പ്രതീകാത്മകചിത്രം | Photo: Mathrubhumi
ഒറ്റപ്പാലം: അമ്മയ്ക്ക് പ്രതിമാസം നല്‍കേണ്ട ജീവനാംശം നല്‍കാത്തതിന് ഗവ. സ്കൂള്‍ അധ്യാപികയായ മകള്‍ക്കെതിരേ നടപടി. ജീവനാംശമായി നല്‍കേണ്ട 3,500 രൂപ ശമ്പളത്തില്‍നിന്ന് പ്രതിമാസം ഈടാക്കാന്‍ ഒറ്റപ്പാലം സബ്കളക്ടര്‍ ഡി. ധര്‍മലശ്രീ അധ്യക്ഷയായ മെയിന്റനന്‍സ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.
പട്ടാമ്പിയിലെ 73-കാരിയുടെ പരാതിയിലാണ് നടപടി. മകള്‍ ജോലിചെയ്യുന്ന പട്ടാമ്പിയിലെ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയ്ക്കാണ് പണമീടാക്കിനല്കേണ്ട ചുമതലയുള്ളതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാലുമക്കളുള്ള അമ്മ ചെലവിനുവേണ്ടി എല്ലാ മക്കളെയും എതിര്‍കക്ഷികളാക്കിയാണ് ആദ്യം പരാതി നല്‍കിയത്. ഇവര്‍ നാലും ചേര്‍ന്ന് ജീവനാംശം നല്കാന് 2016-ല്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
ഇവരില്‍ രണ്ടുപേര്‍ തുക നല്‍കുന്നില്ലെന്ന് കാണിച്ച് അമ്മ വീണ്ടും പരാതി നല്കി. തുടര്‍ന്ന്, വിചാരണയ്ക്കുശേഷം സ്ഥിരവരുമാനമില്ലാത്ത ഒരുമകളെ ഒഴിവാക്കി. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായ മകള്‍ തുക നല്‍കണമെന്ന് ഉത്തരവിട്ടെങ്കിലും നടപ്പാകാത്തതിനെത്തുടര്‍ന്ന് 2021 ഓഗസ്റ്റില്‍ അമ്മ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. 2016 മുതല്‍ നല്‍കാനുള്ള ജീവനാംശത്തുകയായ 1.26 ലക്ഷം രൂപ ഡിസംബര്‍ 30-നകം നല്‍കാനും പ്രതിമാസം നല്‍കേണ്ട 3,500 രൂപ ജീവനാംശം ഡിസംബര്‍മുതല്‍ ശമ്പളത്തില്‍നിന്ന് ഈടാക്കാനും ട്രിബ്യൂണല്‍ ഈ നവംബര്‍ 19-ന് ഉത്തരവിടുകയായിരുന്നു.
നല്‍കാനുള്ള 1.26 ലക്ഷം രൂപ സമയപരിധിക്കകം നല്‍കാത്തപക്ഷം സ്വത്ത് കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവുമുള്പ്പെട്ട 2007-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Content Highlights: as daughter failed to pay maintanance to mother, maintanance tribunal intervenes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..