പെരിയ: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം അസമിലെ നൗഗാവ് പുരാണി ഗോദാം ഗ്രാമത്തിൽ ഒരുങ്ങി. ഫെബ്രുവരി 22 മുതൽ മാർച്ച് മൂന്നുവരെ നടക്കുന്ന പ്രതിഷ്ഠാകർമങ്ങൾക്ക് പെരിയ ഗോകുലം ഗോശാലയിലെ വിഷ്ണു പ്രസാദ് ഹെബ്ബാർ നേതൃത്വം നൽകും.

136 അടി ഉയരമുള്ള ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ദേവനെയാണ് പ്രതിഷ്ഠിക്കുന്നത്. 250 ഓളം വൈദിക ശ്രേഷ്ഠർ പ്രതിഷ്ഠാ ചടങ്ങുകൾക്ക് അസമിലേക്ക് പോകുന്നുണ്ട്.

vishnu prasadഹിരണ്യകശിപു തപസ്സ്‌ ചെയ്തതായി വിശ്വസിക്കപ്പെടുന്ന പുരാണ പ്രസിദ്ധമായ സ്ഥലമാണിത്. ശതചണ്ഡികാ ഹോമം, ചതുർവേദ പാരായണം, ദശലക്ഷം മൃത്യുഞ്ജയ ജപം, ഒരുലക്ഷം മഹാമൃത്യുഞ്ജയ ഹോമം, മഹാരുദ്രം, സഹസ്ര കലശാഭിഷേകം, കേരളീയ താന്ത്രിക ചടങ്ങുകൾ എന്നിവ നടക്കും.

പതിനഞ്ചോളം വാദ്യകലാകാരന്മാരും കേരള, കർണാടക, തമിഴ്‌നാട്, ഗോവ പ്രദേശങ്ങളിലെ വേദപണ്ഡിതരും പ്രതിഷ്ഠാചടങ്ങുകളുടെ ഭാഗമാകും.

കഴിഞ്ഞ 10 വർഷമായി അസം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ആധ്യാത്മിക ജ്യോതിഷ ഉപദേശകനാണ് വിഷ്ണു ഹെബ്ബാർ.

മന്ത്രി അധ്യക്ഷനായ സമിതിയാണ് പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.