കോഴിക്കോട്: ഭാവിയില്‍ ആരാവണമെന്ന ചോദ്യത്തിന് കോഴിക്കോട് വെളിമണ്ണക്കാരന് മുഹമ്മദ് ആസിമിന് ഒറ്റ ഉത്തരമേയുള്ളൂ. തന്നെപ്പോലെ പരസഹായം ആവശ്യമുള്ള നിരവധി പേരുടെ കണ്ണീര് തുടയ്ക്കാന്‍ കഴിയുന്ന സാമൂഹ്യ പ്രവര്‍ത്തകനാവണം. അതിനായി ആദ്യം തന്റെ പഠിക്കാനായുള്ള പോരാട്ടത്തിന് ഫലം കാണണം. തൊണ്ണൂറ് ശതമാനവും അംഗവൈകല്യം അനുഭവിക്കുന്ന ആസിമിനെ ഒരു പക്ഷെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. പഠനം കൊണ്ട് എല്ലാ വയ്യായ്മയേയും കാല്കീഴിലാക്കുമെന്ന് ഉറച്ച തീരുമാനമെടുത്ത ഉജ്ജ്വലബാല്യം.
ഏഴാം ക്ലാസില്‍ നിന്ന് തന്റെ പഠനം മുടങ്ങിയത് മുതലാണ് ആസിം പോരാട്ടത്തിന്റെ പ്രതീകമായി മാറിയത്. തുടര്‍ന്നു പഠിക്കാന്‍ താന്‍ പഠിച്ച ഗവ.വെളിമണ്ണ മാപ്പിള യു.പി സ്കൂളിനെ ഹൈസ്കൂള്‍ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഈ കുട്ടിയും രക്ഷിതാക്കളും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും മുട്ടാത്ത വാതിലുകളില്ല. ഒടുവില്‍ വെളിമണ്ണ സ്കൂള്‍ ഹൈസ്കൂളായി ഹൈക്കോടതി ഉത്തരവ് പ്രാകാരം ഉയര്‍ത്തിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതിന് സ്റ്റേ വാങ്ങിച്ചിരിക്കുകയാണ്. ഇതോടെ കുട്ടിയുടെ പഠനം വീണ്ടും മുടങ്ങി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിക്കിട്ടാന്‍ സെക്രട്ടേറിയറ്റ് പഠിക്കല്‍ വരെ സമരം ചെയ്തെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ഇതോടെ വെള്ളിയാഴ്ച മുതല്‍ ഇതുവരെ തനിക്ക് കൂട്ടായി നിന്ന വീല്‍ചെയറുമായി വെളിമണ്ണ സ്കൂളില്‍ നിന്നു തിരുവനന്തപുരത്തേക്ക് സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം യാത്ര നടത്താന്‍ ഒരുങ്ങുകയാണ് ആസിം.
2018-മാര്‍ച്ചില്‍ ആയിരന്നു ആസിം ഏഴാംക്ലാസ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പഠനം വഴിമുട്ടുകയായിരുന്നു. ആസിമിന്റെ വീട്ടില്‍ നിന്നു അഞ്ച് കിലോമീറ്റര്‍ അപ്പുറത്താണ് മറ്റൊരു ഹൈസ്കൂള്‍ ഉള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും ആസിമിനൊപ്പം ഒരാള്‍ വേണമെന്നിരിക്കെ ദൂരെയുള്ള സ്കൂളിലെത്തി പഠനം തുടരാനുള്ള സാഹചര്യമല്ല ഉണ്ടായിരുന്നത്. തുടര്‍ന്നായിരുന്നു ഹൈസ്കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ആസിം നിവേദനം നല്‍കിയത്. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ഹൈസ്കൂള്‍ ഇല്ലെന്നിരിക്കെ ഹൈസ്കൂള്‍ ഉണ്ടാവുക എന്നത് നാടിന്റെ കൂടി അവശ്യമാണെന്നും ആസിം പറയുന്നു. ആസിമിന്റെ പോരാട്ടത്തിന് പിതാവ് സയീദും പിന്തുണയുമായി എത്തിയതോടെ അവന് ആത്മവിശ്വാസവും ലഭിച്ചു.
എല്‍.പി ക്ലാസില്‍ പഠിച്ച് കൊണ്ടിരിക്കെ ആസിമിന്റെ നിര്‍ദേശ പ്രകാരം അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു വെളിമണ്ണ സ്കൂളിനെ യു.പിയായി ഉയര്‍ത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഉജ്ജ്വലബാല്യം പുരസ്കാരം നല്കി കുട്ടിയെ ആദരിക്കുകയും ചെയ്തിരുന്നു. പക്ഷെ പഠനം മുടങ്ങിയതോടെ വീട്ടിലിരിക്കുകയാണ് ആസിം. 43 ദിവസം കൊണ്ട് കോഴിക്കോട് നിന്നും തിരുവന്തപുരത്തേക്ക് യാത്ര നടത്താനാണ് ഉദ്ദേശ്യം. ഏതായാലും തന്റെ സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ കണ്ണടയ്ക്കില്ലെന്നാണ് ആസിമിന്റെ വിശ്വാസം.
Content Highlights:Asim Weelchair Journey For Education
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..