പെരിന്തല്‍മണ്ണ/എരമംഗലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ സി.പി.എമ്മില്‍ കടുത്ത അച്ചടക്കനടപടി. മുന്‍ എം.എല്‍.എയടക്കം മൂന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തരംതാഴ്ത്തി. പാര്‍ട്ടി കമ്മിഷനുകളുടെ ശുപാര്‍ശയനുസരിച്ചാണ് നടപടി. പെരിന്തല്‍മണ്ണയില്‍ മുന്‍ എം.എല്‍.എ. കൂടിയായ വി. ശശികുമാര്‍, സി. ദിവാകരന്‍ എന്നീ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്കും പൊന്നാനിയില്‍ ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്. സംസ്ഥാന കമ്മിറ്റിയംഗമായ പി.പി. വാസുദേവനെതിരേ തീരുമാനമെടുക്കാന്‍ സംസ്ഥാനകമ്മിറ്റിക്കു ശുപാര്‍ശചെയ്തു. ശനിയാഴ്ച സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റും ജില്ലാകമ്മിറ്റിയുമാണ് നടപടി തീരുമാനിച്ചത്.

പെരിന്തല്‍മണ്ണയില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി 38 വോട്ടിനു പരാജയപ്പെട്ടത് അന്വേഷിച്ച കമ്മിഷന്റെ ശുപാര്‍ശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുള്‍പ്പെടെ ഏഴുപേര്‍ക്കെതിരേയാണ് നടപടി. അഞ്ചുപേരെ തരംതാഴ്ത്തി. രണ്ടുപേരെ താക്കീതുചെയ്തു. പൊന്നാനിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനസമയത്തെ പ്രതിഷേധപ്രകടനങ്ങളാണ് പാര്‍ട്ടിയെ ഞെട്ടിച്ചത്. ഇവിടെ 12 േപര്‍ക്കെതിരേയാണ് അച്ചടക്കനടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനു പുറമെ, ലോക്കല്‍ കമ്മിറ്റിയംഗത്തെയും തരംതാഴ്ത്തി. ബാക്കിയുള്ളവരെ അതത് ഘടകങ്ങളില്‍ താക്കീതുചെയ്യും.

പൊന്നാനിയിലെ നടപടി

  • ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി
  • ഈഴുവത്തിരുത്തി ലോക്കല്‍ കമ്മിറ്റിയംഗം എണ്ണാഴിയില്‍ മണിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
  • ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയും സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റിയംഗവുമായ ഷിനീഷ് കണ്ണത്ത്, ഡി.വൈ.എഫ്.ഐ. പൊന്നാനി ബ്ലോക്ക് പ്രസിഡന്റും സി.പി.എം. ഈഴുവത്തിരുത്തി ലോക്കല്‍ കമ്മിറ്റിയംഗവുമായ വി.പി. പ്രബീഷ്, എരമംഗലം ലോക്കല്‍ കമ്മിറ്റിയംഗവും നാക്കോല ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ് നാക്കോല, എരമംഗലം ലോക്കല്‍ കമ്മിറ്റിയംഗം സി.കെ. ബിജു, പുതുപൊന്നാനി നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റിയംഗം കെ.പി. അഷ്റഫ്, മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി മഷ്ഹൂദ്, ആനപ്പടി ബ്രാഞ്ച് മുന്‍ സെക്രട്ടറി നവാസ് ആനപ്പടി, സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി അബ്ദുല്‍നാസര്‍, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗവും തണ്ണിത്തുറ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ തണ്ണിത്തുറക്കല്‍ താഹിര്‍, പാര്‍ട്ടി അംഗം അഷ്‌കര്‍ എന്നിവരെ താക്കീതുചെയ്യും.

പെരിന്തല്‍മണ്ണയിലെ നടപടി

  • ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി. ദിവാകരന്‍, വി. ശശികുമാര്‍ എന്നിവരെ കീഴ്ഘടകമായ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
  • ഇവിടെ സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ച മുന്‍ നഗരസഭാധ്യക്ഷന്‍ കൂടിയായ പെരിന്തല്‍മണ്ണ ഏരിയാകമ്മറ്റിയംഗം എം. മുഹമ്മദ് സലീമിനെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തി.
  • ഏരിയാകമ്മിറ്റിയംഗങ്ങളായ കെ. ഉണ്ണിക്കൃഷ്ണന്‍, അഡ്വ. സുല്‍ഫിക്കര്‍ അലി എന്നിവരെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
  • ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭാംഗവുമായ എം. മുഹമ്മദ് ഹനീഫ, ബ്രാഞ്ച് സെക്രട്ടറി എം. ഹമീദ് എന്നിവരെ താക്കീതുചെയ്യും

വിനയായത് 'ജാഗ്രതക്കുറവ് '

അച്ചടക്കത്തിന്റെ വാളോങ്ങി സി.പി.എം. സംസ്ഥാനവ്യാപകമായി കര്‍ശനനടപടികളുമായി മുന്നോട്ടുനീങ്ങുമ്പോള്‍ ജില്ലയില്‍ രണ്ടു മുതിര്‍ന്ന നേതാക്കള്‍ നേരെ പതിച്ചത് ബ്രാഞ്ചിലേക്ക്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പൊന്നാനിയിലെ ടി.എം. സിദ്ദിഖ് ആണ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ടവരിലൊരാള്‍. പൊന്നാനിയില്‍ പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് തെരുവില്‍ പരസ്യപ്രതിഷേധം നടന്നിരുന്നു. സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സിദ്ദിഖ് ആകും സ്ഥാനാര്‍ഥിയെന്നമട്ടില്‍ വാര്‍ത്തകളും വന്നിരുന്നു. ഇതിലെല്ലാം സിദ്ദിഖിനുള്ള വീഴ്ച ആരോപിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റംഗത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയെന്ന നടപടി പാര്‍ട്ടിയെടുത്തത്. പെരിന്തല്‍മണ്ണ നഗരസഭാ മുന്‍ ചെയര്‍മാനും നിലവില്‍ പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണബാങ്ക് ചെയര്‍മാനുമായ മുഹമ്മദ് സലീമാണ് ബ്രാഞ്ചിലേക്ക് മാറ്റപ്പെട്ട മറ്റൊരാള്‍. ഏരിയാകമ്മിറ്റിയംഗമായിരുന്നു ഇദ്ദേഹം.

പരസ്യപ്രകടനത്തെ ചെറുക്കാനായില്ലെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കുറ്റപ്പെടുത്തലിനു വിധേയനായ പൊന്നാനി ഏരിയാ സെക്രട്ടറി പി. കലിമുദ്ദീനെതിരേ നടപടിയൊന്നുമുണ്ടായില്ല. തിരഞ്ഞെടുപ്പുവേളയില്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന ദൗത്യം നിര്‍വഹിക്കേണ്ടിവന്നതിനാല്‍ മറ്റു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാവില്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ കമ്മിഷനും സ്വീകരിച്ചത്. തൊട്ടുതാഴെയുള്ള പദവിയിലേക്ക് തരം താഴ്ത്തപ്പെട്ട ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി. ശശികുമാറിനും സി. ദിവാകരനും വിനയായത് ഫെയ്‌സ്ബുക്കാണ്. ജില്ലാസെക്രട്ടറിക്കുള്ള ശശികുമാറിന്റെ വിശദീകരണം ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. ഇക്കാര്യത്തിലുള്ള ജാഗ്രതക്കുറവാണ് അദ്ദേഹത്തിനെതിരേയുള്ള നടപടിക്കുകാരണം. സി. ദിവാകരനിട്ട പോസ്റ്റും പാര്‍ട്ടിക്ക് രുചിച്ചിരുന്നില്ല. അതേസമയം, പെരിന്തല്‍മണ്ണയിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് ശരിയോയെന്ന പരിശോധനയും വേണ്ടേയെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്.

Content highlights; Assembly election CPM takes disciplinary action against leaders in malappuram