഥാനാർഥികൾ | Photo: ANI

ഒരു കാലത്ത് കോൺഗ്രസിന്റെ തട്ടകമെന്ന് വിളിക്കപ്പെട്ടിരുന്ന അമേഠിയും റായ്ബറേലിയും കോൺഗ്രസിനെ കൈവിട്ടിട്ട് കാലമേറെയായി. ജനങ്ങൾ കോൺഗ്രസിൽ നിന്ന് പതിയെ പതിയെ അകലുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തവണ ഗോവ തിരിച്ചു പിടിക്കുമെന്നും ഭരണം കോൺഗ്രസിന്റെ കൈയിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വോട്ട് എണ്ണിത്തുടങ്ങുന്നതിന് മുമ്പ് തന്നെ ആത്മവിശ്വാസം ഒട്ടും ചോരാതെ ഗവർണറെ കാണാൻ വേണ്ടി കോൺഗ്രസ് അനുമതി തേടിയിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഫലം പുറത്തു വന്നതോടെ കോൺഗ്രസ് സാധ്യതകളൊക്കെ അസ്ഥാനത്താകുന്ന കാഴ്ചയായിരുന്നു. എന്നാൽ എല്ലാം അസ്ഥാനത്തായി മാറുന്ന കാഴ്ചയാണ് തുടർന്നങ്ങോട്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കണ്ടത്.

കേന്ദ്ര സർക്കാരിനെതിരെ ഉണ്ടായ കർഷക സമരം, ഹത്രാസ് സംഭവം പോലെയുള്ള ജനങ്ങളുമായി സംബന്ധിച്ച പല വലിയ പ്രശ്നങ്ങളും കോൺഗ്രസ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടോ എന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങളിൽ കൂടി ഉണ്ടാക്കിയെടുക്കുന്ന മുഖങ്ങളേക്കാൾ അടിത്തട്ടിലിറങ്ങി ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്ന വിശ്വാസ്യത കോൺഗ്രസിന് നഷ്ടപ്പെട്ടിടത്താണ് പതനത്തിന്റെ കാരണവും.

പലപ്പോഴായി കനത്ത പതനം ഉണ്ടായപ്പോഴും തിരിച്ചു വന്ന സാഹചര്യവും കോൺഗ്രസിനുണ്ട്. ശക്തമായ ഒരു നേതൃത്വത്തിന്റെ കീഴിൽ കോൺഗ്രസിന്റെ തിരിച്ചു വരവ് ഉണ്ടാകും എന്ന് തന്നെയാണ് ഇപ്പോഴും അണികൾ കരുതുന്നതും.

Content Highlights: Punjab Assembly Election Results 2022 Live Updates,Assembly Election News 2022 Malayalam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented