'കുഞ്ഞാലിയെ കൊന്നത് ഞാനല്ല'; രാഷ്ട്രീയകേരളം ഞെട്ടിയ കൊലപാതകത്തേക്കുറിച്ച് ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്


ആര്യാടൻ മുഹമ്മദ്/എം.പി. സൂര്യദാസ് | mpsuryadas@gmail.com

രാഷ്ട്രീയകേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദമായ കുഞ്ഞാലി വധക്കേസിനെക്കുറിച്ച് ആര്യാടന്‍ മുഹമ്മദ് മാതൃഭൂമി പ്രതിനിധി എം.പി സൂര്യദാസിന് നല്‍കിയ അഭിമുഖം പുഃനപ്രസിദ്ധീകരിക്കുന്നു. 

ആര്യാടൻ മുഹമ്മദ്‌ | ഫോട്ടോ:കെ.കെ. സന്തോഷ്‌

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു സിപിഎം നേതാവും എംഎല്‍എയുമായിരുന്ന കെ. കുഞ്ഞാലിയുടെത്. ജനകീയമായ ഒരു നേതാവ് കൊല്ലപ്പെട്ടുവെന്നത് മാത്രമല്ല, ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് ആണ് കേസിലെ ആരോപണ വിധേയന്‍ എന്നതുകൂടിയായിരുന്നു കുഞ്ഞാലിവധം കോളിളക്കം സൃഷ്ടിച്ചത്. കേസില്‍ ആര്യാടന്‍ മുഹമ്മദിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആര്യാടനെതിരായ ഒരു ആരോപണമായി ഇത് എല്ലാക്കാലവും നിലനില്‍ക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയകേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദമായ കുഞ്ഞാലി വധക്കേസിനെക്കുറിച്ച് ആര്യാടന്‍ മുഹമ്മദ് മാതൃഭൂമി പ്രതിനിധി എം.പി സൂര്യദാസിന് നല്‍കിയ അഭിമുഖം പുഃനപ്രസിദ്ധീകരിക്കുന്നു.

ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ആവേശംകൊള്ളിക്കുന്ന സ്മരണകള്‍ കേട്ടറിഞ്ഞാണ് ചെറുപ്രായത്തില്‍ ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായത് അന്നത്തെ പത്താംക്ലാസ് (സിക്സ്ത് ഫോം) കഴിഞ്ഞ് നില്‍ക്കുമ്പോള്‍ 1952-ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പി. ചാത്തുക്കുട്ടിനായരായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. അന്ന് ഹൗസ് കാമ്പെയിന് പാര്‍ട്ടിപ്രവര്‍ത്തകരോടൊപ്പം പോയി. 1954-ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാലാട്ട് കുഞ്ഞിക്കോയയ്ക്കുവേണ്ടി ചെറിയ പൊതുയോഗങ്ങളിലെല്ലാം പ്രസംഗിച്ചു തുടങ്ങി. 1956-ല്‍ വണ്ടൂര്‍ ഫര്‍ക്ക (ഇന്നത്തെ നിയോജകമണ്ഡലം കമ്മിറ്റി) സെക്രട്ടറിയായി.1957-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പൂര്‍ണസമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറിക്കഴിഞ്ഞു. പി.പി. ഉമ്മര്‍ക്കോയയായിരുന്നു അന്ന് സ്ഥാനാര്‍ഥി. അദ്ദേഹം ജയിച്ചു. കെ.പി.സി.സി. അംഗമായി 1958-ല്‍ എന്നെ തിരഞ്ഞെടുത്തു. അന്ന് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു മലപ്പുറം. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി. അംഗമായിരുന്നു ഞാന്‍. എ.വി. കുട്ടിമാളു അമ്മയായിരുന്നു അന്ന് ഡി.സി.സി. പ്രസിഡന്റ്. കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെയാണ് ഞാന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത്.

? ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണോ സഖാവ് കുഞ്ഞാലിയുമായി അടുക്കുന്നത്

ആ കാലത്ത് കെ. കുമാരന്‍, സി.ഇ. ഭരതന്‍ തുടങ്ങിയവരാണ് മലബാറിലെ തോട്ടംമേഖലയിലെ ഐ.എന്‍.ടി.യു.സി.യെ നയിച്ചത്. നിലമ്പൂരില്‍ പുല്ലങ്ങോട് എസ്റ്റേറ്റിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞാന്‍ ട്രേഡ് യൂണിയന്‍ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി. പ്രവര്‍ത്തകര്‍ തമ്മില്‍ അക്കാലത്ത് ചില തര്‍ക്കങ്ങള്‍ ഉണ്ടായി. കുമാരേട്ടന്റെ നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടന്നു. ഇതിനിടെ കുമാരേട്ടന്‍ മരിച്ചു. ആ ഒഴിവിലാണ് ഞാന്‍ പുല്ലങ്ങോട്ട് എസ്റ്റേറ്റിലെ ഐ.എന്‍.ടി.യു.സി. യൂണിയന്റെ ഭാരവാഹിയായത്. ആസ്പിന്‍വാള്‍ കമ്പനിയുടെ കൈവശമുള്ള ആ എസ്റ്റേറ്റിലെ ഐ.എന്‍.ടി.യു.സി. യൂണിയന്റെ പ്രസിഡന്റ് ഇപ്പോഴും ഞാനാണ്. പുല്ലങ്ങോട്ട് എസ്റ്റേറ്റ് യൂണിയന്‍ ഭാരവാഹി ആയതിനുപിന്നാലെ ഞാന്‍ ഈ മേഖലയിലെ മറ്റ് തോട്ടങ്ങളുടെയും യൂണിയന്‍ ഭാരവാഹിയായി. ഇതേ കാലയളവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യൂണിയനായ എ.ഐ.ടി.യു.സി. യൂണിയന്റെ നേതാവായിരുന്നു കുഞ്ഞാലി. പലപ്പോഴും യൂണിയന്‍ വിഷയങ്ങളില്‍ പരസ്പരം ഇടപെടേണ്ടിവന്നിട്ടുണ്ട്. അക്കാലത്ത് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകരും എ.ഐ.ടി.യു.സി. പ്രവര്‍ത്തകരും തമ്മില്‍ ചെറിയതോതില്‍ വഴക്കും സംഘര്‍ഷവും പതിവായിരുന്നു. തൊഴിലാളികളുടെ കൂലിത്തര്‍ക്കം പരിഹരിക്കാന്‍ എ.ഐ.ടി.യു.സി. നേതാക്കളായ ഇ.സി. ഭരതന്‍, കല്ലാട്ട് കൃഷ്ണന്‍ എന്നിവരോടൊപ്പം കുഞ്ഞാലിയും ചര്‍ച്ചകള്‍ക്ക് എത്താറുണ്ട്.

? എന്താണ് അന്ന് യഥാര്‍ഥത്തില്‍ സംഭവിച്ചത്

ഇതേ കാലത്ത് ഞാന്‍ ചുള്ളിയോട് എസ്റ്റേറ്റിലെ യൂണിയന്റെ പ്രസിഡന്റായി. എബ്രഹാമെന്ന റാന്നിക്കാരന്റേതായിരുന്നു എസ്റ്റേറ്റ്. പുല്ലങ്ങോട്ട് എസ്റ്റേറ്റിലെ യൂണിയന്‍ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ എനിക്കൊരു ഇന്‍ഫര്‍മേഷന്‍ കിട്ടി. ചുള്ളിയോട് എസ്റ്റേറ്റില്‍ ചിലര്‍ ഞങ്ങളുടെ ആളുകളെ ആക്രമിച്ചുവെന്നായിരുന്നു വിവരം. കുഞ്ഞാലി വെടിയേറ്റ് മരിച്ച ദിവസം ഞാന്‍ ചുള്ളിയോട്ട് പോവാന്‍ കാരണം ഈ സന്ദേശമായിരുന്നു.
ചുള്ളിയോട് എസ്റ്റേറ്റില്‍ അന്ന് ഐ.എന്‍.ടി.യു.സി.ക്കുമാത്രമേ യൂണിയന്‍ ഉണ്ടായിരുന്നുള്ളൂ. 250 റബ്ബര്‍ മരം ടാപ്പ് ചെയ്യുന്നത് ഒരു ബ്ലോക്ക് എന്ന നിലയ്ക്കാണ് വേതനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു ബ്ലോക്കില്‍ 250-മരം എന്നത് 300 ആക്കിയാണ് വേതനം നിശ്ചയിക്കുകയെന്ന് മുതലാളി പറഞ്ഞു. ഇത് അംഗീകരിക്കാന്‍ തയ്യാറാവാതെ ഞങ്ങളുടെ യൂണിയന്‍ സമരം പ്രഖ്യാപിച്ചു.

കോഴിക്കോട് ലേബര്‍ കോടതിയില്‍ പരാതിയും നല്‍കി. അന്ന് കുഞ്ഞാലിക്ക് എബ്രഹാമിന്റെ എസ്റ്റേറ്റില്‍ യൂണിയന്‍ ഉണ്ടായിരുന്നില്ല. എസ്റ്റേറ്റില്‍ യൂണിയന്‍ ഇല്ലാതിരുന്നിട്ടും അവരുടെ നേതൃത്വത്തില്‍ ഒരുസംഘം എസ്റ്റേറ്റിലെ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകരെ തടഞ്ഞു. എസ്റ്റേറ്റിലെ ഐ.എന്‍.ടി.യു.സി. യൂണിയനിലെ 19 തൊഴിലാളികളെ മുതലാളി പിരിച്ചുവിട്ടുവെന്നും പകരം പുതിയ 19 തൊഴിലാളികള്‍ ജോലി ചെയ്യുമെന്നും കുഞ്ഞാലി പറഞ്ഞു. കുഞ്ഞാലി അന്ന് എം.എല്‍.എ. ആയിരുന്നു. ''ഞങ്ങളെ പുറത്താക്കിയെങ്കില്‍ അത് മുതലാളി പറയട്ടെ, നിങ്ങള്‍ മുതലാളിക്കുവേണ്ടി സംസാരിക്കേണ്ട'' -എന്ന് ഐ.എന്‍.ടി.യു.സി. ക്കാര്‍ കുഞ്ഞാലിയോട് പറഞ്ഞു. അന്ന് ഇടത് ഭരണമായിരുന്നു. എസ്റ്റേറ്റിലെ തൊഴിലാളികളുടെ വാദം കേള്‍ക്കാതെ എസ്.ഐ. ഞങ്ങളുടെ തൊഴിലാളികളെ അറസ്റ്റുചെയ്ത് നീക്കി. പകരം കുഞ്ഞാലിയുടെ 19 തൊഴിലാളികള്‍ ജോലിയില്‍ കയറി. അങ്ങനെയാണ് എബ്രഹാമിന്റെ എസ്റ്റേറ്റില്‍ കുഞ്ഞാലിയുടെ നേതൃത്വത്തില്‍ യൂണിയന്‍ ഉണ്ടാവുന്നത്.

ഇതിനിടെ കുഞ്ഞാലി നിയോഗിച്ച തൊഴിലാളികളും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ വേതനം ഒരു ബ്ലോക്കില്‍ 250 മരം എന്ന നിരക്കില്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ടു. വീണ്ടും തര്‍ക്കമായി. ഇത് അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിയുടെ യൂണിയന്‍ തന്നെ നിലപാടെടുത്തു. ഒടുവില്‍ ഈ 19 തൊഴിലാളികള്‍ കുഞ്ഞാലിയുടെ യൂണിയനില്‍നിന്ന് രാജിവെച്ച് ഐ.എന്‍.ടി.യു.സി.യില്‍ ചേര്‍ന്നു. ഇത് കുഞ്ഞാലിക്കും അവരുടെ യൂണിയനും വലിയ നാണക്കേടായി. കുഞ്ഞാലി നിയോഗിച്ച തൊഴിലാളികള്‍ ആര്യാടന്റെ യൂണിയനില്‍ ചേര്‍ന്നു എന്ന വാര്‍ത്ത നാട്ടിലാകെ പാട്ടായി. കരിങ്കാലികളായി വന്നവര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നത് വലിയ തലവേദനയായി. നേരത്തേ അവിടെ ജോലിചെയ്ത ഐ.എന്‍.ടി.യു.സി. തൊഴിലാളികളുടെ കേസ് ലേബര്‍ കോടതിയില്‍ കിടക്കുകയാണ്. ഞങ്ങള്‍ക്ക് ഇത് വലിയ ബാധ്യതയായി. എങ്കിലും ഇവരെ ഞങ്ങളുടെ യൂണിയനില്‍ ചേര്‍ത്തു. ഇവര്‍ ഐ.എന്‍.ടി.യു.സി.യില്‍ അംഗത്വമെടുത്തതിനുപിന്നാലെ ചെലവ് കാശ് കൊടുക്കാന്‍ സമയമായി. മാസത്തില്‍ ഏഴാംദിവസം ശമ്പളവും ആഴ്ചയില്‍ ഒരിക്കല്‍ ചെലവ് കാശും എന്നതായിരുന്നു അന്നത്തെ രീതി.

പുല്ലങ്ങോട്ട് എസ്റ്റേറ്റിലെ യൂണിയന്‍ യോഗത്തിനിടെ ചുള്ളിയോട്ട് അക്രമം നടക്കുന്നതായി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്, അന്ന് 1969 ജൂലായ് 26-ന് വൈകുന്നേരം ഞാന്‍ അങ്ങോട്ടേക്കുപോവാന്‍ തീരുമാനിച്ചു. തൊഴിലാളികള്‍ ചെലവ് കാശ് വാങ്ങാന്‍ മുതലാളിയുടെ വീട്ടിലേക്കുപോയി. ചെലവ് കാശ് വാങ്ങാന്‍ പോയാല്‍ മര്‍ദിക്കുമെന്ന് എതിരാളികളുടെ ഭീഷണി. ചുള്ളിയോട് ഭാഗത്ത് കുഞ്ഞാലിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാര്‍ സംഘടിക്കുന്നതായും അക്രമത്തിന് സാധ്യതയുണ്ടെന്നുമുള്ള വിവരം എനിക്ക് ലഭിച്ചു. ഉടനെ വിവരം പോലീസിനെ അറിയിക്കാന്‍ ഞാന്‍ നിലമ്പൂരിലെ പോലീസ് സ്റ്റേഷനിലെത്തി. അപ്പോള്‍ എസ്.ഐ. അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ വീട്ടില്‍ച്ചെന്ന് കണ്ട് കാര്യം ധരിപ്പിച്ചു. ചെലവുകാശ് വാങ്ങാന്‍ തൊഴിലാളികളെ അനുവദിക്കണമെന്നും ഇവരെ ആരെങ്കിലും തടഞ്ഞാല്‍ സംരക്ഷണം നല്‍കാന്‍ റിസര്‍വ് പോലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. തത്കാലം രണ്ട് പോലീസുകാരെ കൂടെ അയക്കാം. അവര്‍ അവിടത്തെ സ്ഥിതി പഠിച്ച് ബാക്കികാര്യം വേണ്ടതുപോലെ ചെയ്യാമെന്നായി എസ്.ഐ. അദ്ദേഹം പറഞ്ഞയച്ച രണ്ട് പോലീസുകാരോടൊപ്പം ഞാന്‍ ചുള്ളിയോട്ടേക്ക് പുറപ്പെട്ടു. ചുള്ളിയോട് എത്തിയപ്പോള്‍ സ്ഥിതി പ്രതീക്ഷിച്ചതിലും ഗുരുതരമാണെന്ന് മനസ്സിലായി.

ചെറിയൊരു ഹോട്ടലിന് മുകളിലാണ് ഞങ്ങളുടെ യൂണിയന്‍ ഓഫീസ്. എന്നോട് ഓഫീസില്‍ ഇരിക്കാന്‍ നിര്‍ദേശിച്ച് പോലീസുകാര്‍ സ്ഥിതി മനസ്സിലാക്കി മടങ്ങിവരാമെന്ന് പറഞ്ഞ് മുതലാളിയുടെ വീടുവരെ പോയി. ഒരു മണിക്കൂറിനുശേഷം മടങ്ങിവന്ന പോലീസുകാര്‍ സ്ഥിതി വളരെ മോശമാണെന്ന് പറഞ്ഞു. സ്റ്റേഷനില്‍പ്പോയി കൂടുതല്‍ ഫോഴ്സിനെ കൂട്ടി വരാമെന്നുപറഞ്ഞാണ് അവര്‍ പോയത്. അപ്പോഴേക്കും രാത്രിയായിരുന്നു. ഇതിനിടെ ഞാനും കൂട്ടരും യൂണിയന്‍ ഓഫീസിലുണ്ടെന്നറിഞ്ഞ് എതിരാളികള്‍ പുറത്ത് സംഘടിച്ചുതുടങ്ങി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു ചുള്ളിയോട് പ്രദേശം. ഓഫീസിനുതാഴെ സംഘടിച്ചവര്‍ എനിക്കുനേരേ തെറിവിളി തുടങ്ങി. ബഹളം നിയന്ത്രണംവിടുമെന്ന് അറിയാമെങ്കിലും പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പായതിനാല്‍ ഞാന്‍ ഓഫീസില്‍ത്തന്നെ ഇരുന്നു. ഞങ്ങള്‍ 25-ഓളം പേരുണ്ടായിരുന്നു. സമയം രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിട്ടുണ്ടാവും. ഇതിനിടെ ഞങ്ങളുടെ ഓഫീസിലേക്ക് ചിലര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചു. താഴത്തെ ഹോട്ടലിനുള്ളിലെ കോണിപ്പടി കയറിയിട്ടുവേണം മുകളിലത്തെ ഓഫീസിലെത്താന്‍. കോണിപ്പടിക്കടുത്തുവെച്ച് ഒരു വെടിയൊച്ച കേട്ടു. ഞങ്ങളില്‍ ഒരാളുടെ കഥ കഴിഞ്ഞുവെന്ന് ഞാന്‍ ഉറപ്പിച്ചു. കാരണം ഓഫീസിലിരിക്കുന്ന ഞങ്ങളുടെ കൈവശം തോക്കോ ആയുധമോ ഇല്ല. ഇനി രക്ഷയില്ല.

പോലീസ് സംഘം എത്തും മുമ്പേ അവര്‍ ഞങ്ങളെ വകവരുത്തുമെന്ന് ഉറപ്പിച്ചു. അപ്പോഴാണ് താഴെനിന്ന് ആരോ ഇങ്ങനെ അലറിവിളിക്കുന്നത് കേട്ടത്: ''എവിടേക്കാടാ ഓടുന്നത്. എം.എല്‍.എ.ക്കാണ് വെടികൊണ്ടത്''. ഞങ്ങളുടെ ഭാഗത്തുനിന്നാണ് വെടിവെച്ചതെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. റിസര്‍വ് പോലീസിനെയും കൂട്ടി നേരത്തേപോയ പോലീസുകാര്‍ തിരിച്ചെത്തുന്നതുവരെ തീതിന്നുകൊണ്ടാണ് അവിടെ കഴിച്ചുകൂട്ടിയത്. അപ്പോഴേക്കും ഓഫീസിനുനേരെ ആക്രമണം തുടങ്ങിയിരുന്നു. ഇനി ആര്യാടനെ കൊന്നേ ഇവിടുന്ന് മടങ്ങൂ എന്നവര്‍ അലറിവിളിച്ചു. മണ്ണെണ്ണയൊഴിച്ച് ഓഫീസ് കത്തിക്കാന്‍ ശ്രമിച്ചു. കനത്തമഴ കാരണം അത് നടന്നില്ല. ഇതിനിടെ പോലീസ് സംഘം എത്തി.

? വധക്കേസില്‍ ഒന്നാംപ്രതി താങ്കളാണല്ലോ. വെടിയേറ്റ കുഞ്ഞാലി എം.എല്‍.എ. നല്‍കിയ മരണമൊഴിയില്‍ താങ്കളാണ് വെടിവെച്ചതെന്ന് പറഞ്ഞിട്ടുമുണ്ട്...

അന്ന് എന്നോടൊപ്പം ഓഫീസിലുണ്ടായിരുന്ന ആരുടെ കൈയിലും തോക്കോ ആയുധങ്ങളോ ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാരുമായി പൊരുതിനിന്ന ആളെന്ന നിലയില്‍ ഞാനായിരുന്നു അവരുടെ നോട്ടപ്പുള്ളി. അതുകൊണ്ട് എന്നെ കേസിലെ ഒന്നാംപ്രതിയാക്കി. സംഭവസ്ഥലത്തുവെച്ചുതന്നെ ഞങ്ങള്‍ 25 പേരെ പോലീസ് അറസ്റ്റു ചെയ്തുകൊണ്ടുപോയി കോഴിക്കോട് ജയിലിലടച്ചു. പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ഞങ്ങളുടെ ഓഫീസില്‍ എത്തിയ കെട്ടിട ഉടമയും ഒരു അധ്യാപകനും അങ്ങനെ ഞങ്ങളോടൊപ്പം കേസില്‍ പ്രതികളായി.

കൊന്നത് ഗോപാലന്‍

? താങ്കള്‍ അല്ലെങ്കില്‍പ്പിന്നെ ആരാണ് കുഞ്ഞാലിയെ വെടിവെച്ചത്

ചുള്ളിയോട് അന്ന് രാവിലെമുതല്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. ഞാന്‍ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ പുറത്ത് ഞങ്ങളുടെയും പ്രവര്‍ത്തകര്‍ സംഘടിച്ചുതുടങ്ങി. ഇതില്‍ ഒരുസംഘം ഓഫീസിനുതാഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നില്‍പ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാന്‍ കോണിപ്പടിയില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്. തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോള്‍ ഞാന്‍ അറിയുന്നില്ല. ചുള്ളിയോട്ടെ പത്തായത്തിങ്കല്‍ ഗോപാലന്‍ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്.

? ഗോപാലന് കുഞ്ഞാലിയോട് എന്തെങ്കിലും പ്രത്യേകവിരോധം ഉണ്ടായിരുന്നോ

ഗോപാലന്‍ അന്ന് ഞങ്ങളുടെ പ്രവര്‍ത്തകനായിരുന്നില്ല. അനുഭാവി മാത്രമായിരുന്നു. എസ്റ്റേറ്റിലെ ട്രാക്ടര്‍ ഡ്രൈവറായ ഗോപാലനും കുഞ്ഞാലിയും തമ്മില്‍ ഒരിക്കല്‍ റോഡില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ട്രാക്ടര്‍ ഓടിച്ചുപോവുമ്പോള്‍ കുഞ്ഞാലിയുടെ ജീപ്പില്‍ തട്ടിയെന്നതിന്റെ പേരില്‍ ജീപ്പില്‍നിന്നിറങ്ങിയ കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്ത്തി. ഇത് നാട്ടുകാരെല്ലാം കണ്ട സംഭവമാണ്. ഈ വിരോധം ഗോപാലന്റെ മനസ്സിലുണ്ട്. വെടിവെച്ച ഉടനെ ഗോപാലനും സംഘവും കെട്ടിടത്തിനുപിറകിലെ വയലിലൂടെ ഓടിരക്ഷപ്പെട്ടു. ഇതാണ് സത്യത്തില്‍ സംഭവിച്ചത്.

ജയിലിലടച്ച പ്രതികളായ ഞങ്ങള്‍ 25 പേരില്‍ ഞാനൊഴികെ എല്ലാവര്‍ക്കും ജാമ്യം കിട്ടി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലായിരുന്നു കേസിന്റെ വിചാരണ. വിചാരണവേളയില്‍ എല്ലാദിവസവും കോടതിയില്‍ വാദംകേള്‍ക്കാന്‍ ഗോപാലന്‍ മുന്നില്‍വന്നിരിക്കുമായിരുന്നു. ഗോപാലനാണ് വെടിവെച്ചതെന്ന് അന്ന് എനിക്കറിയുമായിരുന്നില്ല. ഒരു കോണ്‍ഗ്രസ് അനുഭാവി എന്നനിലയില്‍ വിചാരണ കേള്‍ക്കാന്‍ വരുന്നു എന്നേ ഞാന്‍ കരുതിയുള്ളൂ. അന്നൊക്കെ ഗോപാലന്‍ വളരെ അനുകമ്പയോടെയാണ് എന്നെ നോക്കിയിരുന്നത്. നേതാവായ എന്നോടുള്ള സഹാനുഭൂതി കാരണമാവാം ഈ അനുകമ്പയെന്നേ അന്ന് ധരിച്ചിരുന്നുള്ളൂ.

? ജയിലില്‍വെച്ച് താങ്കള്‍ ഡി.സി.സി. പ്രസിഡന്റായി.

കുഞ്ഞാലിവധക്കേസ് വിചാരണ നടക്കുന്നവേളയിലാണ് മലപ്പുറം ജില്ല രൂപംകൊള്ളുന്നത്. അതുവരെ കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു മലപ്പുറം. അന്ന് കെ. ഗോപാലന്‍ പ്രസിഡന്റായ കോഴിക്കോട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഞാന്‍ ജനറല്‍സെക്രട്ടറിയായിരുന്നു. മലപ്പുറം ജില്ല നിലവില്‍വന്നതോടെ ആദ്യത്തെ ഡി.സി.സി.പ്രസിഡന്റായി എന്നെ തിരഞ്ഞെടുത്തു. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആ ചുമതല ഏറ്റെടുത്തത്. വിചാരണ കേള്‍ക്കാന്‍ അന്നത്തെ കെ.പി.സി.സി.പ്രസിഡന്റ് കെ.കെ. വിശ്വനാഥനും കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് കെ. കരുണാകരനും കോഴിക്കോട് കോടതിയില്‍ എത്തി. പ്രോസിക്യൂഷനുവേണ്ടി കെ. കുഞ്ഞിരാമക്കുറുപ്പാണ് കേസ് വാദിക്കുന്നത്. എനിക്കുവേണ്ടി ക്രിമിനല്‍ അഭിഭാഷകന്‍ പി.വി. അയ്യപ്പനും മറ്റ് പ്രതികള്‍ക്കുവേണ്ടി എം. രത്‌നസിങ്ങും ഹാജരായി.

ഇതിനിടെ കുഞ്ഞാലിയുടെ മരണത്തെത്തുടര്‍ന്ന് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നോട് മത്സരിക്കണമെന്ന് കെ.കെ. വിശ്വനാഥനും കെ. കരുണാകരനും ജയിലിലെത്തി ആവശ്യപ്പെട്ടു. ഒപ്പിട്ടുനല്‍കാന്‍ നാമനിര്‍ദേശപത്രികയുമായാണ് അവര്‍ വന്നത്. അതുവേണ്ട എന്ന് ഞാന്‍ അവരോടുപറഞ്ഞു. ഇപ്പോള്‍ ഞാന്‍ മത്സരിക്കുന്നത് കേസിന് എതിരായിത്തീരുമെന്ന് ഞാന്‍ പറഞ്ഞു. കുഞ്ഞാലിയെ വെടിവെച്ച് കൊന്നത് എനിക്ക് അവിടെ മത്സരിച്ച് എം. എല്‍.എ. ആവാന്‍ വേണ്ടിയാണെന്ന് എതിര്‍ഭാഗം വാദിക്കും. അത് ഒഴിവാക്കുന്നതാണ് നല്ലതെന്ന എന്റെ അഭിപ്രായം അവര്‍ സ്വീകരിച്ചു. അങ്ങനെയാണ് എം.പി. ഗംഗാധരനെ സ്ഥാനാര്‍ഥിയാക്കിയത്. പ്രചാരണത്തിന്റെ അവസാനഘട്ടമായപ്പോള്‍ എന്നെ കോടതി വെറുതേവിട്ടു. ഒമ്പതുമാസത്തെ ജയില്‍വാസത്തിനുശേഷമായിരുന്നു വിട്ടയച്ചത്. അവസാന മൂന്നുദിവസത്തെ പ്രചാരണത്തിന് ഡി.സി.സി. പ്രസിഡന്റ് എന്നനിലയില്‍ ഞാനും നിലമ്പൂരില്‍ എത്തി. ആ തിരഞ്ഞെടുപ്പില്‍ ഗംഗാധരന്‍ ജയിച്ചു.

? ഒന്നാം പ്രതിയായ താങ്കളെ കോടതി എങ്ങനെയാണ് വെറുതേവിട്ടത്

അക്കാലത്തെ ഏറ്റവും വിവാദമായ കൊലക്കേസായിരുന്നു ഇത്. കോടതിമുറിയില്‍ വിചാരണകേള്‍ക്കാന്‍ പ്രമുഖരായ പലരും എത്തിയിരുന്നു. കുഞ്ഞാലി ഹെഡ്കോണ്‍സ്റ്റബിള്‍ കുഞ്ഞമ്പുനായര്‍ക്ക് നല്‍കിയ മൊഴിയാണ് എനിക്കെതിരായി ഹാജരാക്കിയ ശക്തമായ തെളിവ്. ഞാനാണ് വെടിവെച്ചതെന്നായിരുന്നു മൊഴി. വെടിയേറ്റ ഉടനെ മഞ്ചേരി ആശുപത്രിയിലേക്കാണ് കുഞ്ഞാലിയെ കൊണ്ടുപോയത്. അവിടെയുള്ള ഡോക്ടറോടും കുഞ്ഞാലി ഇത് ആവര്‍ത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റിയപ്പോള്‍ അവിടെവെച്ച് കുഞ്ഞാലിയുടെ മൊഴിയെടുക്കാന്‍ രണ്ടുതവണ കുന്ദമംഗലം മജിസ്ട്രേറ്റ് വന്നെങ്കിലും അബോധാവസ്ഥയിലായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. കേസില്‍ വഴിത്തിരിവായത് മെഡിക്കല്‍കോളേജിലെ ഒരു പ്രമുഖഡോക്ടര്‍ നല്‍കിയ ഉപദേശമാണ്.

എന്റെ അഭിഭാഷകന്‍ പി.വി. അയ്യപ്പന്‍ കേസിന് ഹാജരാവാന്‍ വരുമ്പോള്‍ അന്ന് കോഴിക്കോട് അളകാപുരി ഹോട്ടലിലാണ് താമസിച്ചത്. ഒരു ദിവസം വക്കീലിനെ കാണാന്‍ രാവിലെ ഡോക്ടര്‍ എത്തി. വെടിയേറ്റ കുഞ്ഞാലിക്ക് ശക്തമായ തോതില്‍ മയങ്ങാനുള്ള മരുന്ന് നല്‍കിയിരുന്നതായി ആശുപത്രിയിലെ കേസ് ഷീറ്റില്‍ പറഞ്ഞിട്ടുണ്ട്. ഇത്രയും മരുന്ന് കുത്തിവെച്ചയാള്‍ക്ക് പോലീസിനോ, ഡോക്ടര്‍ക്കോ മൊഴിനല്‍കാന്‍ കഴിയില്ലെന്നായിരുന്നു മെഡിക്കല്‍കോളേജിലെ ഡോക്ടറുടെ വിദഗ്ധോപദേശം. എന്റെ വക്കീലിന്റെ ഈ വാദം കോടതി ശരിവെച്ചു. രാഷ്ട്രീയ എതിരാളിയെന്ന നിലയില്‍ എന്നെ തകര്‍ക്കാനാണ് ഇതുപോലൊരു മൊഴി ഉണ്ടാക്കിയതെന്നായിരുന്നു എന്റെ വക്കീലിന്റെ വാദം. പിന്നെ അറസ്റ്റുചെയ്ത് പോലീസ് കൊണ്ടുപോവുമ്പോള്‍ ഞങ്ങളുടെ ദേഹത്തുനിന്നോ, ഓഫീസില്‍നിന്നോ തോക്ക് കണ്ടെടുക്കാനായിട്ടില്ല. പോലീസില്‍ മുന്‍കൂട്ടി വിവരം അറിയിച്ച് സഹായം തേടിയ ഞങ്ങള്‍ തോക്കുമായി സ്ഥലത്തെത്തിയെന്ന വാദം കോടതി അംഗീകരിച്ചില്ല. അങ്ങനെ 1970 ഏപ്രില്‍ 16-ന് കോടതി മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു.

? കേസില്‍ വെറുതേവിട്ടെങ്കിലും സി.പി.എമ്മിന്റെ കരുത്തനായ നേതാവിനെ കൊലചെയ്ത കേസിലെ പ്രതിയെന്ന നിലയ്ക്ക് പിന്നീട് ഭീഷണി നേരിടേണ്ടിവന്നിട്ടുണ്ടോ...

ഞാനല്ല കുഞ്ഞാലിയെ വെടിവെച്ചതെന്ന് അവര്‍ക്ക് (സി.പി.എമ്മിന്) നന്നായി അറിയാമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഞാനായിരുന്നു അവരുടെ മുഖ്യ എതിരാളി. അതുകൊണ്ട് എന്നെ ഒന്നാംപ്രതിയാക്കി. ജയില്‍മോചിതനായശേഷം ഭീഷണിയോ വധഭീഷണിയോ ഒന്നും ഉണ്ടായിട്ടില്ല.

? ജയില്‍മോചിതനായശേഷം ഗോപാലനെ എപ്പോഴെങ്കിലും നേരിട്ട് കണ്ടിരുന്നോ

ജയില്‍ മോചിതനായി ഞാന്‍ വരുമ്പോഴേക്കും ഗോപാലന്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിക്കഴിഞ്ഞു. ഗോപാലനാണ് അന്ന് വെടിവെച്ചതെന്ന് അപ്പോഴേക്കും പരക്കെ സംസാരമായിട്ടുണ്ട്. പല പരിപാടികളിലും വെച്ച് ഗോപാലനെ കണ്ടിരുന്നു. ഇക്കാര്യങ്ങളൊന്നും വിശദമായി സംസാരിക്കാന്‍ സാധിച്ചില്ല. ഇതിനിടെ ഗോപാലന്‍ ഒരുദിവസം രാത്രി സിനിമ കണ്ട് മടങ്ങി നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കിടന്നുറങ്ങി. രാത്രി വൈകി മൂത്രമൊഴിക്കാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോള്‍ അക്രമികള്‍ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. മഞ്ചേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപാലനെ കാണാന്‍ ചെന്നപ്പോള്‍ സംസാരിക്കാവുന്ന നിലയിലായിരുന്നെങ്കിലും ഗോപാലന്റെ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലായി. മജിസ്ട്രേറ്റിനെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞു.

ഞാന്‍ ഗോപാലനെ കണ്ട് സംസാരിച്ചു. ആരാണ് ഇത് ചെയ്തതെന്ന് വല്ല സൂചനയും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍, അന്നത്തെ സി.പി.എം. ജില്ലാസെക്രട്ടറി ഇ.കെ. ഇമ്പിച്ചിബാവയും ഏരിയാസെക്രട്ടറി മാധവന്‍നായരുമാണ് കുത്തിയതെന്ന് മൊഴിനല്‍കാമെന്ന് ഗോപാലന്‍ പറഞ്ഞു. ''ഇവരെ നീ കണ്ടോ ഗോപാലാ'' എന്ന് ഞാന്‍ ചോദിച്ചു. ''കുഞ്ഞാലിയെ ഞാന്‍ വെടിവെച്ചതിന് നിങ്ങളല്ലേ ജയിലില്‍ കിടന്നത്. ഇനി കുറച്ചുകാലം അവരും ജയിലില്‍ കിടക്കട്ടെ'' -എന്ന് ഗോപാലന്‍ പറഞ്ഞു. ''അങ്ങനെ വാശി തീര്‍ക്കരുത്, സത്യം മാത്രമേ പറയാവൂ, ഇമ്പിച്ചിബാവയ്ക്കും മാധവന്‍നായര്‍ക്കും ഇതില്‍ പങ്കില്ലെങ്കില്‍ അവരുടെ പേര് പറയരുത്. സംഭവിച്ച കാര്യം മാത്രമേ പറയാവൂ'' -എന്ന് ഞാന്‍ പറഞ്ഞു. ''താനല്ലെടാ കുഞ്ഞാലിയെ കൊന്നത്'' -എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അവര്‍ കുത്തിയതെന്ന് ഗോപാലന്‍ ഓര്‍ത്തെടുത്തു. ഓര്‍മയുള്ള കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്ന് ഞാനും പറഞ്ഞു. പിന്നാലെ മജിസ്ട്രേറ്റ് എത്തി മൊഴിയെടുത്തു. ''കുഞ്ഞാലിയെ കൊന്നത് താനല്ലെടാ'' എന്ന് ആക്രോശിച്ചുള്ള ആക്രമണം മജിസ്ട്രേറ്റിനോട് പറഞ്ഞു. കുഞ്ഞാലിവധക്കേസിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ഗോപാലന്റെ ഈ മരണമൊഴി കോടതി ഗൗരവമായി പരിഗണിച്ചു. ഹൈക്കോടതിയില്‍ കേസ് തള്ളുന്നതിന് പ്രധാനകാരണമായത് ഗോപാലന്റെ മരണമൊഴിയാണ്. കുത്തേറ്റ് ചികിത്സയിലായിരുന്ന ഗോപാലന്‍ 1971 ഫെബ്രുവരി 13-ന് മരിച്ചു.

? താങ്കള്‍ എഴുതുന്ന ആത്മകഥയില്‍ ഇക്കാര്യങ്ങളൊക്കെ പരാമര്‍ശിക്കുന്നുണ്ടോ

തീര്‍ച്ചയായും ഇതൊക്കെ അതില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. കുഞ്ഞാലിവധം ഉള്‍പ്പെടുന്ന ഭാഗമാണ് ഇപ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്. ഒരര്‍ഥത്തില്‍ രാഷ്ട്രീയത്തില്‍ എനിക്ക് എന്തും നേരിടാനുള്ള കരുത്തുപകര്‍ന്നത് ഈ കേസാണ്.

? കുഞ്ഞാലിയുടെ കുടുംബവുമായി പിന്നെ കണ്ടിട്ടുണ്ടോ...

നാടകകൃത്ത് കെ.ടി. മുഹമ്മദിന്റെ സഹോദരിയാണ് കുഞ്ഞാലിയുടെ ഭാര്യ. മുഹമ്മദുമായി നല്ല ബന്ധമായിരുന്നു. പലപ്പോഴും എന്നെ കാണാന്‍ വരാറുണ്ട്. 1980-ല്‍ ഞാന്‍ നിലമ്പൂരില്‍ മത്സരിച്ചപ്പോള്‍ എന്റെ പ്രചാരണത്തിന് വന്നിട്ടുണ്ട്. ഒരു രാഷ്ട്രീയക്കേസ് എന്നതിനപ്പുറം എനിക്ക് ആ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുള്ളതായി അവരാരും വിശ്വസിച്ചിരുന്നില്ല.

? ആറുപതിറ്റാണ്ടിലേറേ ദൈര്‍ഘ്യമുള്ള പൊതുപ്രവര്‍ത്തനത്തിനിടയില്‍ താങ്കള്‍ നേരിട്ട ഏറ്റവും വലിയ പരീക്ഷണം ഏതാണ്...

തീര്‍ച്ചയായും കുഞ്ഞാലിവധക്കേസ് തന്നെയാണ് രാഷ്ട്രീയജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പരീക്ഷണം.

കുഞ്ഞാലി: തൊഴിലാളികളുടെ പ്രിയങ്കരന്‍

ഭൂപ്രമാണിമാര്‍ക്കും ചൂഷകര്‍ക്കുമെതിരേ ഏറനാടുമേഖലയില്‍ പട്ടിണിപ്പാവങ്ങള്‍ നടത്തിയ പോരാട്ടങ്ങളിലെല്ലാം സഖാവ് കുഞ്ഞാലിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. അവകാശസമരങ്ങളില്‍ നെഞ്ചുവിരിച്ച് മുന്നേറിയ കുഞ്ഞാലിയുടെ നേതൃത്വത്തിലാണ് ഏറനാടിന്റെ മണ്ണിലും മനസ്സിലും കമ്യൂണിസത്തിന്റെ വിത്ത് വിതച്ചത്. ഇത്തിള്‍വില്‍പ്പനക്കാരിയായ അമ്പലന്‍ ആയിഷുമ്മയുടെ മകനായി ജനിച്ച കുഞ്ഞാലി ചെറുപ്പം മുതല്‍ പൊതുകാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങി. ഹൈസ്‌കൂള്‍പഠനത്തിനുശേഷം സൈന്യത്തില്‍ ചേര്‍ന്നു. വ്യോമസേനയിലെ മൂന്നുവര്‍ഷത്തെ സേവനത്തിനുശേഷം കുഞ്ഞാലിയെ പുറത്താക്കി. നാട്ടില്‍ തിരിച്ചെത്തിയ കുഞ്ഞാലി സൈനികജീവിതത്തില്‍നിന്ന് വിരമിച്ചവരുടെ കൂട്ടായ്മയ്ക്ക് തുടക്കമിട്ട് പൊതുപ്രവര്‍ത്തനം ആരംഭിച്ചു. മഞ്ചേരിയില്‍ നടന്ന വിരമിച്ച സൈനികരുടെ സമ്മേളനം വന്‍വിജയമായി. കൊണ്ടോട്ടി വില്ലേജ് കമ്മിറ്റി അംഗമായി കുഞ്ഞാലി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി.

തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി ഭൂവുടമകള്‍ക്കെതിരേ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രക്ഷോഭങ്ങളും സമരങ്ങളും കുഞ്ഞാലിയെ ജനപ്രിയനാക്കി. ഇതിനിടെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി കുറച്ചുകാലം മൈസൂരുവില്‍ പ്രവര്‍ത്തിച്ചു. 1964-ല്‍ കാളികാവ് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി കുഞ്ഞാലിയെ തിരഞ്ഞെടുത്തു. ഇതിനിടെ പല കേസുകളിലായി കുഞ്ഞാലി ജയില്‍വാസമനുഷ്ഠിച്ചു. 1965-ലും '67-ലും നിലമ്പൂരില്‍നിന്ന് മത്സരിച്ച് നിയമസഭാംഗമായി. ആര്യാടന്‍മുഹമ്മദായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 1969 ജൂലായ് 26-ന് അര്‍ധരാത്രി ചുള്ളിയോട്ടുവെച്ച് വെടിയേറ്റ ആ ധീരനേതാവ് രക്തസാക്ഷിയായി.

25 പ്രതികള്‍

കെ. കുഞ്ഞാലി എം.എല്‍.എ.യെ വെടിവെച്ച സംഭവത്തില്‍ അന്നത്തെ മലപ്പുറം ഡി.സി.സി.പ്രസിഡന്റായിരുന്ന ആര്യാടന്‍മുഹമ്മദ് ആയിരുന്നു ഒന്നാംപ്രതി. കൈനാറിപ്പുറം ചന്ദ്രന്‍, മാട്ടുമ്മല്‍ മുഹമ്മദ്, ചേലേക്കാട്ട് അബ്ദുല്‍സലാം, പൈക്കാടന്‍ അബു, പാലയ്ക്കത്തൊടി അവറാന്‍കുട്ടി, കൊടിയാടന്‍ ഗോവിന്ദന്‍, കല്ലംകുന്നന്‍ മൊയ്തു, തെയ്യംവീട്ടില്‍ വേലായുധന്‍ ചെട്ട്യാര്‍, ടി. മുഹമ്മദ്, പെരുമ്പള്ളി ഹംസ, വടക്കെത്തൊടി യൂസഫ്, വടക്കത്ത് തങ്കമണി, എല്‍.കെ. അബു, എന്‍.കെ. യൂസഫ്, പുലിക്കോട്ട് കുമാരന്‍, നീലമ്പ്ര മുഹമ്മദ്, കളത്തിങ്കല്‍ത്തൊടി അബ്ദു, വഴുതിനങ്ങാപറമ്പന്‍ ഗോപാലന്‍, ചുരപ്പിലാന്‍മുഹമ്മദ്, പാലക്കല്‍ സെയ്തലവി, കെ. മുഹമ്മദ്, നെടുമ്പള്ളി അയ്യപ്പന്‍, പാലേരിക്കണ്ടിയില്‍ കമ്മു, പുലിക്കോട്ടില്‍ കുമാരന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇതില്‍ നാലാം പ്രതി ചേലേക്കാട്ട് അബ്ദുള്‍സലാം ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോയി. മറ്റ് 24 പേരെയും കോടതി വെറുതേവിട്ടു.

Content Highlights: aryadan muhammed interview k kunjali murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented