കോഴിക്കോട്: അപകടത്തില്‍ കാലിന് ഗുരുതരമയി പരിക്കേറ്റ് കഴിയുന്ന കൗമാരക്കാരി ചികിത്സയ്ക്ക് സഹായം തേടുന്നു. തീവണ്ടിയിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണാണ് പരപ്പനങ്ങാടി സ്വദേശിനി ആഷ്‌ലിയ്ക്ക് കാലിന് പരിക്കേല്‍ക്കുന്നത്. ഫാഷന്‍ ഡിസെനിങ് വിദ്യാര്‍ഥിനിയായ ആഷ്‌ലി(19)പരപ്പനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടി നിര്‍ത്തുന്നതിന് മുമ്പ് കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടി. വീഴാന്‍പോയ സുഹൃത്തിനെ സഹായിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആഷ്‌ലിക്ക് അപകടം സംഭവിച്ചത്. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ ആഷ്‌ലിയുടെ ഒരു കാല്‍ പെട്ട് ഭാഗികമായും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഉടന്‍ നാട്ടുകാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു.

കാല്‍ പൂര്‍ണമായി മുറിച്ചുമാറ്റണമെന്നാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. അതേസമയം, പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കാല്‍ വീണ്ടെടുക്കാമെന്ന ചിലരുടെ നിര്‍ദേശം ആ കുടുംബത്തിന് തെല്ല് ആശ്വാസമേകി. തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.

ലക്ഷങ്ങള്‍ ചികിത്സയ്ക്കായി വേണ്ടിവരുമെന്ന് അറിഞ്ഞതോടെ എന്ത് ചെയ്യുമെന്ന് അറിയാതെ കുടുംബം പകച്ചുനില്‍ക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ ആഷ്‌ലിയാണ്. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ ചികിത്സാചെലവായി വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഓപ്പറേഷന്‍ കൂടാതെ മറ്റു ചികിത്സാചെലവുകളും. എങ്ങനെ സ്വരൂപിക്കുമെന്ന ആശങ്കയിലാണ് ആഷ്‌ലിയുടെ രക്ഷിതാക്കള്‍. 

അപകടവിവരമറിഞ്ഞ് നാട്ടുകാരും ചില സംഘടനകളും ചേര്‍ന്ന് സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തില്‍ നിലവില്‍ നാല് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. പ്ലാസ്റ്റിക് സര്‍ജറിയടക്കം ഇനിയും ശസ്ത്രക്രിയകള്‍ നടത്താനുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കെ.പി.എം.കോയ, ടി.അനില്‍, ടി.സുധീര്‍ എന്നിവരുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/C number, 4522000100038405, ifsc;PUNB0452200 . കൂടുതല്‍ വിവരങ്ങള്‍ക്ക്, 9496838346, 9388480198, 9656540660 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Ashley, teenager girl from parappanangadi needs help from people for her treatment, leg injury