പൈനാവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സീസണില്‍ അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്. ഇതിനു പിന്നാലെ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി.

ഡാമിലെ ജലനിരപ്പ് ക്രമാതീതമായി  ഉയരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച വൈകിട്ട് 8.30 മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന 9 ഷട്ടറുകള്‍ (V1-V9) 120 സെന്റി മീറ്റര്‍/ (1.20m)  അധികമായി ഉയര്‍ത്തി 12654.09 ക്യുസെക്സ് ജലം പുറത്തുവിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പത്തുമണിയോടെ മൂന്ന് ഷട്ടറുകള്‍(V7,V8,V9 എന്നിവ ) അടച്ചു. 

മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്തെത്തി

അതേസമയം, മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ അധികമായി ഉയര്‍ത്തി കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്ന പശ്ചാത്തലത്തില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ വള്ളക്കടവിലെത്തി. അറിയിപ്പില്ലാതെ വീണ്ടും വീണ്ടും വെള്ളം തുറന്നുവിടുന്ന നടപടി വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. താഴേക്കുള്ള സ്ഥലങ്ങളില്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. 

വെള്ളം കയറുന്ന പ്രദേശത്തെ മാറാന്‍ തയ്യാറായ ആളുകളെ മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലര്‍ മാറാന്‍ തയ്യാറായിട്ടില്ല. ക്യാമ്പുകളിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാല്‍ അതിനു വേണ്ട കാര്യങ്ങള്‍ ചെയ്യും. താന്‍ പ്രദേശത്തുതന്നെ ഉണ്ടാവുമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

റവന്യൂ മന്ത്രി കെ. രാജനുമായും ചീഫ് സെക്രട്ടറിയുമായും സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ഇടുക്കി അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിടുമെന്നും മന്ത്രി അറിയിച്ചു. 

ഇടുക്കി ഡാം തുറക്കും 

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി  ഉയരുന്ന സാഹചര്യത്തിലാണ് ചൊവ്വഴ്ച രാവിലെ 6 മണി  മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തുക. 
40 സെ.മി മുതല്‍  150 സെ.മി. വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. 

content highlights: as water level rises, more water will be released from mullaperiyar dam