Photo: Screengrab
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം വ്യാപക സംഘർഷത്തിലേക്ക് വഴിവെച്ചു. കൊല്ലത്ത് നടന്ന സംഘർഷത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിക്ക് പരിക്കേറ്റു. തൊടുപുഴയിൽ പോലീസ് നടത്തിയ ലാത്തിച്ചർജ്ജിൽ കോൺഗ്രസ് പ്രവർത്തകന്റെ തലയ്ക്ക് പരിക്കേറ്റു. തലപൊട്ടി ചോരയൊലിച്ച പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്തെ ആർ.എസ്.പി മാർച്ചിലെ സംഘർഷത്തിലാണ് എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് പരിക്കേറ്റത്. ചെർപ്പുളശ്ശേരിയിൽ സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മഹിളാ കോൺഗ്രസ് യോഗത്തിലേക്ക് സിപിഎം ഇരച്ചു കയറുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ മഹിളാ കോൺഗ്രസുകാരുടെ മൈക്ക് പിടിച്ചു വാങ്ങിച്ചുവെന്നും സ്ത്രീകളെ കയ്യേറ്റം ചെയ്തുവെന്നും കോൺഗ്രസ് ആരോപിച്ചു. തൊടുപുഴയിലെ കോൺഗ്രസ് മാർച്ചിൽ പോലീസ് ലാത്തിച്ചാർജ്ജ് നടത്തി. ലാത്തിച്ചാർജ്ജിൽ കോൺഗ്രസ് പ്രവർത്തകന്റെ തലക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലെത്തിച്ചു. അക്രമാസക്തമായ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെയാണ് പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്. ഡീൻ കുര്യക്കോസ് എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വസതിയിലേക്ക് കടന്നുകയറിയ ഡിവൈഎഫ്‌ഐക്കാരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നുതായി കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിൽ ഒരാളെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ പിടികൂടി
സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസിന്റേയും യുവമോർച്ചയുടേയും നേതൃത്വത്തിൽ മാർച്ച് നടക്കുന്നുണ്ട്. മഹിളാ മോർച്ച പ്രവർത്തകർ ഇന്ന് രാവിലെ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി.
കഴിഞ്ഞ ദിവസം അതീവ സുരക്ഷാ സാഹചര്യം ലംഘിച്ച് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ കയറി പ്രതിഷേധം ഉയർത്തിയ സംഭവത്തിന് തൊട്ടുപിന്നാലെ നിരവധി അക്രമ സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ മുപ്പതിലേറെ കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തുടർന്ന് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് അക്രമാസക്തമായത്. പലയിടങ്ങളിലും പോലീസിനു നേരെ പ്രതിഷേധക്കാർ അലറിവിളിച്ചു കൊണ്ട് അടുക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ലാത്തി വീശുകയായിരുന്നു.
മുഖ്യമന്ത്രി ഇന്ന് രാവിലെ വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലേക്ക് പോകുമ്പോൾ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. തിരിച്ചു വരുമ്പോൾ കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാട്ടി. അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും രംഗത്തെത്തി. ഡ്യൂട്ടി സമയത്ത് മുന്നൂറോളം ജീവനക്കാരാണ് കെഎസ്ഇഎ പ്രകടനത്തിന് എത്തിയത്.
Content Highlights: as opposition protests continued in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..