
കൊച്ചി: സ്വര്‍ണക്കടത്തും കഞ്ചാവ് വില്‍പനയും നടത്തിയാലുണ്ടാകുന്ന മെച്ചമൊന്നും ആര്‍.എസ്.എസുകാരായാല്‍ ഉണ്ടാവില്ലെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. ജോലിയാവശ്യത്തിനായി കാണാനെത്തിയപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആക്ഷേപിച്ചെന്ന ആശയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. 91 വയസ്സുള്ള അച്ഛനെതിരെ പോലും മന്ത്രി ആക്ഷേപമുന്നയിച്ചത് ഏറെ വേദനിപ്പിച്ചെന്നും ആശ ലോറന്‍സ് പറഞ്ഞു.
'ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതുപോലെ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍, എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവരോട് വിളിച്ചുചോദിച്ചപ്പോഴാണ് മന്ത്രിയെ കണ്ട് അപേക്ഷ കൊടുക്കാന്‍ പറഞ്ഞത്. എം.എം. ലോറന്‍സിന്റെ മകളാണെന്ന് പറഞ്ഞുതന്നെയാണ് മന്ത്രി കടകംപള്ളിയെ വിളിച്ചത്. എന്നോടോ മകനോടോ എതിര്‍പ്പുണ്ടെങ്കില്‍ അദ്ദേഹത്തിന് അപ്പോള്‍ തന്നെ കാര്യം തിരക്കി ഒഴിവാക്കാമായിരുന്നു. പക്ഷേ, ഓഫീസിലോ വീട്ടിലോ വന്നു കാണാന്‍ അനുമതി തരികയാണ് ചെയ്തത്. ഞാന്‍ മകനുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്നപ്പോഴും ജോലിക്കാര്യം അവതരിപ്പിച്ചപ്പോഴും വളരെ നല്ല രീതിയിലാണ് സംസാരിച്ചതും.
'പിന്നീട്, അദ്ദേഹം തന്നെയാണ് വിവാദങ്ങളുടെ കാര്യം എടുത്തിട്ടത്. മന്ത്രിയും ക്ഷേത്രത്തില്‍ തൊഴുത കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാവം മാറി. തുടര്‍ന്ന് അപ്പച്ചനെ ആക്ഷേപിച്ച് സംസാരിച്ചു. ഞങ്ങള്‍ ചെല്ലുന്നതറിഞ്ഞ് 91-ാം വയസ്സില്‍ എത്തിനില്‍ക്കുന്ന ലോറന്‍സിനെ ആക്ഷേപിക്കാന്‍ മന്ത്രിയെ പാര്‍ട്ടി ഏല്‍പിച്ചതാണോ? ഇതിന് പാര്‍ട്ടി മറുപടി പറയണം. സംസ്ഥാനത്തെ രണ്ടാമത്തെ മുതിര്‍ന്ന നേതാവിനെ സഖാക്കള്‍ ഇപ്പോഴും വെട്ടിനിരത്തിക്കൊണ്ടിരിക്കുകയാണ്.'
'ആര്‍.എസ്.എസില്‍ ചേര്‍ന്നിട്ട് എന്ത് മേന്മയാണ് ഉണ്ടായതെന്നും ബി.ജെ.പിയില്‍ പോയിട്ട് എന്ത് നേടിയെന്നും അദ്ദേഹം മകന്‍ മിലനോട് പല തവണ ചോദിച്ചു. എനിക്ക് പറയാനുള്ള മറുപടി സ്വര്‍ണക്കടത്തോ കഞ്ചാവ് വില്‍പനയോ നടത്തിയാല്‍ കിട്ടുന്ന മെച്ചമൊന്നും ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ കിട്ടില്ല എന്നതാണ്. എന്നോടും മകനോടും ചോദിച്ചതുപോലെ കേസുകളില്‍ അകപ്പെട്ട മക്കളുടെ കാര്യം കോടിയേരിയോട് ചോദിക്കാനുള്ള ധൈര്യം മന്ത്രിക്കും സി.പി.എം. സഖാക്കള്‍ക്കുമുണ്ടോ?'
'എന്റെ മകന് 19 വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ. ചെറുപ്പം മുതലേ വായനയോടും രാഷ്ട്രീയത്തോടുമൊക്കെ താല്‍പര്യമുള്ള ആളാണവന്‍. അവന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഗോല്‍വാക്കറുടെ പുസ്തകങ്ങളുമെല്ലാം വായിച്ചിട്ടുണ്ട്. എന്നിട്ട് അവന് താല്‍പര്യം തോന്നിയത് ആര്‍.എസ്.എസിനോടാണെങ്കില്‍ അതവന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. ഞാനതിനെ എതിര്‍ക്കുന്നില്ല. വ്യക്തിപരമായി ഞാന്‍ ഒരു പാര്‍ട്ടിയോടും അനുഭാവം പുലര്‍ത്തുന്നില്ല. ഞാനൊരു ഭക്തയാണ്. അമ്മയില്‍ നിന്ന് പകര്‍ന്നുകിട്ടിയതാണത്. അപ്പച്ചനും ഞങ്ങള്‍ മക്കളും അന്ന് അമ്മയെ ഭക്തിയുടെ കാര്യത്തില്‍ പരിഹസിക്കുമായിരുന്നു. എന്നാല്‍, അപ്പച്ചന്‍ അതിനെ ഒരിക്കലും എതിര്‍ത്തിട്ടില്ല.'

'ലോറന്‍സിനെതിരെ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്നാണ് മന്ത്രി കടകംപള്ളി എന്നോട് ചോദിച്ചത്. ഇതുവരെ ആരും അത്തരത്തില്‍ സംസാരിച്ചിട്ടില്ല. അപ്പച്ചനെതിരെ അഴിമതിയുടെയോ കള്ളക്കടത്തിന്റേയോ സ്ത്രീപീഡനത്തിന്റെയോ പേരില്‍ ഒരിക്കലും ആക്ഷേപമുണ്ടായിട്ടില്ല. ഒരാളുടെ ഡയറിയിലും അപ്പച്ചന്റെ പേര് വന്നിട്ടില്ല. പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. വാര്‍ത്താസമ്മേളനത്തിലാണ് അപ്പച്ചന്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. അതിനു ശേഷം അദ്ദേഹം നേരെ പോയത് ഇ.എം.എസിനെ കാണാനാണ്. അവര്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. രാജിവെച്ചത് നന്നായെന്ന് അദ്ദേഹവും പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ വി.എസ്. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.'
'എന്റെ ഓര്‍മയില്‍ വെട്ടിനിരത്തലിന് ശേഷം അപ്പച്ചന്‍ എ.കെ.ജി. സെന്ററില്‍ ചെല്ലുന്നത് ഇ.എം.എസ്. മരിച്ചപ്പോഴാണ്. പക്ഷേ, അന്ന് എം.എ. ബേബി അദ്ദേഹത്തെ ഇ.എം.എസിന്റെ മൃതദേഹത്തിന് അടുത്തുനിന്ന് തള്ളിമാറ്റി. അതുപോലെ തന്നെയാണ് നായനാരുമായി ബന്ധപ്പെട്ട സംഭവവും. അപ്പച്ചന്‍ കണ്‍വീനറായിരുന്നപ്പോള്‍ മുഖ്യമന്ത്രിയായ നായനാര്‍ മിക്കവാറും അപ്പച്ചനെ വിളിക്കും. ഞാന്‍ തന്നെ ഫോണെടുത്ത് അദ്ദേഹത്തോട് പല തവണ സംസാരിച്ചിട്ടുണ്ട്. എന്നാല്‍, കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് അധികം വൈകാതെ കോട്ടയത്ത് ഒരു കല്യാണത്തിന് ചെന്നപ്പോള്‍ (ആരുടേതാണെന്ന് മറന്നു) നായനാര്‍ കണ്ട ഭാവം നടിച്ചില്ല. ഈ രണ്ടു സംഭവങ്ങളും അപ്പച്ചന്‍ വീട്ടില്‍ വന്ന് പറഞ്ഞിട്ടുണ്ട്. സാധാരണ പാര്‍ട്ടിക്കാര്യങ്ങളൊന്നും അങ്ങനെ പറയുന്ന ആളല്ല. ഈ സംഭവങ്ങള്‍ അത്രയും വേദനിപ്പിച്ചതിനാലാവണം ഞങ്ങളോട് പറഞ്ഞത്.'

'പാര്‍ട്ടി സ്ഥാനത്തുനിന്ന് വെട്ടിനിരത്തിയ ശേഷവും എം.എം. ലോറന്‍സ് ഉറച്ച കമ്യൂണിസ്റ്റുകാരന്‍ തന്നെയായിരുന്നു. കേന്ദ്ര കമ്മിറ്റിയില്‍നിന്ന് തരം താഴ്ത്തപ്പെട്ട് ഏരിയ കമ്മിറ്റിയില്‍ എത്തിയപ്പോഴും അദ്ദേഹം അതേ ആവേശത്തോടെയാണ് പ്രവര്‍ത്തിച്ചത്. സ്ഥാനമാനങ്ങള്‍ അപ്പച്ചനെയോ ഞങ്ങളെയോ ഒരുതരത്തിലും ബാധിച്ചിട്ടില്ല. പക്ഷേ, സഖാക്കളെ അതുബാധിച്ചു. ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട എം.എം.ലോറന്‍സിനെ കണ്ടാല്‍ സഖാക്കള്‍ സംസാരിക്കുക പോലും ചെയ്യില്ലായിരുന്നു. സ്ഥാനമാനങ്ങളുണ്ടെങ്കില്‍ മാത്രമേ കമ്യൂണിസ്റ്റുകാര്‍ ഗൗനിക്കുകയുള്ളോ? അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് ഉച്ചനീചത്വങ്ങളുള്ളത്.'
'എന്റെ മകന്‍ ആര്‍.എസ്.എസ്. സ്വയം സേവകനായതിലും കോടിയേരിയുടെ ഭാര്യാസഹോദരി ലില്ലിയ്‌ക്കെതിരേ സിഡ്‌കോ മാനേജ്‌മെന്റിനും പോലീസിലും പരാതി നല്‍കിയതിലുമുള്ള പകയാണ് ജോലി നഷ്ടപ്പെടുത്തി എന്നോട് തീര്‍ത്തത്. ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ ജോലിക്കായി ചെന്ന ഒരു സ്ത്രീയോടാണ് മതില്‍ തീര്‍ത്ത് സ്ത്രീ ശാക്തീകരണം നടപ്പാക്കുന്ന പാര്‍ട്ടിയുടെ മന്ത്രി ഇത്തരത്തില്‍ പെരുമാറിയത്. എന്റെ അന്നത്തില്‍ മണ്ണുവാരിയിട്ട് കൈകൊട്ടി ചിരിക്കുകയാണവര്‍.' ആശാ ലോറന്‍സ് പറഞ്ഞു.
Content Highlight: MM Lawrence was a staunch communist.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..