പി. പ്രസാദ് | Photo: Mathrubhumi
തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നിഷേധിച്ചതിന് കാരണം സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍. ഇസ്രയേല്‍ സന്ദര്‍ശനം ഇടതു നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.പി.എം. നേതൃത്വത്തിന്റെ കടുംപിടുത്തത്തിന് മുന്നില്‍ സി.പി.ഐ. വഴങ്ങി. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ സി.പി.ഐ. പങ്കെടുത്തതിലുള്ള സി.പി.എമ്മിന്റെ അതൃപ്തി കൂടി പ്രസാദിന് വിനയായി എന്നാണ് വിവരം.
ഇസ്രയേല്‍ അവലംബിക്കുന്ന ആധുനിക കൃഷിരീതികളെ കുറിച്ച് പഠിക്കാനാണ് കൃഷിമന്ത്രി പി. പ്രസാദും ഉദ്യോഗസ്ഥരും അവിടേക്ക് പോകാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഏകദേശം ധാരണയായിരുന്നു. എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന സാഹചര്യത്തില്‍ മന്ത്രിയും ഉദ്യോഗസ്ഥ സംഘവും വിദേശസന്ദര്‍ശം നടത്തേണ്ടതുണ്ടോ എന്ന ചോദ്യവും വിവിധകോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ വിളിച്ചുവരുത്തി അനുമതി നിഷേധിച്ചത്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന സുരക്ഷാകാരണങ്ങളാല്‍ സന്ദര്‍ശനം വേണ്ടെന്നുവെക്കുന്നു എന്നായിരുന്നു ആ ഘട്ടത്തില്‍ പുറത്തുവന്ന വിശദീകരണം. കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.ഐ. എക്‌സിക്യൂട്ടീവില്‍ വിഷയത്തില്‍ പ്രസാദിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദേശയാത്ര പോകുമ്പോള്‍ പാര്‍ട്ടിയെ അറിയിക്കേണ്ടതുണ്ട് എന്ന വിധത്തിലായിരുന്നു വിമര്‍ശനം.
എന്നാല്‍ ഇപ്പോള്‍ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ പലസ്തീന്‍ അനുകൂല നിലപാടാണ് കൈക്കൊള്ളാറ്. ഈ നിലപാട് നിലനില്‍ക്കെയാണ്, ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവേളയില്‍ ഇടതുസര്‍ക്കാരിലെ ഒരു മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കാനും പഠനത്തിനുമായി പോകാന്‍ ഒരുങ്ങിയത്. അത് വേണ്ടാ എന്നുള്ള നിലപാട് സി.പി.എം. കേന്ദ്രനേതൃത്വത്തില്‍നിന്ന് ഉണ്ടാവുകയും ഇക്കാര്യം അവര്‍ സി.പി.എം. സംസ്ഥാന നേതൃത്വത്തെയും സര്‍ക്കാരിനെയും അറിയിക്കുകയുമായിരുന്നു.
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ രാജ്യത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. എന്നാല്‍ സി.പി.എം. പങ്കെടുത്തില്ല. സി.പി.ഐ. പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയുള്ള അതൃപ്തിയും പ്രസാദിന് വിനയായെന്നാണ് കരുതുന്നത്.
Content Highlights: as cpm central leadership intervenes pinarayi vijayan declines permission to p prasad israel visit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..