പ്രതീകാത്മക ചിത്രം | Mathrubhumi archives
കഴക്കൂട്ടം: സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ.യെ ഫോണില്‍ വിളിച്ചു വധഭീഷണിമുഴക്കിയ കേസില്‍ സസ്പെന്‍ഷനിലുള്ള മംഗലപുരം എ.എസ്.ഐ. ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടു. ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത പോലീസുദ്യോഗസ്ഥരിലൊരാളാണ് ജയന്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാരോപിച്ച് ജയന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. സാജിദ് കഴക്കൂട്ടം പോലീസില്‍ പരാതി കൊടുത്തിരുന്നു. വെഞ്ഞാറമ്മൂട് സ്റ്റേഷനിലെ ക്രിമിനല്‍ കേസില്‍ ജയന് സസ്പെന്‍ഷനിലായിരുന്നു.
മറ്റൊരു കേസില്‍ സ്ഥലംമാറ്റവും ഉണ്ടായിട്ടുണ്ട്. പോലീസുകാരനെ അടിച്ചതിലും പരാതിയുണ്ട്. ജയനെതിരേ വകുപ്പുതല അന്വേഷണവുമുണ്ട്.
24 എസ്.എച്ച്.ഒ.മാര്‍ക്ക് സ്ഥലംമാറ്റം; കുഴപ്പക്കാരും തെറിച്ചു
തിരുവനന്തപുരം: പോലീസ്-ഗുണ്ടാ ബന്ധത്തെത്തുടര്‍ന്ന് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചതുള്‍പ്പെടെ 24 സി.ഐ.മാര്‍ക്ക് സ്ഥലംമാറ്റം. ആരോപണ വിധേയരായ പലരെയും സ്റ്റേഷന് ചുമതലകളില്‍നിന്നു മാറ്റിയിട്ടുമുണ്ട്. രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി.യുടെ സ്ഥലംമാറ്റ ഉത്തരവ്.
വിവിധ ആരോപണങ്ങളെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പേട്ട, മംഗലപുരം സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാര്‍ക്ക് പകരം പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്നും സുരേഷ് ബാബു എസ്.എസി.നെ പേട്ടയിലേക്കും തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനില്‍നിന്നു സിജു കെ. നായരെ മംഗലപുരത്തേക്കുമാണ് നിയമിച്ചത്. തിരുവല്ലം സ്റ്റേഷനിലിരിക്കവേ മണ്ണ് സംഘങ്ങളുമായുള്ള ബന്ധത്തിന്റെപേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട സുരേഷ് വി. നായരെ താനൂര്‍ കണ്ട്രോള് റൂമിലേക്ക് മാറ്റി. പൊഴിയൂര്‍ എസ്.എച്ച്.ഒ. വിനുകുമാറിനെയും സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വലിയതുറ സി.ഐ. സതികുമാറിനെയാണ് പകരം നിയമിച്ചത്. ഏറ്റുമാനൂര്‍ സി.ഐ. രാജേഷ് കുമാര്‍ സി.ആറിനെ വടകര കണ്ട്രോള് റൂമിലേക്കുമാറ്റി. പോലീസിലെ അഴിച്ചുപണികള്‍ ഇനിയും തുടരുമെന്നാണ് സൂചന. 100-ഓളം സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാരായ സി.ഐ.മാര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ പരിശോധിച്ചുവരുകയാണ്.
പോലീസിലെ പ്രതികള്‍: പട്ടിക നല്കാന് അടിയന്തര നിര്‍ദേശം
വിവേക് ആര്. ചന്ദ്രന്
തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട പോലീസുകാരുടെ പട്ടിക ഉടനെ കൈമാറാന്‍ പോലീസ് യൂണിറ്റ് മേധാവികള്‍ക്ക് ഡി.ജി.പി.യുടെ നിര്‍ദേശം. പോലീസിലെ ക്രിമനലുകള്ക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. നിലവില്‍ പോലീസിന്റെ കൈവശമുള്ള പട്ടികയില്‍ ചെറുതും വലുതുമായ കേസുകളില്‍ അകപ്പെട്ട 802 പേരാണുള്ളത്.
ചൊവ്വാഴ്ച അഞ്ചിനു മുമ്പ് കുറ്റകൃത്യങ്ങളുടെ വിശദവിവരങ്ങള്‍ പോലീസ് ആസ്ഥാനത്തേക്ക് എത്തിക്കാനാണ് നിര്‍ദേശം. സി.പി.ഒ. മുതല്‍ ഡിവൈ.എസ്.പി. വരെയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് തേടിയത്. ഇതിന് മുന്നോടിയായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് എതിരായി സ്വീകരിച്ചിട്ടുള്ള ശിക്ഷാനടപടികളുടെ വിശദമായ വിവരങ്ങളും പോലീസ് അസ്ഥാനത്ത് ശേഖരിച്ചു.
വിവരം ശേഖരിക്കുന്ന കേസുകള്‍
പോക്സോ, ബലാത്സംഗം, വിജിലന്‍സ്, ഗൗരവമായ മറ്റു കേസുകള്‍ എന്നിവയില്‍ പ്രതികളായവരുടെ വിവരങ്ങളാണ് കൈമാറേണ്ടത്. കേസുകളുടെ വിവരങ്ങള്‍, നിലവിലെ അവസ്ഥ തുടങ്ങിയവയും ഉള്‍പ്പെടുത്തണം. വിജിലന്‍സ് കേസുകളില്‍ ഏറെയും കൈക്കൂലി കേസുകളാണ്.
Content Highlights: ASI arrested for threatening SI Thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..