മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയും വിവാഹ നിശ്ചയ ചടങ്ങുകൾക്കിടെ | ഫോട്ടോ: പ്രവീൺ ദാസ് എം
തിരുവനന്തപുരം: ബാലുശേരി എം.എല്‍.എ കെഎം സച്ചിന് ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ നടന്നു. അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്
.jpg?$p=502b668&&q=0.8)
ലളിതമായ ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും.

സച്ചിന് എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. ബാലസംഘം എസ്.എഫ്.ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള് സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതും വിജയിച്ചതും. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.
ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച സച്ചന് ബാലുശ്ശേരിയില്‍ നിന്ന് മികച്ച വിജയം നേടി നിയമസഭയിലെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ സച്ചിന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാനായിരുന്നു. നിയമബിരുദധാരിയാണ്. ബാലുശ്ശേരിയില്‍ സച്ചിന്‍ദേവ് മല്‍സരിച്ചപ്പോള്‍ താരപ്രചാരകയായി ആര്യ രാജേന്ദ്രന് എത്തിയിരുന്നു. 15ാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന് ദേവ്.
Content Highlights: Arya Rajendran Sachin Dev MLA engagement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..