ആസാദി സാറ്റ് ഉപഗ്രഹം ഒരുക്കുന്നതിൽ പങ്കാളികളായ കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ അധ്യാപകൻ പി.മിഥുനൊപ്പം
കോളയാട് (കണ്ണൂര്‍):ഞായറാഴ്ച രാവിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഐ.എസ്.ആര്.ഒ. വിക്ഷേപിക്കുന്ന ആസാദി സാറ്റ് ഉപഗ്രഹം ബഹിരാകാശത്തേക്ക് ഉയരുന്നതിന് സാക്ഷികളാകാന്‍ കോളയാട് സെയ്ന്റ് കൊര്‍ണേലിയൂസ് സ്കൂളിലെ വിദ്യാര്‍ഥിനികളും. ഉപഗ്രഹ രൂപകല്പനയില് അന്തരീക്ഷ താപനിലയും വേഗവും അളക്കാന്‍ കഴിയുന്ന ചിപ്പ് പ്രോഗ്രാം ചെയ്യുന്നതില്‍ പങ്കാളികളായ 10 വിദ്യാര്‍ഥിനികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് ഉപഗ്രഹവിക്ഷേപണത്തിന് സാക്ഷികളാകുക.
75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 75 സ്കൂളുകളിലെ 750 പെണ്‍കുട്ടികളുടെ കൂട്ടായ്മയില്‍ നിര്‍മിച്ചതാണ് ഈ ഉപഗ്രഹം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ് കിഡ്സ് ഇന്ത്യ വികസിപ്പിച്ച ആസാദി സാറ്റിന്റെ നിര്‍മാണത്തിലാണ് കേരളത്തിലെ രണ്ട് സ്കൂളുകളില്‍നിന്നുള്ള 20 പെണ്‍കുട്ടികള്‍ പങ്കാളികളായത്. ഉപഗ്രഹ രൂപകല്പനയില് പങ്കാളികളാകാനുള്ള ക്ഷണം ജനുവരിയിലാണ് സ്പേസ് കിഡ്സ് ഇന്ത്യയില്‍നിന്ന് സ്കൂളില്‍ ലഭിച്ചത്. ആസാദി സാറ്റ് കോ ഓര്‍ഡിനേറ്ററായ പഴയങ്ങാടി സ്വദേശി ഹരീഷ് കക്കീല്‍ വഴിയാണ് പദ്ധതി സ്കൂളിലെത്തിയത്.
ഹരീഷിന്റെ സുഹൃത്തും സ്കൂളിലെ അധ്യാപകനുമായ പി.ഉണ്ണികൃഷ്ണന് മുഖേന ലഭിച്ച പദ്ധതി 10 വിദ്യാര്‍ഥിനികളടങ്ങുന്ന സംഘം ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കി സ്പേസ് കിഡ്സിനു കൈമാറി. വി.സ്വാതിക, നിയ പി.ദിനേശ്, ടി.നിരഞ്ജന, സജ ഫാത്തിമ, ശ്രിയ ശേഖര്‍, പി.കൃഷ്ണേന്ദു, ശ്രേയ മറിയ സുനില്‍, തീര്‍ഥ പ്രശാന്ത്, നിയ എം.നമ്പ്യാര്‍, തൃഷ വിനോദ് എന്നിവരാണ് ഭൗതികശാസ്ത്ര അധ്യാപകന് പി.മിഥുന്റെ നേതൃത്വത്തില്‍ പദ്ധതിയില്‍ പങ്കാളികളായത്.
പ്രഥമാധ്യാപകന് ബിനു ജോര്‍ജ്, അധ്യാപകരായ എം.ജെ.ജോമെറ്റ്, വി.കെ.ജയന്, വി.ജെ.ടെജി എന്നിവരും സഹകരിച്ചു. ഞായറാഴ്ച രാവിലെ 9.18-ന് ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് ഐ.എസ്.ആര്.ഒ. വികസിപ്പിച്ച എസ്.എസ്.എല്‍.വി.യിലാണ് (സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) ആസാദി സാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുക.
ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കി
സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആസാദി സാറ്റ് പദ്ധതി ആവിഷ്കരിച്ചത്. കോളയാട് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ഒറ്റദിവസം കൊണ്ടാണ് പ്രോഗ്രാം പൂര്‍ത്തിയാക്കി ചിപ്പ് തിരിച്ചേല്‍പ്പിച്ചത്. സ്കൂളിനും പങ്കാളികളായവര്‍ക്കുമുള്ള അംഗീകാരമാണ് ഉപഗ്രഹവിക്ഷേപണത്തിന് നേരിട്ട് സാക്ഷികളാകാനുള്ള ക്ഷണം.
ഹരീഷ് കുമാര്‍ കക്കീല്‍
ആസാദി സാറ്റ് കോഓര്‍ഡിനേറ്റര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..