അശോക് ചെറിയാൻ, ഗ്രേഷ്യസ് കുര്യാക്കോസ്, മനോജ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായി അശോക് ചെറിയാന്, കെ.പി ജയചന്ദ്രന് എന്നിവരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി ഗ്രേഷ്യസ് കുര്യാക്കോസിനെയും സ്റ്റേറ്റ് അറ്റോര്‍ണിയായി എന്‍. മനോജ്കുമാറിനെയും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്മെന്റ് പ്ലീഡറായി സേവനമനുഷ്ഠിക്കുന്ന പി. നാരായണനെ അധിക സാമ്പത്തിക ബാധ്യത കൂടാതെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയി നിയമിതനായ അശോക് ചെറിയാന് കഴിഞ്ഞ 42 വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ അഭിഭാഷകന് ആണ്. പരേതനായ അഡ്വ. എം. എം ചെറിയാന്റെ മകനാണ്. ഭരണഘടന, സിവില്‍,തൊഴില്‍ നിയമങ്ങള്‍, എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നൈപുണ്യം നേടിയ അദ്ദേഹം മഹാത്മാ ഗാന്ധി സര്‍വ്വകലാശാല, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, കേരള കോപ്പറേറ്റീവ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ്, കേരള കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ബോര്‍ഡ് എന്നിവയുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആണ്. മുന്‍കാലങ്ങളില്‍ കൊച്ചി നഗരസഭയുടെയും, കെഎസ്എഫ്ഇ യുടെയും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന് അംഗമായിരുന്നു. അശോക് ചെറിയാന് ആള് ഇന്ത്യ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്.

സിപിഐയുടെ നോമിനി ആയാണ് കെപി ജയചന്ദ്രന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആകുന്നത്. കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്മാന് ആയിരുന്ന ജയചന്ദ്രന് ദീര്‍ഘകാലം തിരുവനന്തപുരം ബാര്‍ അസോസിയേഷന് പ്രസിഡന്റ് ആയിരുന്നു. തിരുവനന്തപുരത്തെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യം കൂടിയാണ് കെപി ജയചന്ദ്രന്.
സ്റ്റേറ്റ് അറ്റോര്‍ണി ആയി നിയമിതനായ എന്‍. മനോജ്കുമാര്‍ എറണാകുളം ലോ കോളജില്‍ നിന്നു നിയമ ബിരുദം നേടിയ ശേഷം 1992 ല്‍ പ്രഗത്ഭ അഭിഭാഷകന് സി കെ.ശിവശങ്കര പണിക്കരുടെ ജൂനിയറായി കേരള ഹൈകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. കേരള ഹൈകോടതിയില്‍ സീനിയര്‍ ഗവണ്മെന്റ് പ്ളീഡര്‍ , സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും മലബാര്‍ ദേവസ്വത്തിന്റെയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയിരുന്നു. 2006 ല്‍ േൈഹക്കാടതി അഭിഭാഷക അസോസിയേഷന്റെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. 2017 ല്‍ കേരള ബാര്‍ കൗണ്‍സിലിലേക്കും തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വൈസ് ചെയര്മാന് ആണ്. ആള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ് മനോജ് കുമാര്‍.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയി ആയി നിയമിതനായ ഗ്രേഷ്യസ് കുര്യാക്കോസ് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് . മാംഗ്ലൂര്‍ യൂണിവേഴ്സിറ്റി യില്‍ നിന്ന് ഒന്നാം റാങ്കോടെ എല്‍എല്‍ബി ബിരുദം നേടിയ ശേഷം 1983 ല്‍ അഭിഭാഷകന് ആയി എന്റോള്‍ ചെയ്തു. തലശ്ശേരിയില്‍ പ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകനായ വി. ബാലന് കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു. യശശരീരനായ മുന്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന പി സുബ്രമണ്യം പോറ്റിയുടെ കീഴില്‍ സുപ്രീം കോടതിയില്‍ ബാര്‍ കൗണ്‍സില്‍ ഫെലോഷിപ്പോടുകൂടി പരിശീലനം നേടിയ ശേഷം കേരള ഹൈ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. 2011 ല്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ചു. 1996-01 കാലയളവില്‍ ഹൈ കോടതിയില്‍ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ ആയിരുന്നു. കേരള ബാര്‍ കൗണ്‍സിലിന്റെയും, തലശ്ശേരി, കല്‍പ്പറ്റ, പയ്യന്നൂര്‍ മുനിസിപ്പാലിറ്റികളുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ , ഒരുമയൂര്‍ കൂട്ടക്കൊല കേസില്‍ ഹൈ കോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്നീ നിലകളിലും പ്രവത്തിച്ചിട്ടുണ്ട് .
അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിതനായ പി . നാരായണന്, കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം സ്വദേശിയാണ്. മംഗലാപുരം ജെഎസ്എസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ ശേഷം തലശ്ശേരി ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 25 വര്‍ഷങ്ങളായി ഹൈകോടതിയില്‍ പ്രാക്ടീസ് ചെയ്തു വരുന്നു. 2009-2011 കാലത്ത് സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ ആയി പ്രവര്‍ത്തിച്ചു. 2016- 21 കാലയളവില്‍ സീനിയര്‍ ഗവണ്മെന്റ് പ്ലിഡര്‍ ടു അഡ്വക്കേറ്റ് ജനറല്‍ ആയി രുന്നു. ക്രിമിനല്‍, സിവില്‍ ,ഭരണഘടന നിയമങ്ങളില്‍ നിരവധി കേസുകളില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി. നിരവധി തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഹൈ കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയിട്ടുണ്ട്. ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..